ഗില്ലിനെ കാഴ്സ് വീഴ്ത്തി, അർധ ശതകം പിന്നിട്ട് രാഹുൽ; ലീഡ്സിൽ ലീഡുയർത്താൻ ഇന്ത്യ പൊരുതുന്നു
text_fieldsശുഭ്മൻ ഗിൽ ബൗൾഡായി പുറത്താകുന്നു
ലീഡ്സ്: ഇംഗ്ലണ്ട് പരമ്പയിലെ ആദ്യ ടെസ്റ്റിൽ രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടരുന്ന ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. നാലാംദിനം രണ്ടിന് 90 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് രണ്ട് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായി. എട്ട് റൺസ് നേടിയ ഗില്ലിനെ ബ്രൈഡൻ കാഴ്സ് ബൗൾഡാക്കുകയായിരുന്നു. 40 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 129 എന്ന നിലയിലാണ് ഇന്ത്യ. അർധ സെഞ്ച്വറി പിന്നിട്ട കെ.എൽ. രാഹുലും (60*) കഴിഞ്ഞ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ഋഷഭ് പന്തുമാണ് (20*) ക്രീസിലുള്ളത്.
ആദ്യ ഇന്നിങ്സിൽ 42 റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. മൂന്ന് ബാറ്റർമാർ ഇന്ത്യക്കായി സെഞ്ച്വറി കണ്ടെത്തി. ഇതിൽ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് മൂന്നാംദിനം തന്നെ നഷ്ടമായിരുന്നു. നാല് റൺസ് മാത്രമാണ് താരത്തിന് കണ്ടെത്താനായത്. നായകൻ ഗില്ലാണ് രണ്ടാമത്തെയാൾ. ഇരുവർക്കും പുറമെ 30 റൺസ് നേടിയ സായ് സുദർശന്റെ വിക്കറ്റും വീണു. രാഹുലിനൊപ്പം മധ്യനിരയും പ്രതീക്ഷ കാത്താൽ ഇന്ത്യക്ക് വലിയ സ്കോറിലെത്താനാകും. ഒന്നാമിന്നിങ്സിൽ ആറ് റൺസിന്റെ നേരിയ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്.
99 റൺസിൽ ഹാരി ബ്രൂക്കും 465ൽ ഇംഗ്ലണ്ടും വീണതോടെയാണ് ഞായറാഴ്ച ഹെഡിങ്ലിയിൽ കൈവിട്ട ലീഡ് തിരിച്ചുപിടിച്ച് ഇന്ത്യ പ്രതീക്ഷ സജീവമാക്കിയത്. ഇന്ത്യ ഉയർത്തിയ 471നെതിരെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 209 റൺസുമായി മൂന്നാം ദിനം കളി തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ അടികിട്ടി. വൺ ഡൗണായി എത്തി സെഞ്ച്വറി തികച്ച ഓലി പോപ് 106 റൺസുമായി പുറത്തായി. പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ഋഷഭ് പന്തിനായിരുന്നു ക്യാച്ച്.
അതോടെ ആടിയുലയുമെന്ന് തോന്നിച്ച കപ്പൽ ദിശ നഷ്ടപ്പെടാതെ പിടിച്ചുനിർത്തി ഹാരി ബ്രൂക്ക് കളി കൈയിലെടുത്തു. പൂജ്യം റൺസിൽ കൈവിട്ട ക്യാച്ചിന്റെ ആനുകൂല്യത്തിൽ ബാറ്റിങ് തുടർന്ന താരം സെഞ്ച്വറിക്ക് ഒറ്റ റൺ അകലെ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ഷാർദുൽ താക്കൂറിന് ക്യാച്ച് നൽകി മടങ്ങി. 112 പന്തിൽ 11 ഫോറും രണ്ട് സിക്സറുമടങ്ങുന്നതായിരുന്നു താരത്തിന്റെ 99 റൺസ്. കരിയറിൽ 12ാം അർധ സെഞ്ച്വറി പൂർത്തിയാക്കിയെന്ന നേട്ടവും ബ്രൂക്ക് അതിനിടെ സ്വന്തമാക്കി. വ്യക്തിഗത സ്കോർ 82ലും താരത്തിന്റെ ക്യാച്ച് ഇന്ത്യൻ ഫീൽഡർമാർ കൈവിട്ടിരുന്നു.
പഴയ പന്ത് ബൗളർമാരെ തുണക്കാതെയായതോടെ ഇംഗ്ലീഷ് ബാറ്റർമാർ അവസരം മുതലെടുത്ത് സ്കോർ അതിവേഗം ഉയർത്തി. അംപയർ പോൾ റീഫലുടെ മുമ്പിൽ പരാതിയുമായെത്തിയ ഋഷഭ് പന്ത് പ്രതികരണമില്ലാതെ വന്നതോടെ പന്ത് നിലത്തെറിയുന്നതും കണ്ടു. മുഹമ്മദ് സിറാജടക്കം ഈ ഘട്ടത്തിൽ നന്നായി തല്ലുകൊണ്ടു. എന്നാൽ, ക്യാപ്റ്റൻ സ്റ്റോക്സ് 20 റൺസുമായി സിറാജിന്റെ പന്തിൽ വിക്കറ്റ് കീപർക്ക് ക്യാച്ച് നൽകി മടങ്ങിയത് സന്ദർശക നിരയിൽ പ്രതീക്ഷ പകരുന്നതായി.
പിറകെ, ജാമി സ്മിത്തും ക്രിസ് വോക്സും പിടിച്ചുനിന്ന് കളിച്ചത് ഇംഗ്ലണ്ട് ലീഡ് പിടിക്കുമെന്നിടത്തെത്തിച്ചു കാര്യങ്ങൾ. 52 പന്തിൽ അഞ്ച് ഫോറും ഒരു സിക്സറുമടക്കം 40 അടിച്ച സ്മിത്തിനെ പ്രസിദ്ധ് കൃഷ്ണ മടക്കിയപ്പോൾ വോക്സിന്റെ കുറ്റി തെറിപ്പിച്ച് ബുംറ ഒരിക്കലൂടെ ടീം ഇന്ത്യയുടെ വജ്രായുധമായി. ബ്രൈഡൻ കാഴ്സ് മാത്രമായിരുന്നു വാലറ്റത്ത് അൽപമെങ്കിലും പിടിച്ചുനിന്നത്. 23 പന്തിൽ 22 റൺസ് അടിച്ച കാഴ്സിനെ സിറാജ് ബൗൾഡാക്കിയപ്പോൾ ഇന്ത്യക്ക് ആറു റൺ ഒന്നാം ഇന്നിങ്സ് ലീഡ് നൽകി ജോഷ് ടോംഗിനെ ബുംറയും മടക്കി. 100.4 ഓവർ ബാറ്റു ചെയ്ത ആതിഥേയർക്ക് 465 റൺസായിരുന്നു സമ്പാദ്യം. മോശം ഫീൽഡിങ്ങാണ് ഇംഗ്ലണ്ടിന്റെ സ്കോർ ഇന്ത്യക്കൊപ്പമെത്താൻ സഹായിച്ചത്. ബുംറ അർഹിച്ച ക്യാച്ച് പലപ്പോഴും ഫീൽഡർമാർ വെറുതെ നഷ്ടപ്പെടുത്തിയത് സങ്കടക്കാഴ്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

