ഐ.സി.സി പറഞ്ഞിട്ടും ‘നോ ഹാൻഡ്ഷേക്ക്’! അണ്ടർ 19 ഏഷ്യ കപ്പിലും കൈ കൊടുക്കാതെ ഇന്ത്യയും പാകിസ്താനും
text_fieldsദുബൈ: ഇന്ത്യൻ സീനിയർ താരങ്ങളുടെ വഴിയേ ജൂനിയർ താരങ്ങളും! അണ്ടർ 19 ഏഷ്യ കപ്പ് ടൂർണമെന്‍റിലും ഇന്ത്യയുടെയും പാകിസ്താന്‍റെയും ക്യാപ്റ്റന്മാർ കൈകൊടുത്തില്ല. ടോസിനുശേഷം പാക് ക്യാപ്റ്റൻ ഫർഹാൻ യൂസഫുമായി ഹസ്തദാനം നടത്താൻ ഇന്ത്യൻ ക്യാപ്റ്റൻ ആയൂഷ് മാത്രെ തയാറായില്ല.
പെഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സീനിയർ ഏഷ്യ കപ്പിൽ ഇന്ത്യൻ നായകൻ സുര്യകുമാർ യാദവ് പാക് നായകന് ഹസ്തദാനം നൽകിയിരുന്നില്ല. പിന്നാലെ വനിതാ ഏകദിന ലോകകപ്, റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് ട്വന്‍റി20 ടൂർണമെന്റുകളിലും പാക് ടീമംഗങ്ങൾക്ക് കൈകൊടുക്കാൻ ഇന്ത്യ തയാറായിരുന്നില്ല. അണ്ടർ 19 ടൂർണമെന്റിൽനിന്നു രാഷ്ട്രീയം മാറ്റിനിർത്തണമെന്നും ഹസ്തദാനത്തിനു തയാറാകണമെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ബി.സി.സി.ഐയോട് അഭ്യർഥിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഹസ്തദാനം കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ വിവരം മാച്ച് റഫറിയെ മുൻകൂട്ടി അറിയിക്കണമെന്ന് ഐ.സി.സി ആവശ്യപ്പെട്ടിരുന്നു. മത്സരത്തിൽ ടോസ് നേടിയ പാക് നായകൻ ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു. മഴ കാരണം മത്സരം 49 ഓവറാക്കി ചുരുക്കിയിരിന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 46.1 ഓവറിൽ 240 റൺസിന് ഓൾഔട്ടായി. മലയാളി ബാറ്റർ ആരോൺ ജോർജിന്‍റെ (88 പന്തിൽ 85) അർധ സെഞ്ച്വറിയാണ് ഇന്ത്യയെ ഭേദപ്പട്ട സ്കോറിലെത്തിച്ചത്. ആദ്യ മത്സരത്തിലും താരം അർധ സെഞ്ച്വറി നേടിയിരുന്നു. കനിഷ്ക് ചൗഹാൻ 46 പന്തിൽ 46 റൺസും ക്യാപ്റ്റൻ ആയുഷ് മാത്രെ 25 പന്തിൽ 38 റൺസെടുമെടുത്തു.
യു.എ.ഇക്കെതിരായ ആദ്യ മത്സരത്തിൽ വെടിക്കെട്ട് സെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശി ആറു പന്തിൽ അഞ്ചു റൺസുമായി പുറത്തായി. നാലാം ഓവറിൽ പേസർ മുഹമ്മദ് സയ്യം റിട്ടേൺ ക്യാച്ചെടുത്താണ് വൈഭവിനെ പുറത്താക്കിയത്. വിഹാൻ മൽഹോത്ര (16 പന്തിൽ 12), വേദാന്ത് ത്രിവേദി (22 പന്തിൽ ഏഴ്), അഭിയാൻ കുണ്ടു (32 പന്തിൽ 22), ഖിലാൻ പട്ടേൽ (15 പന്തിൽ ആറ്), ഹെനിൽ പട്ടേൽ (20 പന്തിൽ 12), ദീപേഷ് ദേവേന്ദ്രൻ (അഞ്ചു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
പാകിസ്താനുവേണ്ടി മുഹമ്മദ് സയ്യാം, അബ്ദുൽ സുബാൻ എന്നിവർ മൂന്നു വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 13.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 36 റൺസെന്ന നിലയിലാണ്. ദീപേഷ് ദേവേന്ദ്രന്‍റെ ബൗളിങ്ങാണ് പാകിസ്താന് തുടക്കത്തിലെ പ്രഹരമേൽപ്പിച്ചത്. മൂന്നു വിക്കറ്റാണ് താരം വീഴ്ത്തിയത്. ഉസ്മാൻ ഖാൻ (42 പന്തിൽ 16), സമീർ മിൻഹാസ് (20 പന്തിൽ ഒമ്പത്), അലി ഹസ്സൻ ബലോച്ച് (പൂജ്യം), അഹ്മദ് ഹുസൈൻ (10 പന്തിൽ നാല്) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്താന് നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

