ജയ്സ്വാളിന് അർധ സെഞ്ച്വറി, സംപൂജ്യനായി സായ് സുദർശൻ; ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം
text_fieldsഒന്നാം ടെസ്റ്റിൽ ജയ്സ്വാളിന്‍റെ ബാറ്റിങ്
ലീഡ്സ്: ആൻഡേഴ്സൻ - ടെൻഡുൽക്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. 38 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എന്ന നിലയിലാണ് ഇന്ത്യ. അർധ സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളും (66*) ക്യാപ്റ്റൻ ശുഭ്മൻ ഗില്ലുമാണ് (40*) ക്രീസിൽ. ഓപണർ കെ.എൽ. രാഹുൽ 42 റൺസ് നേടി പുറത്തായപ്പോൾ, ഐ.പി.എല്ലിലെ മിന്നും ഫോമിനു പിന്നാലെ ടെസ്റ്റിനെത്തിയ സായ് സുദർശൻ സംപൂജ്യനായി മടങ്ങി.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട്, ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ ജയ്സ്വാളുമൊന്നിച്ച് 91 റൺസിന്‍റെ കൂട്ടുകെട്ട് സൃഷ്ടിച്ചാണ് രാഹുൽ പുറത്തായത്. പിന്നാലെയെത്തിയ സായ് സുദർശനെ നിലയുറപ്പിക്കും മുമ്പ് ഇംഗ്ലിഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, വിക്കറ്റ് കീപ്പർ ജേമി സ്മിത്തിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. നാലാം നമ്പറിലെത്തിയ ക്യാപ്റ്റൻ ഗില്ലിനെ സാക്ഷിയാക്കി ജയ്സ്വാൾ അർധ സെഞ്ച്വറി സ്വന്തമാക്കി.
പ്ലേയിങ് ഇലവൻ
ഇന്ത്യ – യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, ശുഭ്മൻ ഗിൽ, ഋഷഭ് പന്ത്, കരുൺ നായർ, രവീന്ദ്ര ജദേജ, ഷാർദൂൽ ഠാക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ഇംഗ്ലണ്ട് – സാക് ക്രൗലി, ബെൻ ഡക്കറ്റ്, ഒലി പോപ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജേമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൻ കാഴ്സ്, ജോഷ് ടങ്ക്, ശുഐബ് ബഷീർ.
അഹ്മദാബാദ് വിമാനാപകടത്തിന്‍റെ ദുഃഖസൂചകമായി കറുത്ത ആംബാൻഡ് അണിഞ്ഞാണ് ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും താരങ്ങൾ ഇന്ന് മത്സരത്തിനിറങ്ങിയത്. ജൂൺ 12ന് നടന്ന അപകടത്തിൽ എയർ ഇന്ത്യയുടെ ബോയിങ് വിമാനം തകർന്ന് യാത്രക്കാരും ക്രൂവും ഉൾപ്പെടെ 241 പേരാണ് മരിച്ചത്.
അതേസമയം, ബാറ്റിങ് നെടുംതൂണുകളായിരുന്ന വിരാട് കോഹ്ലിയും രോഹിത് ശർമയും സ്പിൻ ഓൾ റൗണ്ടർ അശ്വിനും വിരമിച്ച ശേഷമുള്ള ആദ്യ പരമ്പരക്കാണ് ഇന്ന് തുടക്കമായത്. യുവ നായകൻ ശുഭ്മൻ ഗില്ലിന്റെ പ്രഥമ ദൗത്യവുമാണ് ഇംഗ്ലണ്ടിലേത്. സ്വന്തം മണ്ണിൽ ഇംഗ്ലീഷുകാരെ തോൽപിക്കുക അത്ര എളുപ്പമല്ലെങ്കിലും ആൻഡേഴ്സൺ-ടെണ്ടുൽകർ ട്രോഫിയെന്ന് പേരുമാറിയെത്തിയ പട്ടോഡി ട്രോഫിയില്ലാതെ മടങ്ങുന്നത് പരിശീലകൻ ഗൗതം ഗംഭീറിനും ക്ഷീണമായിരിക്കും. ക്രിക്കറ്റിന്റെ തറവാട്ടുകാരായ ഇംഗ്ലണ്ടുമായി പരമ്പരാഗത ഫോർമാറ്റിൽ പരമ്പര ജയിക്കുക ഇന്ത്യക്ക് ഏറെ അഭിമാനം നൽകുന്ന കാര്യവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

