രോഹിത്തും (എട്ട്) കോഹ്ലിയും (പൂജ്യം) ഗില്ലും (10) പുറത്ത്; പെർത്തിൽ ഇന്ത്യ പതറുന്നു -വിഡിയോ
text_fieldsവിരാട് കോഹ്ലി
പെർത്ത്: ആസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ പതറുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 8.2 ഓവറിൽ 25 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി.
ഏഴു മാസത്തെ ഇടവേളക്കുശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ വെറ്ററൻ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും നിരാശപ്പെടുത്തി. 14 പന്തുകൾ നേരിട്ട രോഹിത് ഒരു ഫോറടക്കം എട്ടു റൺസെടുത്ത് പുറത്തായി. ജോഷ് ഹേസിൽവുഡിന്‍റെ പന്തിൽ മാറ്റ് റെൻഷോക്ക് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. എട്ടു പന്തുകൾ നേരിട്ട കോഹ്ലി പൂജ്യത്തിനും പുറത്തായി. മിച്ചൽ സ്റ്റാർക്കിനാണ് വിക്കറ്റ്.
നായകനായുള്ള അരങ്ങേറ്റ മത്സരത്തിൽ 18 പന്തിൽ 10 റൺസാണ് ഗില്ലിന്‍റെ സമ്പാദ്യം. ഒമ്പതു പന്തിൽ രണ്ടു റൺസുമായി ശ്രേയസ് അയ്യരും റണ്ണൊന്നും എടുക്കാതെ അക്സർ പട്ടേലുമാണ് ക്രീസിൽ. ടോസ് നേടിയ ഓസീസ് നായകൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മാർച്ചിൽ ചാമ്പ്യൻസ് ട്രോഫി നേടിക്കൊടുത്ത രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയാണ് ശുഭ്മൻ ഗില്ലിന് ചുമതല നൽകിയത്.
നിതീഷ് കുമാർ റെഡ്ഡി ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കും. പേസ് ബൗളിങ് നിരയിൽ മുഹമ്മദ് സിറാജിനും അർഷ്ദീപ് സിങ്ങിനുമൊപ്പം ഹർഷിത് റാണയും പ്ലെയിങ് ഇലവനിലെത്തി. അക്സർ പട്ടേലും വാഷിങ്ടൺ സുന്ദറുമാണ് സ്പിന്നർമാർ. മിച്ചൽ മാർഷ് നേതൃത്വം നൽകുന്ന കംഗാരുപ്പടയിൽ ക്യാപ്റ്റനും പേസറുമായ പാറ്റ് കമ്മിൻസ്, വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇംഗ്ലിസ്, ഓൾ റൗണ്ടർ കാമറൂൺ ഗ്രീൻ, സ്പിന്നർ ആഡം സാംപ തുടങ്ങിയവർ പരിക്കുമൂലം പുറത്താണ്.
എങ്കിലും ലോകോത്തര പേസർമാരായ മിച്ചൽ സ്റ്റാർക്, ജോഷ് ഹേസിൽവുഡ്, ഇന്ത്യക്കെതിരെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാറുള്ള ട്രാവിസ് ഹെഡ് ഉൾപ്പെടെയുള്ളവർ ടീമിലുണ്ട്.
ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, ഹർഷിത് റാണ,
ആസ്‌ട്രേലിയൻ ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, മാത്യു ഷോർട്ട്, ജോഷ് ഫിലിപ്പ്, മാത്യു റെൻഷോ, കൂപ്പർ കൊനോലി, മിച്ചൽ ഓവൻ, മിച്ചൽ സ്റ്റാർക്, മാത്യു കുനിമാൻ, ജോസ് ഹേസിൽവുഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

