ആകാശും കളിക്കില്ല; ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ഇന്ന് മുതൽ ഓൾഡ് ട്രാഫോർഡിൽ
text_fieldsഇന്ത്യൻ താരങ്ങൾ പരിശീലനത്തിനിടെ
മാഞ്ചസ്റ്റർ: പരമ്പരയിലെ ആദ്യ മൂന്നിൽ രണ്ട് ടെസ്റ്റുകളിലും തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ താരങ്ങൾ പലരും പരിക്കിന്റെ പിടിയിലുമായതോടെ ഇംഗ്ലണ്ടിനെതിരായ നാലാം മത്സരത്തിന് ബുധനാഴ്ച ഇറങ്ങുന്ന ഇന്ത്യൻ ടീം ആശങ്കയുടെയും സമ്മർദത്തിന്റെയും മുൾമുനയിൽ. 2-1ന് മുന്നിലുള്ള ആതിഥേയർക്ക് അഞ്ച് മത്സര പരമ്പര സ്വന്തമാക്കാൻ ഒറ്റ ജയം മതി.
ശുഭ്മൻ ഗില്ലിനും സംഘത്തിനും ഓൾഡ് ട്രാഫോർഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന നാലാം മത്സരത്തിലൂടെ ഒപ്പമെത്തിയിട്ട് വേണം അടുത്ത ടെസ്റ്റ് ജയിക്കാനും പരമ്പര കൈപ്പിടിയിലൊതുക്കാനും. ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡി, പേസർമാരായ അർഷ്ദീപ് സിങ്, ആകാശ് ദീപ് എന്നിവരാണ് പരിക്കിന്റെ പിടിയിലുള്ളത്. മൂന്നുപേരും കളിക്കില്ലെന്ന് ഉറപ്പാണ്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹം ഫിറ്റ്നസ് വീണ്ടെടുത്തത് ആശ്വാസമായി.
പേസ് ബൗളിങ് ഓൾ റൗണ്ടറായ നിതീഷ് പരമ്പരയിൽനിന്ന് തന്നെ പുറത്തായിട്ടുണ്ട്. അർഷ്ദീപിന് പുറമെ ആകാശിനും നാലാം ടെസ്റ്റിൽ കളിക്കാനാവില്ലെന്ന് ഗിൽ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ സുപ്രധാന മാറ്റങ്ങൾ പ്രതീക്ഷിക്കാം. മൂന്ന് ടെസ്റ്റുകളിൽ മാത്രം കളിപ്പിക്കാൻ തീരുമാനിച്ച പേസർ ജസ്പ്രീത് ബുംറ ഇന്ന് ഇറങ്ങും. രണ്ടാം ടെസ്റ്റിൽ ബുംറക്ക് വിശ്രമം അനുവദിച്ചിരുന്നു.
ആകാശിന് പകരമാര് എന്ന ചോദ്യത്തിന് ഉത്തരം രണ്ടാണ്. പുതുമുഖം അൻഷുൽ കംബോജോ പ്രസിദ്ധ് കൃഷ്ണയോ. അൻഷുൽ അരങ്ങേറ്റത്തിന്റെ വക്കിലാണെന്ന് ഗിൽ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ടെസ്റ്റുകളിലും കളിച്ചിട്ടും ഒരു അർധശതകം പോലും നേടാൻ കഴിയാത്ത മലയാളി ബാറ്റർ കരുൺ നായരെ മാറ്റില്ലെന്നാണ് ക്യാപ്റ്റന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. ബാറ്ററായ സായ് സുദർശനാണ് നിതീഷിന് പകരം മുൻഗണനാ ലിസ്റ്റിൽ. രണ്ട് സ്പിൻ ഓൾ റൗണ്ടർമാരും കഴിഞ്ഞ രണ്ട് മത്സരങ്ങൾക്കുണ്ടായിരുന്നു, രവീന്ദ്ര ജദേജയും വാഷിങ്ടൺ സുന്ദറും. മിന്നും ഫോമിലുള്ള ജദേജയുടെ കാര്യത്തിൽ സംശയമില്ല. വാഷിങ്ടണിനെ പിൻവലിച്ചാൽ പേസ് ബൗളിങ് ഓൾ റൗണ്ടറായ ഷാർദുൽ താക്കൂർ ഇറങ്ങും.
സ്പിന്നർ ഷുഐബ് ബഷീറിന്റെ പരിക്കൊഴിച്ചാൽ ബെൻ സ്റ്റോക്സ് നയിക്കുന്ന ഇംഗ്ലീഷ് ക്യാമ്പിൽ പ്രശ്നങ്ങളൊന്നുമില്ല. ഷുഐബിന് പകരം ലിയാം ഡോസൻ കളിക്കും. എട്ട് വർഷത്തിന് ശേഷമാണ് ഡോസൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തുന്നത്. ഇന്ത്യക്കൊപ്പം നിൽക്കാത്ത ചരിത്രമുണ്ട് ഓൾഡ് ട്രോഫോർഡിന്. ഒമ്പത് ടെസ്റ്റിൽ നാല് തോൽവിയും അഞ്ച് സമനിലയുമാണ് ഫലം. ഒടുവിൽ കളിച്ചത് 2014ലാണ്. 1990ൽ സചിൻ ടെണ്ടുൽകർ കുറിച്ചതാണ് ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഒടുവിലത്തെ സെഞ്ച്വറി. മാഞ്ചസ്റ്ററിലെ കാലാവസ്ഥയും നിലവിൽ അനുകൂലമല്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ മഴ തുടരുകയാണ്.
ഇന്ത്യൻ ടീം ഇവരിൽനിന്ന്: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, കരുൺ നായർ, സായ് സുദർശൻ, ഋഷഭ് പന്ത്, രവീന്ദ്ര ജദേജ, വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, അൻഷുൽ കംബോജ്, കുൽദീപ് യാദവ്, ധ്രുവ് ജുറെൽ, അഭിമന്യു ഈശ്വരൻ.
ഇംഗ്ലണ്ട് ഇലവൻ: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), സാക് ക്രോളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത്, ലിയാം ഡോസൺ, ക്രിസ് വോക്സ്, ബ്രൈഡൺ കാർസ്, ജോഫ്ര ആർച്ചർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

