വനിത ടെസ്റ്റിൽ ഇന്ത്യ ഡ്രൈവിങ് സീറ്റിൽ
text_fieldsമുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരായ വനിത ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ ആസ്ട്രേലിയ പൊരുതുന്നു. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഓസീസ് രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റിന് 233 റൺസെന്ന നിലയിലാണ്. 46 റൺസ് ലീഡാണിപ്പോൾ സന്ദർശകർക്കുള്ളത്.
അവസാന ദിനം ആസ്ട്രേലിയയെ വേഗത്തിൽ പുറത്താക്കാനായാൽ ഹർമൻപ്രീത് കൗർ സംഘത്തിന് ചരിത്ര വിജയം സ്വന്തമാക്കാം. ഓസീസ് വനിതകൾക്കെതിരെ ഇന്ത്യ ഇതുവരെ ടെസ്റ്റ് ജയിച്ചിട്ടില്ല. മൂന്നാം ദിനം രാവിലെ ഏഴിന് 376ൽ ഒന്നാം ഇന്നിങ്സ് പുനരാരംഭിച്ച ആതിഥേയർ 406ന് പുറത്തായി. ക്രീസിലുണ്ടായിരുന്ന ദീപ്തി ശർമ 78ഉം പൂജ വസ്ത്രകാർ 47ഉം റൺസെടുത്ത് മടങ്ങി. 187 റൺസ് ലീഡാണ് ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ ലഭിച്ചത്. തുടർന്ന് രണ്ടാം ഇന്നിങ്സ് ആരംഭിച്ച ആസ്ട്രേലിയക്ക് 49ലാണ് ആദ്യ വിക്കറ്റ് പോയത്. ഓപണർ ബെത്ത് മൂണി (33) റണ്ണൗട്ടായി.
മറ്റൊരു ഫോയബ് ലിച്ച്ഫീൽഡ് (18) സ്നേഹ് റാണയുടെ പന്തിൽ ബൗൾഡായതോടെ രണ്ടിന് 56. തുടർന്ന് എല്ലിസ് പെറി (45)-തഹ് ലിയ മക്ഗ്രാത്ത് (73) സഖ്യമാണ് ടീമിനെ കരകയറ്റിയത്. പെറിയെ റാണ തന്നെ മടക്കി. തഹ് ലിയെയും ക്യാപ്റ്റൻ അലീസ ഹീലിയെയും (32) വീഴ്ത്തി നായിക ഹർമൻ അവസാന സെഷനിൽ ഇന്ത്യക്ക് മുൻതൂക്കം നൽകി. അന്നബെൽ സതർലൻഡും (12) ആഷ് ലി ഗാർഡ്നറുമാണ് (7) ക്രീസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

