വനിത ലോകകപ്പ് ക്രിക്കറ്റ് ജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് റെക്കോഡ് സമ്മാനം
text_fieldsന്യൂഡൽഹി: വനിത ലോകകപ്പ് ക്രിക്കറ്റിൽ വിജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് റെക്കോഡ് സമ്മാനതുക. ട്രോഫിക്കൊപ്പം ലോകകപ്പ് ജയിച്ച ഒരു ടീമിനും നൽകാത്ത സമ്മാനത്തുകയാണ് ഐ.സി.സി വനിതലോകകപ്പ് വിജയികൾക്ക് നൽകുന്നത്. 39.78 കോടി രൂപയാണ് ഐ.സി.സി സമ്മാനത്തുകയായി നൽകുന്നത്. ഇതുവരെ പുരുഷ-വനിതത ലോകകപ്പ് വിജയികൾക്ക് ഇത്രയും വലിയ സമ്മാനത്തുക ഐ.സി.സി നൽകിയിട്ടില്ല.
ഈ വർഷം സെപ്തംബറിലാണ് വനിത ലോകകപ്പ് വിജയികൾക്കുള്ള സമ്മാനത്തുക ഐ.സി.സി പ്രഖ്യാപിച്ചത്. വിജയികൾക്കുള്ളത് ഉൾപ്പടെ ആകെ 13.88 മില്യൺ യു.എസ് ഡോളർ(123 കോടി) മൂല്യമുള്ള സമ്മാനങ്ങളാണ് ഐ.സി.സി പ്രഖ്യാപിച്ചത്. 2022ലെ സമ്മാനവുമായി താരതമ്യം ചെയ്യുമ്പോൾ 292 ശതമാനം അധികമാണിത്. വിജയികൾക്ക് 4.48 മില്യൺ ഡോളർ മൂല്യമുള്ള സമ്മാനങ്ങളാണ് ഐ.സി.സി നൽകുക. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 239 ശതമാനം അധികമാണ്. റണ്ണേഴ്സ് അപ്പിന് 2.24 മില്യൺ ഡോളറിന്റെ സമ്മാനം നൽകും. കഴിഞ്ഞ പുരുഷ ലോകകപ്പിൽ നാല് മില്യൺ ഡോളറിന്റെ സമ്മാനങ്ങളാണ് ഐ.സി.സി നൽകിയത്.
അരനൂറ്റാണ്ടോടടുക്കുന്ന കാത്തിരിപ്പാണ്. ഇതിനിടെ ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീം രണ്ടുതവണ വീതം ഏകദിനത്തിലും ട്വന്റി20യിലും ലോക രാജാക്കന്മാരായി. പക്ഷേ, ഇക്കാലമത്രയായിട്ടും ഏകദിനത്തിലോ കുട്ടിക്രിക്കറ്റിലോ റാണിമാരായി വാഴാൻ വിമൻ ഇൻ ബ്ലൂവിനായില്ല. ഫൈനലിലെത്തിയപ്പോഴെല്ലാം തോൽവിയായിരുന്നു ഫലം. ഏകദിനത്തിൽ രണ്ടും ട്വന്റി20യിൽ ഒരുവട്ടവും കിരീടത്തിനരികിലേക്കുയർന്ന് നിരാശയുടെ പടുകുഴിയിലേക്ക് പതിച്ചു. അതെല്ലാം മായ്ച്ച് നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിന്റെ ആകാശത്ത് ഞായറാഴ്ച രാത്രി ഒരു വിജയ നക്ഷത്രമുദിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് 145 കോടി ഇന്ത്യക്കാർ. ഹർമൻപ്രീത് കൗർ കപ്പ് ഏറ്റുവാങ്ങുമ്പോൾ ഗാലറിയിലെ നീലസാഗരവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് കളി വീക്ഷിക്കുന്ന ആരാധകരും ആഹ്ലാദാരവങ്ങളിലലിയും.
2005ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പ്. ചരിത്രത്തിലാദ്യമായി ഇന്ത്യ ഫൈനലിൽ. മിതാലി രാജ് നയിച്ച സംഘത്തിന് പക്ഷേ ആസ്ട്രേലിയക്ക് മുന്നിൽ കിരീടം അടിയറവെക്കേണ്ടിവന്നു. 2017ൽ ഇംഗ്ലണ്ടിലായിരുന്നു മറ്റൊരു ഫൈനൽ പ്രവേശനം. മിതാലിതന്നെയായിരുന്നു ക്യാപ്റ്റൻ. ഹർമൻപ്രീതും സൂപ്പർ താരം സ്മൃതി മന്ദാനയും ഓൾ റൗണ്ടർ ദീപ്തി ശർമയുമെല്ലാം കളിച്ച കലാശപ്പോരാട്ടത്തിൽ ഇംഗ്ലീഷുകാരോട് മുട്ടുമടക്കി. മൂന്നാം ഫൈനലിൽ പിഴക്കില്ലെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. സെമി ഫൈനലിൽ ആസ്ട്രേലിയക്കെതിരെ നേടിയ റെക്കോഡ് ജയം ആത്മവിശ്വാസം പതിന്മടങ്ങ് വർധിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

