
സമനില 'വിജയം'; സിഡ്നിയിൽ ആവേശം തീർത്ത് ഇന്ത്യൻ ചെറുത്തുനിൽപ്
text_fields
സിഡ്നി: പരിക്കുപറഞ്ഞ് മൈതാനം വിടാമായിരുന്നിട്ടും ഹനുമ വിഹാരി- അശ്വിൻ കൂട്ടുകെട്ട് ഇന്ത്യക്ക് സിഡ്നി മൈതാനത്ത് നൽകിയത് ആവേശ സമനില. ജയമുറപ്പിച്ച് റൺമല മുന്നിൽവെച്ചും ഗാലറികളിൽ കളികണ്ടുനിന്നവർക്ക് തെറി വിളിക്കാൻ അവസരം ആവർത്തിച്ചും ആസ്ട്രേലിയ പതിനെട്ടടവും പയറ്റിയിട്ടും വലിയ സ്കോറിലേക്ക് അനായാസം ബാറ്റുവീശിയ സന്ദർശകർ കുറിച്ചത് തുല്യതകളില്ലാത്ത സമനില 'വിജയം'. സ്കോർ ആസ്ട്രേലിയ 338, 312/6, ഇന്ത്യ 244, 334/5.
സ്കോർ 100 കടക്കും മുമ്പ് രണ്ടു വിലപ്പെട്ട വിക്കറ്റ് കളഞ്ഞ ഇന്ത്യൻ പടയെ അനായാസം വീഴ്ത്താമെന്ന് കണക്കുകൂട്ടിയായിരുന്നു അഞ്ചാം ദിനം കംഗാരുക്കൾ ഇറങ്ങിയത്. പരിക്കുമായി വലഞ്ഞ വിഹാരിയും കൂട്ടുകാരും ഏതു നിമിഷവും മടങ്ങുമെന്ന പ്രതീക്ഷ വന്നത് ബൗളർമാരെ ഇരട്ടി ആവേശത്തിലാക്കി. പക്ഷേ, മൈതാനം സാക്ഷിയായത് മറ്റൊന്നിനായിരുന്നു.
407 റൺസ് എന്ന വലിയ ലക്ഷ്യത്തിലേക്ക് മനഃസാന്നിധ്യത്തോടെ ബാറ്റുവീശിയ ഇന്ത്യൻ പട ശരിക്കും ഓസീസ് താരങ്ങളെ മാത്രമല്ല, നാലു നാൾ പരിഹാസവുമായി ഗാലറികൾ നിറഞ്ഞ നാട്ടുകാരെ കൂടി സ്തബ്ധരാക്കി. ആദ്യ ദിവസം രണ്ടു വിക്കറ്റ് പോയവർക്ക് തിങ്കളാഴ്ച നഷ്ടമായത് മൂന്നു വിക്കറ്റ് മാത്രം. മൂന്നു സെഷനിലുമായി പൊരുതി നിന്നത് 131 ഓവർ. 161 പന്ത് നേരിട്ട് 23 റൺസുമായി വിഹാരിയും 128 പന്തിൽ 39 റൺസുമായി അശ്വിനും നങ്കൂരമിട്ടപ്പോൾ ഒരു ഓവർ ബാക്കിനിൽക്കെ കളിനിർത്താൻ കൈകൊടുത്ത് പവലിയനിലേക്ക് മടങ്ങുക മാത്രമായിരുന്നു സ്മിത്തിനും കൂട്ടർക്കും മുന്നിലെ പോംവഴി.
പരീക്ഷണങ്ങളുടെ ടെസ്റ്റിൽ സെഞ്ച്വറിക്ക് മൂന്ന് റൺസ് മാത്രം അകലെ മടങ്ങിയ ഋഷഭ് പന്തായിരുന്നു ശരിക്കും താരം. 118 റൺസ് മാത്രം നേരിട്ടായിരുന്നു പന്ത് വലിയ സ്കോർ നേടിയത്. ചേതേശ്വർ പൂജാരയും അർധശതകം കണ്ടു. 205 പന്തുകളിലായിരുന്നു പൂജാരയുടെ 77 റൺസ്.
കളി തോൽക്കുമെന്ന് മാധ്യമങ്ങളും കമെേൻറൻറർമാരും ഒരുവേള ഉറപ്പിച്ച കളിയിൽ അവസാനം ഇന്ത്യ ജയിക്കുമോയെന്നുവരെ സംശയിപ്പിച്ചായിരുന്നു ഇന്ത്യൻ ബാറ്റിങ്. ബാറ്റിങ് തുടങ്ങിയ പന്ത്- പൂജാര സഖ്യം അസാമാന്യം കൈവഴക്കത്തോടെ ഓസീസ് ബൗളിങ്ങിനെതിരെ പട പൊരുതിയപ്പോൾ എന്തും സംഭവിക്കാമെന്നായി. 22 പന്തിെൻറ ഇടവേളയിൽ ഇരുവരും പുറത്തായെങ്കിലും പരിക്ക് വകവെക്കാതെ പിൻഗാമികൾ പ്രതിരോധം ആയുധമാക്കി ക്രീസിൽ നിലയുറപ്പിച്ചു.
ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടുകയും രണ്ടാമത് തൊട്ടരികെ എത്തുകയും ചെയ്ത സ്റ്റീവ് സ്മിത്ത് കളിയിലെ താരമായെങ്കിലും പന്തിെൻറ ഗാർഡ് നീക്കുന്ന ദൃശ്യങ്ങൾ പുറത്തെത്തിയതോടെ കളിയിലെ വില്ലനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
