കളി മഴ കൊണ്ടുപോയി! ഇന്ത്യ-ആസ്ട്രേലിയ ആദ്യ ട്വന്‍റി20 മത്സരം ഉപേക്ഷിച്ചു
text_fieldsകാൻബറ: ഇന്ത്യ-ആസ്ട്രേലിയ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുത്ത് നിൽക്കെ മഴമൂലം കളി തടസ്സപ്പെട്ടിരുന്നു. നേരത്തെ അഞ്ച് ഓവർ പൂർത്തിയായതിനു പിന്നാലെയും മഴ കളി തടസ്സപ്പെടുത്തിയിരുന്നു.
മത്സരം 18 ഓവറാക്കി ചുരുക്കിയാണ് വീണ്ടും പുനരാരംഭിച്ചത്. എന്നാൽ 10ാം ഓവറിൽ വീണ്ടും മഴയെത്തിയതോടെ കളി വീണ്ടും മുടങ്ങി. ഒരു മണിക്കൂറിനു ശേഷവും മഴക്കു ശമനമില്ലാതെ വന്നതോടെയാണ് അമ്പയർമാർ മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. പരമ്പരയിലെ രണ്ടാം മത്സരം ഈമാസം 31ന് മെൽബണിൽ നടക്കും.
ഇന്ത്യ മികച്ച നിലയിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് രസംകൊല്ലിയായി മഴയെത്തിയത്. 20 പന്തിൽ ഒരു സിക്സും നാലു ഫോറുമടക്കം 37 റൺസുമായി ഓപ്പണർ ശുഭ്മൻ ഗില്ലും 24 പന്തിൽ രണ്ടു സിക്സും മൂന്നു ഫോറുമടക്കം 39 റൺസുമായി നായകൻ സൂര്യകുമാർ യാദവുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. 14 പന്തിൽ 19 റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
ഏകദിന പരമ്പരയിലെ തോൽവിക്ക് ട്വന്‍റി20 പരമ്പര ജയിച്ച് പകരംചോദിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ടോസ് നേടിയ ഓസീസ് നായകൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ടീമിലുണ്ടായിരുന്നു.
ഹർഷിത് റാണ, കുൽദീപ് യാദവ് എന്നിവരും ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഇടംനേടി. റിങ്കു സിങ്, ജിതേഷ് ശർമ, വാഷിങ്ടൻ സുന്ദർ, അർഷ്ദീപ് സിങ് എന്നിവര്‍ പുറത്തായി.
ഇന്ത്യ പ്ലേയിങ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മന്‍ ഗില്‍, തിലക് വർമ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ, ശിവം ദുബെ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ആസ്ട്രേലിയ പ്ലേയിങ് ഇലവൻ: ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മിച്ചൽ ഒവൻ, മാർകസ് സ്റ്റോയ്നിസ്, ജോഷ് ഫിലിപ്, സേവ്യർ ബാർട്‍ലെറ്റ്, നേഥൻ എലിസ്, മാത്യു കുനേമൻ, ജോഷ് ഹെയ്‍സൽവുഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

