തിരിച്ചടിക്കാൻ കോഹ്ലിപ്പട; ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ശനിയാഴ്ച മുതൽ
text_fieldsചെന്നൈ: കോവിഡ് കാലത്തെ നീണ്ട ഇടവേളക്കുശേഷം ഇന്ത്യയിൽ ഗാലറി ആരവങ്ങൾ തിരികെയെത്തുേമ്പാൾ, ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നാണംകെടുത്തിയ ഇംഗ്ലീഷുകാർക്കെതിരെ തിരിച്ചടിക്കാൻ കോഹ്ലിപ്പട ഇന്നിറങ്ങും. റൂട്ടിെൻറ ക്ലാസിക് ഇന്നിങ്സും പിച്ചിെൻറ അപ്രതീക്ഷിത ഗതിമാറ്റവും ഒരുക്കിയ വൻ തോൽവിയുടെ അധ്യായത്തിൽനിന്ന് പല കാര്യങ്ങളും പഠിച്ചാണ് രണ്ടാം ടെസ്റ്റിന് ഇന്ത്യയിറങ്ങുന്നത്.
ഇനിയുമൊയൊരു തോൽവി ഏറ്റുവാങ്ങേണ്ടിവന്നാൽ പരമ്പര നഷ്ടമാവുന്നതോടൊപ്പം ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ പ്രവേശനത്തിെൻറ പ്രതീക്ഷയും അസ്തമിക്കും. നാല് ടെസ്റ്റുകളുള്ള പരമ്പരയിൽ 2-1ന് എങ്കിലും ജയിച്ചാലേ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിെൻറ കലാശപ്പോരിന് സാധ്യതയുള്ളൂ. ഇംഗ്ലണ്ടിനാണെങ്കിൽ 3-0ത്തിനോ 3-1നോ പരമ്പര നേടണം. 2-2ന് സമനിലയിൽ അവസാനിച്ചാൽ ആസ്ട്രേലിയയാവും ഫൈനലിൽ ന്യൂസിലൻഡിനെ നേരിടുക.
ആസ്ട്രേലിയയിൽ ഐതിഹാസിക വിജയം നേടിയ ആലസ്യത്തിലായിരുന്ന ഇന്ത്യക്ക് ചെപ്പോക്കിലെ ആദ്യ ടെസ്റ്റ് കാത്തുെവച്ചത് 227 റൺസിെൻറ തോൽവിയായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും വിരാട് കോഹ്ലിയെയും സംഘത്തെയും നിഷ്പ്രഭരാക്കിയാണ് ജോ റൂട്ടും സംഘവും തകർപ്പൻ ജയം സ്വന്തമാക്കിയത്. സ്പിന്നിന് അനുകൂലമായ പിച്ചാവും രണ്ടാം മത്സരത്തിൽ ചെപ്പോക്കിൽ ഒരുക്കുക.

