ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യ, നാലാം ട്വന്‍റി20യിൽ 48 റൺസ് ജയം, പരമ്പരയിൽ മുന്നിൽ; വാഷിങ്ടൺ സുന്ദറിന് മൂന്നു വിക്കറ്റ്
text_fieldsഗോൾഡ് കോസ്റ്റ്: നാലാം ട്വന്‍റി20യിൽ ആസ്ട്രേലിയയെ എറിഞ്ഞിട്ട് ഇന്ത്യൻ ബൗളർമാർ. ഇന്ത്യ മുന്നോട്ടുവെച്ച 168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 18.2 ഓവറിൽ 119 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്ക് 48 റൺസിന്‍റെ ഗംഭീര ജയം.
ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി (2-1). അവസാന മത്സരത്തിൽ തോറ്റാലും പരമ്പര നഷ്ടമാകില്ല. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഒരുഘട്ടത്തിൽ ആതിഥേയർ അനായാസ ജയം നേടുമെന്ന് തോന്നിപ്പിച്ച മത്സരം ബൗളർമാരാണ് എറിഞ്ഞുപിടിച്ചത്. വാഷിങ്ടൺ സുന്ദർ 1.2 ഓവർ മാത്രം എറിഞ്ഞ് മൂന്നു റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.
നായകൻ മിച്ചൽ മാർഷാണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. 24 പന്തിൽ നാലു ഫോറടക്കം 30 റൺസെടുത്തു. മാത്യു ഷോർട്ട് (19 പന്തിൽ 25), ജോഷ് ഇംഗ്ലിസ് (11 പന്തിൽ 12), ടീം ഡേവിഡ് (ഒമ്പത് പന്തിൽ 14), ജോഷ് ഫിലിപ്പെ (10 പന്തിൽ 10), മാർകസ് സ്റ്റോയിനസ് (19 പന്തിൽ 17), ഗ്ലെൻ മാക്സ്വെൽ (നാലു പന്തിൽ രണ്ട്), ബെൻ ദ്വാർഷുയിസ് (ഏഴു പന്തിൽ അഞ്ച്), സേവിയർ ബാർറ്റ്ലെറ്റ് (പൂജ്യം), ആദം സാംപ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. രണ്ടു റൺസുമായി നതാൻ എല്ലിസ് പുറത്താകാതെ നിന്നു.
ഇന്ത്യക്കായി അക്സർ പട്ടേൽ, ശിവം ദുബെ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നൽകിയത്. അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് 6.4 ഓവറിൽ 56 റൺസാണ് അടിച്ചെടുത്തത്. 28 റണ്‍സെടുത്ത അഭിഷേകിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ആദം സാംപയുടെ പന്തിൽ ടിം ഡേവിഡ് ക്യാച്ചെടുത്താണ് താരം പുറത്തായത്. വണ്‍ഡൗണായി ശിവം ദുബെയാണ് ക്രീസിലെത്തിയത്. 18 പന്തില്‍ 22 റണ്‍സെടുത്ത ദുബെയെ നഥാൻ എല്ലിസ് ക്ലീൻ ബൗൾഡാക്കി. നായകൻ സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് ഗില്‍ ടീമിനെ നൂറുകടത്തി.
സ്‌കോര്‍ 121ല്‍ നില്‍ക്കേ ഗില്‍ മടങ്ങി. 39 പന്തില്‍ നിന്ന് 46 റണ്‍സെടുത്താണ് താരവും എല്ലിസിന്‍റെ പന്തിൽ ബൗൾഡായി. പിന്നീട് വന്നവർക്കൊന്നും ക്രീസിൽ നിലയുറപ്പിക്കാനായില്ല. സൂര്യകുമാർ (10 പന്തിൽ 20), തിലക് വർമ (ആറു പന്തിൽ അഞ്ച്), ജിതേഷ് ശർമ (നാലു പന്തിൽ മൂന്ന്), വാഷിങ്ടൺ സുന്ദർ (ഏഴു പന്തിൽ 12), അർഷ്ദീപ് സിങ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 11 പന്തിൽ 21 റൺസുമായി അക്സർ പട്ടേലും ഒരു റണ്ണുമായി വരുൺ ചക്രവർത്തിയും പുറത്താകാതെ നിന്നു. ഇന്ത്യ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 167 റൺസ്.
ഓസീസിനായി ആദം സാംപയും നതാന്‍ എല്ലിസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

