പ്രഷർ കുറച്ച് പ്ലഷർ കൂട്ടാൻ...ഇന്ത്യ രണ്ടാം മത്സരത്തിൽ ഇന്ന് നെതർലൻഡ്സിനെതിരെ
text_fieldsനെതർലൻഡ്സിനെതിരായ മത്സരത്തിന് സിഡ്നിയിലെത്തിയ ഇന്ത്യൻ താരങ്ങൾ
(ബി.സി.സി.ഐ ട്വിറ്റർ പേജിലെ വിഡിയോ ചിത്രം)
സിഡ്നി: പാകിസ്താനെതിരെ 20ാം ഓവറിൽ ശ്വാസമടക്കിപ്പിടിച്ച് അവസാന പന്തിൽ നേടിയ വിജയത്തെ കവച്ചുവെക്കുന്നൊരു സന്തോഷം ഇന്ത്യൻ ക്രിക്കറ്റിന്റെ സമീപകാല ചരിത്രത്തിലുണ്ടായിട്ടില്ല. ആരവമടങ്ങുംമുമ്പ് നാലാം നാൾ രോഹിത് ശർമയും സംഘവും സൂപ്പർ പന്ത്രണ്ട് ഗ്രൂപ് രണ്ടിൽ രണ്ടാം മത്സരത്തിന് ഒരുങ്ങുകയാണ്.
കൂട്ടത്തിൽ ശക്തി കുറഞ്ഞ നെതർലൻഡ്സാണ് എതിരാളികൾ. കരുത്തരായ ദക്ഷിണാഫ്രിക്കയടക്കം ഇന്ത്യയെ കാത്തിരിക്കുന്നതിനാൽ വ്യാഴാഴ്ച ബൗളർമാരേക്കാൾ ബാറ്റർമാർക്ക് മികവ് പുറത്തെടുക്കാനുള്ള അവസരമാണിത്. സമ്മർദമില്ലാതെ കളിക്കാനാവുമെന്ന പ്രതീക്ഷയും.
പാകിസ്താനെതിരെ വിരാട് കോഹ്‌ലി ഷോ ഒരുക്കിയ വിജയമായിരുന്നു. പിന്നെ തിളങ്ങിയത് ഹാർദിക് പാണ്ഡ്യയാണ്. മുൻനിരയിലെ രോഹിത് ശർമ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ് എന്നിവർ റൺ കണ്ടെത്താൻ വിഷമിച്ചു. നെതർലൻഡ്സിനെ സംബന്ധിച്ച് കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനോടേറ്റ തോൽവിയുടെ ക്ഷീണമുണ്ട്.
മുന്നോട്ടുള്ള സാധ്യതകൾ സജീവമാക്കാൻ വിജയം അനിവാര്യമാണ്. ഗ്രൂപ്പിൽ ഓരോ ജയം നേടിയ ഇന്ത്യക്കും ബംഗ്ലാദേശിനും രണ്ട് വീതം പോയന്റാണുള്ളത്. റൺറേറ്റ് നോക്കുമ്പോൾ ബംഗ്ലാദേശാണ് മുന്നിൽ. ദക്ഷിണാഫ്രിക്കയുടെ സിംബാബ് വേക്കെതിരായ ആദ്യ മത്സരം മഴകാരണം ഉപേക്ഷിച്ചതിനാൽ അവർ മൂന്നാമതാണ്.
ടീം ഇവരിൽ നിന്ന്:
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, ഋഷഭ് പന്ത്, യുസ്‌വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, ദീപക് ഹൂഡ.
നെതർലൻഡ്സ്: സ്കോട്ട് എഡ്വേർഡ്സ് (ക്യാപ്റ്റൻ), കോളിൻ അക്കർമാൻ, ടോം കൂപ്പർ, ബാസ് ഡി ലീഡ്, ബ്രാൻഡൻ ഗ്ലോവർ, ഫ്രെഡ് ക്ലാസൻ, സ്റ്റീഫൻ മൈബർഗ്, വിക്രംജിത് സിങ്, തേജ നിദിമാനുരു, മാക്സ് ഒ ഡൗഡ്, ടിം പ്രിംഗിൾ, റോലോഫ് വാൻ ഡെർ മെർവെ, ടിം വാൻഡർ ലോഗൻ വാൻ ബീക്ക്, പോൾ വാൻ മീകെരെൻ, ഷാരിസ് അഹമ്മദ്.
ഇന്ത്യൻ താരങ്ങൾക്ക് തണുത്ത ഭക്ഷണം; ചൂടുപിടിച്ച് വിവാദം
സിഡ്നി: കഴിഞ്ഞ ദിവസത്തെ പരിശീലനത്തിന് ശേഷം ഇന്ത്യൻ താരങ്ങൾക്ക് ഒരുക്കിവെച്ച ഭക്ഷണം തണുത്തുപോയതിനെച്ചൊല്ലി വിവാദം. ഗുണനിലവാരമില്ലാത്തതും ചൂടില്ലാത്തതുമായ വിഭവങ്ങൾ ലഭിച്ചതിനെത്തുടർന്ന് താരങ്ങൾ ഉച്ചഭക്ഷണം ബഹിഷ്കരിച്ച് മടങ്ങിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം.
പരിശീലന സെഷനുശേഷം ചൂടുള്ള ഭക്ഷണം വേണമെന്ന് ഇന്ത്യൻ താരങ്ങൾക്ക് നിർബന്ധമുണ്ട്. എന്നാൽ, തണുത്ത സാൻഡ്‌വിച്ചുകളാണ് നൽകിയത്. ഇക്കാര്യം ഇന്ത്യൻ ടീം മാനേജ്മന്റെ് അനൗദ്യോഗികമായി ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലിനെ (ഐ.സി.സി) അറിയിച്ചെന്നാണ് വിവരം.
'ഇന്ത്യൻ ടീമിന് നൽകിയ ഭക്ഷണം നല്ലതായിരുന്നില്ല. അവർക്ക് സാൻഡ്‌വിച്ചുകൾ മാത്രമാണ് നൽകിയത്. സിഡ്‌നിയിലെ പരിശീലനത്തിന് ശേഷം നൽകിയ ഭക്ഷണം തണുത്തതായിരുന്നു. അത്ര നല്ലതുമല്ല' -ബി.സി.സി.ഐ വൃത്തങ്ങൾ പറഞ്ഞു.
തുടർന്ന് കിലോമീറ്ററുകൾ താണ്ടി താമസസ്ഥലത്തെ ഹോട്ടലിൽ വന്നാണ് താരങ്ങൾ പരിശീലനത്തിനു ശേഷം ഉച്ചഭക്ഷണം കഴിച്ചത്. സംഭവത്തിന് പിന്നാലെയെത്തിയ മുൻതാരം വീരേന്ദർ സെവാഗിന്റെ ട്വീറ്റും ചർച്ചയായി.
''പാശ്ചാത്യ രാജ്യങ്ങളുടെ ആതിഥ്യ മര്യാദയാണ് ഏറ്റവും മികച്ചതെന്ന് ചിന്തിച്ചിരുന്ന കാലമൊക്കെ പോയി. ആതിഥ്യ മര്യാദയിൽ ഇപ്പോൾ ഇന്ത്യ ബഹുഭൂരിപക്ഷം പാശ്ചാത്യ രാജ്യങ്ങളേക്കാളും മികച്ചതാണ്' - സേവാഗ് ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

