രാഹുൽ വീണു, ജയ്സ്വാളിന് അർധ സെഞ്ച്വറി; നാലാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം
text_fieldsമാഞ്ചസ്റ്റർ: ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. ഓപണർ കെ.എൽ. രാഹുൽ (46) അർധ സെഞ്ച്വറിക്കരികെ വീണെങ്കിലും, സഹതാരം യശസ്വി ജയ്സ്വാളിനൊപ്പം ഒന്നാം വിക്കറ്റിൽ 94 റൺസ് കൂട്ടിച്ചേർക്കാനായി. ക്രിസ് വോക്സിന്‍റെ പന്തിൽ സാക്ക് ക്രൗലിക്ക് ക്യാച്ച് സമ്മാനിച്ചാണ് രാഹുൽ കൂടാരം കയറിയത്. 98 പന്തിൽ നാല് ബൗണ്ടറികൾ ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. 35 ഓവർ പിന്നിടുമ്പോൾ ഒരുവിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിലാണ് ഇന്ത്യ. അർധ ശതകം പിന്നിട്ട യശസ്വി ജയ്സ്വാളിന് കൂട്ടായി സായ് സുദർശനാണ് ക്രീസിലുള്ളത്.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട്, ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അപ്രതീക്ഷിത ബൗൺസുകളിലൂടെ ഇന്ത്യൻ ബാറ്റർമാരെ ഞെട്ടിക്കാമെന്ന് കണക്കുകൂട്ടിയ ഇംഗ്ലിഷ് ബൗളർമാർക്കു മുന്നിൽ മികച്ച ചെറുത്തുനിൽപ്പാണ് ഓപണർമാർ കാഴ്ചവെച്ചത്. വിക്കറ്റു നഷ്ടപ്പെടാതെ പതിയെ കളിച്ച ബാറ്റർമാർ ബൗളർമാരെ കുഴക്കി. രാഹുൽ പുറത്തായതിനു പിന്നാലെയെത്തിയ സായ് സുദർശനെ സാക്ഷിയാക്കിയാണ് യശസ്വി അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. 96 പന്തിൽ ഫിഫ്റ്റി തികച്ച താരത്തിന്‍റെ ബാറ്റിൽനിന്ന് ഒമ്പത് ഫോറും ഒരു സിക്സറുമാണ് ഇതുവരെ പിറന്നത്.
അതേസമയം പരമ്പരയില്‍ തുടര്‍ച്ചയായ നാലാം തവണയാണ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് ടോസ് നഷ്ടമാകുന്നത്. കഴിഞ്ഞ മത്സരത്തിൽനിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. മലയാളി താരം കരുണ്‍ നായര്‍ക്ക് പകരം സായ് സുദര്‍ശനും പരിക്കേറ്റ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ശാര്‍ദുല്‍ ഠാക്കൂറും ആകാശ്ദീപിന് പകരം അന്‍ഷുല്‍ കാംബോജും അവസാന ഇലവനിലെത്തി. ഇംഗ്ലണ്ട് പ്ലേയിങ് ഇലവനെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ സ്പിന്നർ ശുഐബ് ബഷീറിനു പകരം ലിയാം ഡോസൺ പ്ലേയിങ് ഇലവനിലുണ്ട്. ടീമിൽ മറ്റു മാറ്റങ്ങളില്ല.
വിരലിന് പരിക്കേറ്റ ഋഷഭ് പന്ത് ഇന്ത്യൻ ഇലവനിലുണ്ട്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും പേസ് ആക്രമണത്തിന് നേതൃത്വം നല്‍കും. ജോലിഭാരം പരിഗണിച്ച് ബുംറക്ക് നാലാം ടെസ്റ്റില്‍ വിശ്രമം നല്‍കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും ആകാശിനും അര്‍ഷ്ദീപിനും പരിക്കേറ്റതോടെ താരത്തെ കളിപ്പിക്കുകയായിരുന്നു. പരമ്പരയിൽ 1-2ന് പിന്നിലുള്ള ഇന്ത്യക്ക് തിരിച്ചുവരാൻ ഈ മത്സരത്തിൽ ജയം അനിവാര്യമാണ്. എന്നാൽ മാഞ്ചെസ്റ്ററില്‍ ഇതുവരെ ഇന്ത്യ ടെസ്റ്റ് ജയിച്ചിട്ടില്ലെന്നത് സമ്മർദമേറ്റും.
- ഇന്ത്യ പ്ലേയിങ് ഇലവൻ: യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത്, രവീന്ദ്ര ജദേജ, വാഷിങ്ടൻ സുന്ദർ, ശാർദൂൽ ഠാക്കൂർ, അൻഷുൽ കാംബോജ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര.
- ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ: സാക് ക്രൗലി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജെയ്മി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൻ കാഴ്സ്, ജോഫ്ര ആർച്ചർ, ലിയാം ഡോസൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

