ത്രില്ലർ പോരിൽ ഇന്ത്യക്ക് ആറ് റൺസിന്‍റെ നാടകീയ വിജയം, പരമ്പര സമനിലയിൽ; സിറാജിന് അഞ്ച് വിക്കറ്റ്
text_fieldsലണ്ടൻ: ആവേശക്കൊടുമുടിയിലെത്തിയ ആൻഡേഴ്സൻ -തെൻഡുൽക്കർ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ അന്തിമ വിജയം ടീം ഇന്ത്യക്ക് സ്വന്തം. 374 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ടിന്‍റെ ഇന്നിങ്സ് 367ൽ അവസാനിച്ചു. നാലാം ദിവസം കൈവിട്ട കളിയാണ് മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ചേർന്ന് ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ആറ് റൺസിനാണ് സന്ദർശകർ ജയം പിടിച്ചത്. ജയത്തോടെ പരമ്പര 2-2ന് സമനിലയിലായി. സ്കോർ: ഇന്ത്യ -224 & 396, ഇംഗ്ലണ്ട് - 247 & 367.
അഞ്ചാം ദിനം നാല് വിക്കറ്റ് കൈവശമിരിക്കെ ജയത്തിന് 35 റൺസ് മാത്രം മതിയെന്ന നിലയിലാണ് ആതിഥേയർ ബാറ്റിങ് പുനരാരംഭിച്ചത്. ആരാധകർ പോലും ജയം അസാധ്യമെന്ന് വിലയിരുത്തിയ മത്സരത്തിൽ അപ്രതീക്ഷിതമായാണ് ഇന്ത്യൻ പോസർമാർ മത്സരം വഴിതിരിച്ചത്. അഞ്ച് വിക്കറ്റ് നേടിയ സിറാജിന് പുറമെ നാല് വിക്കറ്റ് പിഴുത പ്രസിദ്ധ് കൃഷ്ണയും ചേർന്നാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്.
കഴിഞ്ഞ ദിവസം സെഞ്ച്വറികളുമായി നാലാം മത്സരം വരുതിയിൽക്കൊണ്ടുവന്ന ശേഷമാണ് ബ്രൂക്കും റൂട്ടും പുറത്തായത്. വെടിക്കെട്ട് ബാറ്റിങ് നടത്തിയ ബ്രൂക് 98 പന്തിൽ 111 റൺസടിച്ചു. റൂട്ട് 105 റൺസും നേടി. അഞ്ചാംദിനം ജേമി സ്മിത്തിനെ (2) വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിന്‍റെ കൈകളിലെത്തിച്ച് സിറാജാണ് ഇംഗ്ലിഷ് പടയുടെ വാലറ്റത്തെ പൂട്ടാനുള്ള ഉദ്യമത്തിന് തുടക്കം കുറിച്ചത്. ജേമി ഓവർടണിനെ (9) സിറാജ് തന്നെ വിക്കറ്റിനു മുന്നിൽ കുരുക്കി. 12 പന്തുകൾ നേരിട്ട ജോഷ് ടങ്ങിനെ അക്കൗണ്ട് തുറക്കാൻ അനുവദിക്കാതെ പ്രസിദ്ധ് കൃഷ്ണ ബൗൾഡാക്കി. ഇതോടെ സ്കോർ ഒമ്പതിന് 357.
ജോഷ് ടങ് പുറത്തായതോടെ പരിക്കേറ്റ ഇംഗ്ലിഷ് പേസർ ക്രിസ് വോക്സ് ബാറ്റിങ്ങിനിറങ്ങാൻ നിർബന്ധിതനായി. ഒറ്റക്കൈയിൽ ബാറ്റുചെയ്യാനിറങ്ങിയ വോക്സിനെ ഒരറ്റത്ത് നിർത്തി ശേഷിക്കുന്ന റൺസ് അടിച്ചെടുക്കുക എന്ന ഉത്തരവാദിത്തം ഗസ് അറ്റ്കിൻസനിൽ വന്നുചേർന്നു. ഇടക്ക് സിറാജിനെ സിക്സറിന് പറത്തി ജയസാധ്യത സജീവമായി നിലനിർത്തിയെങ്കിലും രണ്ടോവർ മാത്രമേ പിന്നീട് പിടിച്ചു നിൽക്കാൻ അറ്റ്കിൻസനായുള്ളൂ. 29 പന്തിൽ 17 റൺസ് നേടിയ താരത്തെ ക്ലീൻ ബൗൾഡാക്കിയ സിറാജ് ഇന്ത്യൻ വിജയം ഉറപ്പാക്കി.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 396 റൺസെടുത്ത് ഓൾഔട്ടായിരുന്നു. സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. 164 പന്തുകൾ നേരിട്ട ജയ്സ്വാൾ രണ്ടു സിക്സുകളും 14 ഫോറുകളും ഉൾപ്പടെ 118 റൺസെടുത്തു. വാഷിങ്ടന്‍ സുന്ദർ (46 പന്തിൽ 53), ആകാശ്ദീപ് (94 പന്തിൽ 66), രവീന്ദ്ര ജദേജ (77 പന്തിൽ 53) എന്നിവർ അര്‍ധ സെഞ്ച്വറികൾ നേടി. മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 23 റൺസിന്റെ ലീഡ് നേടിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യ 69.4 ഓവറിൽ 224 റൺസെടുത്തു പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 51.2 ഓവറിൽ 247 റൺസടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

