കടുവയെ കൂട്ടിലടക്കണം
text_fieldsഇന്ത്യൻ ടീം അഡലെയ്ഡിൽ എത്തിയെന്ന് അറിയിച്ച് വിരാട് കോഹ്‍ലി പങ്കുവെച്ച ചിത്രം
അഡലെയ്ഡ്: ജയിച്ചാൽ സമാധാനത്തോടെ അടുത്ത മത്സരത്തിനായി ഒരുങ്ങാം, തോറ്റാൽ പാതി മനസ്സോടെ മടക്കയാത്രക്കുള്ള ടിക്കറ്റ് അന്വേഷിച്ചു തുടങ്ങാം... സൂപ്പർ 12ലെ നാലാം മത്സരത്തിൽ ഇന്ത്യയും ബംഗ്ലാദേശും ബുധനാഴ്ച ഇറങ്ങുമ്പോൾ ഇരു ടീമിന്റെയും അവസ്ഥ ഇതാണ്.
ഗ്രൂപ്പിൽ രണ്ടുവീതം പോയന്റാണ് ഇന്ത്യക്കും ബംഗ്ലാദേശിനും. നെറ്റ് റൺറേറ്റ് ബലത്തിൽ മാത്രം രോഹിത് ശർമയും സംഘവും രണ്ടാം സ്ഥാനത്തുണ്ട്. ജയിക്കുന്നവർ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറും. രോഹിത്തിന്റെ നീലപ്പടക്ക് അവസാന മത്സരം സിംബാബ്‍വെയോടാണ്, ബംഗ്ലാ കടുവകൾക്ക് പാകിസ്താനോടും.
രണ്ടു മത്സരങ്ങൾ ശേഷിക്കുന്ന ദക്ഷിണാഫ്രിക്ക അഞ്ചു പോയന്റുമായി നിലവിൽ മുന്നിലുള്ളതിനാൽ ഇന്നത്തെ തോൽവി രണ്ട് ഏഷ്യൻ ടീമുകളുടെയും പ്രതീക്ഷകൾക്ക് മങ്ങലേൽപിക്കും. മഴയെത്തുടർന്ന് പോയന്റ് പങ്കിടുന്ന സാഹചര്യവും തിരിച്ചടിയാണ്. രണ്ടു ടീമുകൾ മാത്രമാണ് ഗ്രൂപ്പിൽനിന്ന് സെമിയിൽ കടക്കുക. നെതർലൻഡ്സിനെതിരെ ഇന്ന് ജയിച്ചാൽ സിംബാബ്‍വെയുടെ പ്രതീക്ഷകളും പൂക്കും.
തോൽവിയൊരുക്കിയ ക്ഷീണം
പാകിസ്താനും നെതർലൻഡ്സിനുമെതിരെ നേടിയ വിജയങ്ങൾ നൽകിയ ആത്മവിശ്വാസത്തിന്റെ ഉന്നതിയിൽ നിൽക്കെയാണ് ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോൽക്കുന്നത്. ആ ക്ഷീണം മറികടക്കാൻ ഇനി ജയമല്ലാതെ പോംവഴിയില്ല.
പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്കിന് പകരം ഋഷഭ് പന്ത് പ്ലെയിങ് ഇലവനിലുണ്ടാവുമെന്ന് ശ്രുതിയുണ്ടെങ്കിലും അന്തിമ തീരുമാനം ഇന്നേ ഉണ്ടാവൂ. ഓപണർ കെ.എൽ. രാഹുലിന്റെ ഫോമില്ലായ്മയാണ് വലിയ പ്രശ്നം. മൂന്നു മത്സരങ്ങളിൽനിന്ന് രാഹുൽ നേടിയത് വെറും 22 റൺസാണ്.
എങ്കിലും കോച്ച് രാഹുൽ ദ്രാവിഡ് ഓപണറിൽ പൂർണവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. കാർത്തിക്കും പൂർണ ആരോഗ്യം വീണ്ടെടുക്കുന്ന പക്ഷം കളിപ്പിക്കുന്ന സൂചനയാണ് ഒടുവിൽ ദ്രാവിഡ് നൽകുന്നത്. ബാറ്റിങ് ലൈനപ്പിൽ കാര്യമായ പരീക്ഷണങ്ങൾക്കു മുതിരാൻ സാധ്യതയില്ല.
ഓൾ റൗണ്ടർ അക്സർ പട്ടേലിനെ കളിപ്പിക്കുമോയെന്നാണ് അറിയേണ്ട കാര്യം. ഡച്ചുകാർക്കെതിരെ ബൗളിങ്ങിൽ തിളങ്ങിയ അക്സർ തിരിച്ചെത്തിയാൽ ദീപക് ഹൂഡയോ ആർ. അശ്വിനോ പുറത്താവും. പേസ് ബൗളർമാരായ ഭുവനേശ്വർ കുമാറും അർഷ്ദീപ് സിങ്ങും മുഹമ്മദ് ഷമിയും മികവു പ്രകടിപ്പിക്കുന്നത് ഇന്ത്യയുടെ പകുതി തലവേദന ഒഴിവാക്കുന്നുണ്ട്.
ഒന്നും നഷ്ടപ്പെടാനില്ലാത്തവർ
തങ്ങൾ ലോകകപ്പ് കളിക്കാനും ഇന്ത്യ കിരീടം നേടാനുമാണ് വന്നിരിക്കുന്നതെന്ന ബംഗ്ലാദേശ് നായകൻ ഷാകിബ് അൽ ഹസന്റെ വാക്കുകൾ അവർക്ക് സമ്മർദം ഒട്ടുമില്ലെന്ന സൂചനയാണ്. മുസ്തഫിസുർ റഹ്മാൻ, തസ്കിൻ അഹ്മദ്, മെഹ്ദി ഹസൻ മിറാജ് എന്നിവരടങ്ങിയ ബൗളിങ് ആക്രമണമാണ് ടീമിന്റെ പ്രധാന കരുത്ത്.
ഇവർ ഇന്ത്യയുടെ ബാറ്റിങ് കോട്ട ഭേദിക്കുമെന്ന വിശ്വാസത്തിലാണ് ഓൾറൗണ്ടറായ നായകൻ. നെതർലൻഡ്സിനെ തോൽപിച്ച ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയോട് വൻ തോൽവി ഏറ്റുവാങ്ങുകയും സിംബാബ്‍വെയുമായി മൂന്നു റൺസിന് രക്ഷപ്പെടുകയുമായിരുന്നു.
ടീം ഇവരിൽനിന്ന്: ഇന്ത്യ- രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, ദീപക് ഹൂഡ, ആർ. അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, ഹർഷൽ പട്ടേൽ.
ബംഗ്ലാദേശ്- ഷാകിബ് അൽ ഹസൻ (ക്യാപ്റ്റൻ), നജ്മുൽ ഹുസൈൻ ഷാന്റോ, സൗമ്യ സർക്കാർ, അഫീഫ് ഹുസൈൻ, മൊസദ്ദക് ഹുസൈൻ, മെഹ്ദി ഹസൻ മിറാജ്, ഷോറിഫുൽ ഇസ്‍ലാം, ഇബാദത്ത് ഹുസൈൻ, നൂറുൽ ഹസൻ, ലിറ്റൺ മഹ്മൂദ്, ഹസൻ അഹമ്മദ്, തസ്കിൻ അഹ്മദ് അലി, നസൂം ഹുസൈൻ, മുസ്തഫിസുർ റഹ്മാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

