ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് മേൽ വില്ലനായി മഴ; എജ്ബാസ്റ്റണില്‍ അഞ്ചാംദിനം കളി വൈകുന്നു
text_fieldsബിർമിങ്ഹാം: രണ്ടാം ടെസ്റ്റ് വിജയത്തിലൂടെ പരമ്പര തിരിച്ചുപിടിക്കാമെന്ന ഇന്ത്യൻ മോഹങ്ങൾക്ക് വില്ലനായി മഴയെത്തി. എജ്ബാസ്റ്റണിലെ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റിന്റെ അഞ്ചാം ദിന മത്സരം മഴമൂലം തുടങ്ങാനായില്ല.
വെള്ളം നിറഞ്ഞ മൈതാനം ഉണക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ആകാശത്ത് കാർമേഘം മൂടിയതിനാൽ ഏത് സമയവും മഴയെത്താമെന്ന അവസ്ഥയിലാണ്. മഴ എത്രനേരം കളിമുടക്കുന്നുവോ അത്രയും ഇന്ത്യയുടെ ജയ സാധ്യത ഇല്ലാതാവും.
എജ്ബാസ്റ്റൺ ഗ്രൗണ്ടിൽ ആദ്യ ടെസ്റ്റ് വിജയമാണ് ഇന്ത്യ സ്വപ്നം കാണുന്നത്. ഏഴു വിക്കറ്റ് കൈയിലിരിക്കെ 536 റൺസ് അകലെയുള്ള ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇംഗ്ലണ്ടിന് ജയം ഏറെകുറേ അസാധ്യമായതിനാൽ സമനില പിടിക്കാനുള്ള ശ്രമമാകും നടത്തുക. മൂന്ന് വിക്കറ്റിന് 72 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.
നേരത്തെ, ഒന്നാം ഇന്നിങ്സിൽ ഇരട്ട ശതകം നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയുമായി മുന്നിൽനിന്ന് നയിച്ചതോടെയാണ് ഇന്ത്യ പടുകൂറ്റൻ ലീഡിൽ എത്തിയത്. നാലാം നാൾ തകർത്തടിച്ച ഇന്ത്യ അതിവേഗം റൺസ് വാരിക്കൂട്ടി ആറു വിക്കറ്റിന് 427 റൺസ് എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തതോടെ ഇംഗ്ലണ്ടിന് മുന്നിൽ 608 റൺസ് എന്ന റൺമലയാണുള്ളത്. നാലാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് 72 റൺസ് എന്ന നിലയിലാണ്. ഹാരി ബ്രൂക്കും (15) ഓലി പോപുമാണ് (24) ക്രീസിൽ.
ഇന്ത്യൻ ഇന്നിങ്സിൽ ഇരട്ട ശതകക്കാരൻ ഗിൽ ഒരിക്കലൂടെ കൊടുങ്കാറ്റ് തീർത്ത് 161 റൺസെടുത്ത് മടങ്ങി. കെ.എൽ രാഹുലും (55) ഋഷഭ് പന്തും (65) അർധ ശതകങ്ങൾ നേടി. അഞ്ചാം നാൾ വലിയ വിജയ ലക്ഷ്യം മറികടക്കുക ഇംഗ്ലണ്ടിനെ സംബന്ധിച്ച് സാഹസികമാണെന്നതിനാൽ സമനിലക്ക് വേണ്ടിയായിരിക്കും ആതിഥേയർ ശ്രമിക്കുക. ആദ്യ ടെസ്റ്റ് ജയിച്ച് അഞ്ച് മത്സര പരമ്പരയിൽ മുന്നിലാണിവർ. ഇന്നലെ ഒരു വിക്കറ്റിന് 64 റൺസിലാണ് സന്ദർശകർ രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ചത്.
വ്യക്തിഗത സ്കോർ 26ൽ നിൽക്കെ കരുൺ വീണു. ബ്രൈഡൻ കാർസെയുടെ പന്തിൽ വിക്കറ്റ് കീപ്പർ ജാമി സ്മിത്ത് ക്യാച്ചെടുക്കുമ്പോൾ സ്കോർ ബോർഡിൽ 96. അർധ ശതകം പിന്നിട്ട രാഹുലിനെ (55) ടങ് ബൗൾഡാക്കി. 126ൽ മൂന്നാം വിക്കറ്റ് വീണെങ്കിലും ഗില്ലും ഋഷഭ് പന്തും സംഗമിച്ചതോടെ ഇന്ത്യ മുന്നോട്ട്. ഋഷഭ് എട്ട് ഫോറും മൂന്ന് സിക്സുമടക്കം 58 പന്തിൽ 65 റൺസ് ചേർത്തു. ഋഷഭിന് ശേഷമെത്തിയത് ജദേജ. ചായക്ക് തൊട്ടുമുമ്പ് ഗിൽ സെഞ്ച്വറി തികച്ചു. നേരിട്ട 129 പന്തിലായിരുന്നു ഇത്.
ടീ ബ്രേക്ക് കഴിഞ്ഞ് കളി പുനരാരംഭിച്ചപ്പോഴും ഇന്ത്യ തിരിഞ്ഞുനോക്കിയില്ല. ഗില്ലും ജദേജയും ചേർന്ന് ലീഡ് 500 കടത്തി. 13 ഫോറും എട്ട് സിക്സുമടക്കം 162 പന്തിൽ 161 റൺസെടുത്ത ഗില്ലിനെ ഒടുവിൽ ഷുഐബ് സ്വന്തം പന്തിൽ പിടികൂടി. ഒന്നും നഷ്ടപ്പെടാനില്ലാതെ പൊരുതിയ ഇന്ത്യൻ ബാറ്റർമാർ ആറു വിക്കറ്റ് നഷ്ടത്തിൽ 427ൽ നിൽക്കെ എതിരാളികളെ ബാറ്റിങ്ങിന് വിട്ട് കൂടാരം കയറി. മറുപടി ബാറ്റിങ്ങിൽ പക്ഷേ, ഇംഗ്ലണ്ട് തുടക്കത്തിലേ പിഴച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

