രാഹുലും കരുണും പുറത്ത്, അർധ സെഞ്ച്വറി പിന്നിട്ട് ജയ്സ്വാൾ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പൊരുതുന്നു
text_fieldsഅർധ സെഞ്ച്വറി നേടിയ ജയ്സ്വാൾ കാളികളെ അഭിവാദ്യം ചെയ്യുന്നു
ബിർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ബാറ്റിങ് തുടരുന്ന ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ നഷ്ടം. ഓപണർ കെ.എൽ. രാഹുൽ (2), വൺഡൗണായെത്തിയ മലയാളി താരം കരുൺ നായർ (31) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യ സെഷനിൽ നഷ്ടമായത്. 33 ഓവർ പിന്നിടുമ്പോൾ രണ്ടിന് 126 എന്ന നിലയിലാണ് ഇന്ത്യ. അർധ സെഞ്ച്വറി പിന്നിട്ട യശസ്വി ജയ്സ്വാൾ (74*), ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (17*) എന്നിവരാണ് ക്രീസിൽ.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്, സ്കോർ ബോർഡിൽ 15 റൺസ് ചേർക്കുന്നതിനിടെയാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. താളം കണ്ടെത്താനാകെ ഉഴറിയ രാഹുലിനെ ക്രിസ് വോക്സ് ബൗൾഡ് ആക്കി. 26 പന്തുകൾ നേരിട്ട താരത്തിന് സ്കോർ ചെയ്യാനായത് രണ്ട് റൺസ് മാത്രമാണ്. പിന്നാലെ ക്രീസിലെത്തിയ കരുൺ നിലയുറപ്പിച്ച് കളിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് പുറത്തായത്. 50 പന്തിൽ 31 റൺസ് നേടിയ താരത്തെ ബ്രൈഡൻ കാഴ്സ് ഹാരി ബ്രൂക്കിന്‍റെ കൈകളിലെത്തിച്ചു. രണ്ടാം വിക്കറ്റിൽ ജയ്സ്വാളിനൊപ്പം 80 റൺസിന്‍റെ പാർട്നർഷിപ് ഒരുക്കിയ ശേഷമാണ് താരം പുറത്തായത്.
മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണിൽ കളിക്കുന്നത്. പേസർ ജസ്പ്രീത് ബുംറ കളിക്കുന്നില്ല, പകരം ആകാശ് ദീപ് മുഹമ്മദ് സിറാജിനൊപ്പം ബൗളിങ് ഓപ്പൺ ചെയ്യും. സായി സുദർശൻ, ശാർദൂൽ ഠാകൂർ എന്നിവരും പുറത്തായി. പകരം ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ എന്നിവർ പ്ലെയിങ് ഇലവനിലെത്തി. ഒന്നാം ടെസ്റ്റ് ജയിച്ച അതേ ടീമുമായാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങുന്നത്.
എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ എട്ട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചതിൽ ഇന്ത്യക്ക് ഒന്നിൽപ്പോലും ജയിക്കാനായിട്ടില്ല. ഏഴെണ്ണത്തിലും തോൽവിയായിരുന്നു ഫലം. ആ ചരിത്രം തിരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശുഭ്മൻ ഗില്ലും സംഘവും ആൻഡേഴ്സൻ-ടെണ്ടുൽകർ ട്രോഫി പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. ജയിച്ചാൽ അഞ്ച് മത്സര പരമ്പരയിൽ 1-1ന് ആതിഥേയർക്കൊപ്പമെത്താം. സമനില പോലും ഇന്ത്യയെ സംബന്ധിച്ച് ക്ഷീണമാണ്.
ഇന്ത്യ ഇലവൻ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജദേജ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, വാഷിങ്ടൺ സുന്ദർ.
ഇംഗ്ലണ്ട് ഇലവൻ: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ബെൻ ഡക്കറ്റ്, സാക്ക് ക്രൗളി, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡൺ കാഴ്സ്, ജോഷ് ടങ്, ശുഐബ് ബഷീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

