മൊഹാലി ട്വന്‍റി20: ഇന്ത്യക്ക് തോൽവി; ഓസിസ് ജയം നാലു വിക്കറ്റിന്
text_fieldsമൊഹാലി: ആസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ കൂറ്റൻ സ്കോർ നേടിയിട്ടും ഇന്ത്യക്ക് രക്ഷയുണ്ടായില്ല. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആതിഥേയർക്കെതിരെ നാല് വിക്കറ്റ് ജയവുമായി ഓസീസ് പരമ്പരയിൽ ലീഡ് പിടിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തിരുന്നു. നാല് പന്ത് ബാക്കിയിരിക്കെ ഓസീസ് ആറ് വിക്കറ്റിന് 211 റൺസെടുത്തു. 30 പന്തിൽ 61 റൺസെടുത്ത ഓപണർ കാമെറൂൺ ഗ്രീനാണ് ടോപ് സ്കോറർ. 21 പന്തിൽ 45 റൺസുമായി പുറത്താവാതെനിന്ന മാത്യു വേഡും വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 30 പന്തിൽ അഞ്ച് സിക്സും ഏഴ് ഫോറും ഉൾപ്പെടെ 71 റൺസ് അടിച്ചുകൂട്ടി പുറത്താവാതെനിന്ന ഹാർദിക് പാണ്ഡ്യയുടെ ബാറ്റിങ്ങാണ് ഇന്ത്യയെ 200 കടത്തിയത്.
ഓപണർ കെ.എൽ. രാഹുൽ 35 പന്തിൽ നാല് ഫോറും മൂന്ന് സിക്സുമടക്കം 55ഉം റൺസെടുത്തു. 25 പന്തിൽ രണ്ട് ഫോറും നാല് സിക്സും പറത്തി 46 റൺസടിച്ച സൂര്യകുമാർ യാദവിന്റെ പ്രകടനവും ഇന്ത്യക്ക് കരുത്തേകി. രോഹിത് ശർമ (11), വിരാട് കോഹ് ലി (രണ്ട്), അക്സർ പട്ടേൽ (ആറ്), ദിനേശ് കാർത്തിക് (ആറ്) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. ഇന്നിങ്സ് തീരുമ്പോൾ നാല് പന്തിൽ ഏഴ് റൺസുമായി ഹർഷൽ പട്ടേൽ പാണ്ഡ്യക്കൊപ്പം ക്രീസിലുണ്ടായിരുന്നു. ഇന്ത്യക്കുവേണ്ടി അക്സർ പട്ടേൽ നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
രാഹുലും രോഹിത്തും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നൽകിയതെങ്കിലും ഓപണിങ് ജോടിക്ക് അൽപായുസ്സായിരുന്നു. ജോഷ് ഹേസിൽവുഡ് എറിഞ്ഞ മൂന്നാം ഓവറിലെ നാലാംപന്തിൽ രോഹിത് നതാൻ എല്ലിസിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ ഇന്ത്യയുടെ സ്കോർ 21 റൺസ്. ഏഴ് പന്ത് നേരിട്ട് രണ്ട് റണ്ണുമായിനിന്ന കോഹ് ലിയെ എല്ലിസ് എറിഞ്ഞ അഞ്ചാം ഓവറിലെ അഞ്ചാംപന്തിൽ കാമറോൺ ഗ്രീൻ പിടികൂടി. 25ാം പന്തിലാണ് പാണ്ഡ്യയുടെ അർധശതകം തികച്ചത്. അവസാന ഓവറുകളിൽ പാണ്ഡ്യയുടെ ആറാട്ടായിരുന്നു. 20 ഓവറിലെ ഒടുവിലത്തെ മൂന്ന് പന്തുകളും താരം സിക്സറടിച്ചു.
ഓസീസിന് ഓപണർമാരായ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും ഗ്രീനും നൽകിയത് രാജകീയ തുടക്കം. നാലാം ഓവറിലെ മൂന്നാം പന്തിൽ ഫിഞ്ചിനെ (13 പന്തിൽ 22) ബൗൾഡാക്കി അക്സർ പട്ടേലാണ് ഈ കൂട്ടുകെട്ട് തകർത്തത്. 39ലെത്തിയിരുന്നു അപ്പോൾ സ്കോർ. ഗ്രീനും സ്റ്റീവൻ സ്മിത്തും ചേർന്ന് ആക്രമണം തുടർന്നതോടെ ഇന്ത്യ കുഴങ്ങി. ഗ്രീനിനെ അക്സറിന്റെ പന്തിൽ കോഹ് ലി പിടിക്കുമ്പോൾ സ്കോർ 10.1 ഓവറിൽ രണ്ടിന് 109. പിന്നാലെ സ്മിത്തും (24 പന്തിൽ 35) മടങ്ങിയത് ഇന്ത്യക്ക് പ്രതീക്ഷയേകി. ഉമേഷ് യാദവ് എറിഞ്ഞ 12 ാം ഓവറിൽ സ്മിത്തും ഗ്ലെൻ മാക്സ് വെല്ലും (ഒന്ന്) വിക്കറ്റിന് പിറകിൽ കാർത്തിക്കിന് ക്യാച്ച് നൽകുകയായിരുന്നു.
അരങ്ങേറ്റക്കാരനും മുൻ സിംഗപ്പൂർ താരവുമായ ടിം ഡേവിഡും മാത്യു വേഡും അവസാന ഓവറുകളിൽ അടിച്ചുതകർത്തു. 14 പന്തിൽ 18 റൺസെടുത്ത ടീം 20ാം ഓവറിൽ പുറത്തായെങ്കിലും നേരിട്ട ആദ്യ പന്തിൽ യുസ്വേന്ദ്ര ചാഹലിനെ ബൗണ്ടറി കടത്തി പാറ്റ് കമ്മിൻസ് വിജയറൺസ് നേടി. രണ്ടാം മത്സരം വെള്ളിയാഴ്ച നാഗ്പൂരിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

