നിലം തൊടീക്കാതെ ഇംഗ്ലണ്ട്; ഇന്ത്യ 'എട്ടു'നിലയിൽ പൊട്ടി
text_fieldsഅഹ്മദാബാദ്: ആദ്യ ട്വന്റി 20യിൽ ഇന്ത്യയെ എട്ടുവിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് തുടങ്ങി. ഇന്ത്യ ഉയർത്തിയ 124 റൺസിന്റെ കുഞ്ഞൻ വിജയലക്ഷ്യം ഇംഗ്ലണ്ടിന്റെ തകർപ്പൻ ബാറ്റിങ് നിരക്ക് രുചിച്ച് നോക്കാൻ പോലുമുണ്ടായിരുന്നില്ല. 32 പന്തിൽ 49 റൺസെടുത്ത ജേസൺ റോയും 24 പന്തിൽ 28 റൺസെടുത്ത ജോസ് ബട്ലറും ചേർന്ന് ആദ്യ വിക്കറ്റിൽ തന്നെ മത്സരം തീരുമാനമാക്കിയിരുന്നു. പിന്നാലെ വന്ന ഡേവിഡ് മലാനും ജോണി ബാരിസ്റ്റോയും കളി അവസാനിപ്പിക്കേണ്ട കടമ ഭംഗിയായി നിർവഹിച്ചു. ഇന്ത്യക്കായി വാഷിങ്ടൺ സുന്ദറും യുസ്വേന്ദ്ര ചാഹലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച ഇംഗ്ലണ്ടിന്റെ തീരുമാനം ശരിവെച്ചാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ തുടങ്ങിയത്. മുൻനിര തകർന്നടിഞ്ഞ ഇന്ത്യയെ 48 പന്തിൽ 67 റൺസെടുത്ത ശ്രേയസ് അയ്യരാണ് വൻ നാണക്കേടിൽ നിന്നും എടുത്തുയർത്തിയത്.
ഉപനായകൻ രോഹിത് ശർമക്ക് വിശ്രമം നൽകി ഇറങ്ങിയ ഇന്ത്യക്കായി ശിഖർ ധവാനും കെ.എൽ രാഹുലുമാണ് ഓപ്പൺ ചെയ്തത്. ഇന്ത്യൻ സ്കോർ രണ്ടിൽ നിൽക്കേ ജോഫ്ര ആർച്ചറിന്റെ പന്തിൽ ക്ലീൻ ബൗൾഡായി കെ.എൽ രാഹുൽ വേഗത്തിൽ മടങ്ങി. തൊട്ടുപിന്നാലെയെത്തിയ വിരാട് കോഹ്ലി റൺസൊന്നുമെടുക്കാതെ വേഗത്തിൽ കീഴടങ്ങി. സ്വതസിദ്ധമായ താളം കണ്ടെത്താൻ വിഷമിക്കുന്ന കോഹ്ലിയെ ഇംഗ്ലീഷ് സ്പിന്നർ ആദിൽ റഷീദ് ക്രിസ് ജോർദന്റെ കൈയ്യിലെത്തിക്കുകയായിരുന്നു. മാർക് വുഡിന്റെ പന്തിൽ കുറ്റിതെറിച്ച് ശിഖർധവാനും (4) മടങ്ങിയതോട ഇന്ത്യയുടെ നില പരിതാപകരമായി.
തുടർന്നെത്തിയ ഋഷഭ് പന്ത് സ്കോറുയർത്താൻ ശ്രമിച്ചെങ്കിലും അധികം ആയുസ്സുണ്ടായിരുന്നില്ല. തുടർന്ന് ഹാർദിക് പാണ്ഡ്യയെ (21പന്തിൽ 19) കൂട്ടുപിടിച്ച് ശ്രേയസ് അയ്യർ ഇന്ത്യയെ തകർച്ചയിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.

