ഒന്നാം ടി20: ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ആസ്ട്രേലിയ; വിക്കറ്റിനു പിന്നിൽ സഞ്ജു തന്നെ
text_fieldsകാൻബറ: ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ആസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിങ്ങിനച്ചു. അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും ഇന്ത്യൻ നിരയിൽ ഓപ്പണർമാരാകുമ്പോൾ തിലക് വർമ, സഞ്ജു സാംസൺ എന്നിവരും ബാറ്റിങ് കരുത്താകും. റിങ്കു സിങ്, ജിതേഷ് ശർമ, വാഷിങ്ടൻ സുന്ദർ, അർഷ്ദീപ് സിങ് എന്നിവര്‍ക്ക് ബെഞ്ചിലാണു സ്ഥാനം. അക്ഷർ പട്ടേലിനും വരുൺ ചക്രവർത്തിക്കുമൊപ്പം, കുൽദീപ് യാദവും സ്പിൻ ബോളറായി ടീമിലെത്തി.
ട്വന്റി20 ക്രിക്കറ്റിൽ സമീപകാലത്തെ മിന്നും ഫോം ഓസ്ട്രേലിയയിലും ആവർത്തിക്കാൻ ഉറപ്പിച്ചാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം എത്തുന്നത്. നിലവിലെ ലോകചാമ്പ്യന്മാരായ ഇന്ത്യക്കു തന്നെയാണ് മേൽക്കൈ. അടുത്തിടെ ഏഷ്യ കപ്പിലും ടീം അനായാസം കിരീടത്തിൽ മുത്തമിട്ട് പദവിയുറപ്പിച്ചിരുന്നു. ഒറ്റക്കളി പോലും തോൽക്കാതെയായിരുന്നു ടൂർണമെന്റിൽ ടീമിന്റെ ജൈത്രയാത്ര.
കഴിഞ്ഞ വർഷം ലോകകപ്പ് നേടിയ ശേഷം ടീം മൂന്ന് കളികൾ മാത്രമാണ് ഇതുവരെയും തോൽവിയറിഞ്ഞത്. നായകൻ സൂര്യകുമാർ യാദവിനു കീഴിലാകുമ്പോൾ റെക്കോഡുകൾക്ക് പിന്നെയും മധുരം കൂടും. ഇന്ത്യൻ ബൗളിങ്ങിന് കൂടുതൽ മൂർച്ച നൽകി ജസ്പ്രീത് ബുംറ തിരിച്ചുവരുന്നുണ്ട്. ബൗളിങ്ങിൽ ബുംറക്കൊപ്പം വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അക്സർ പട്ടേൽ, അർഷ്ദീപ് സിങ് എന്നിവരുമുണ്ട്.
ഇതൊക്കെയാകുമ്പോഴും സൂര്യകുമാർ യാദവ് ക്യാപ്റ്റനെന്ന നിലയിൽ തിളങ്ങുമ്പോഴും വ്യക്തിഗത സ്കോർ ഈ വർഷം താഴോട്ടാണെന്ന വിഷയമുണ്ട്. 2025ൽ 10 ഇന്നിങ്സുകളിലായി താരം ആകെ നേടിയത് 100 റൺസാണ്, ശരാശരി 11 റൺസ്. അഭിഷേക് ശർമയെ പോലെ പുതുനിരക്ക് കംഗാരു മണ്ണിൽ കൂടുതൽ തിളങ്ങാനായാൽ കാര്യങ്ങൾ ശുഭമാകും.
- ഇന്ത്യ പ്ലേയിങ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മന്‍ ഗില്‍, തിലക് വർമ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ, ശിവം ദുബെ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
- ആസ്ട്രേലിയ പ്ലേയിങ് ഇലവൻ: ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മിച്ചൽ ഒവൻ, മാർകസ് സ്റ്റോയ്നിസ്, ജോഷ് ഫിലിപ്, സേവ്യർ ബാർട്‍ലെറ്റ്, നേഥൻ എലിസ്, മാത്യു കുനേമൻ, ജോഷ് ഹെയ്‍സൽവുഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

