ഇന്ത്യ-ശ്രീലങ്ക നാലാം വനിത ട്വന്റി20 ഇന്ന്
text_fieldsഇന്ത്യൻ ക്യാപ്റ്റൻ ഹര്മന് പ്രീത് കൗര്‍, സഹതാരങ്ങളായ വൈഷ്ണവി ശര്‍മ, അമന്‍ജോത് കൗര്‍, റിച്ച ഘോഷ്, ഹര്‍ലീൻ ഡിയോള്‍ എന്നിവർക്കൊപ്പം തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം പുറത്തേക്കു വരുന്നു - വൈ.ആർ. വിപിൻദാസ്
തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിത ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാം പോരാട്ടം ഞായറാഴ്ച കാര്യവട്ടം സ്പോര്‍ട്സ് ഹബ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ മൂന്ന് മത്സരങ്ങളും ആധികാരികമായി വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. വൈകീട്ട് ഏഴിന് തുടങ്ങുന്ന മത്സരത്തിലും വിജയം തുടര്‍ന്ന് ആധിപത്യം ഉറപ്പിക്കാനാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ലക്ഷ്യമിടുന്നത്. പരമ്പര നഷ്ടമായെങ്കിലും ബാക്കിയുള്ള മത്സരങ്ങളില്‍ ജയിച്ച് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ശ്രീലങ്കന്‍ വനിതകള്‍. ഓള്‍റൗണ്ട് മികവാണ് ഇന്ത്യന്‍ ടീമിന്റെ പ്രധാന കരുത്ത്.
ദീപ്തി ശര്‍മയുടെയും രേണുക സിങ് താക്കൂറിന്റെയും ബൗളിങ് പ്രകടനമാണ് ഗ്രീന്‍ഫീല്‍ഡ് പിച്ചില്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നത്. ഓപണര്‍ ഷഫാലി വര്‍മയുടെ തകര്‍പ്പന്‍ ഫോമാണ് ബാറ്റിങ്ങിൽ ഇന്ത്യയുടെ ആത്മവിശ്വാസം. വിശാഖപട്ടണത്തെ രണ്ടാം മത്സരത്തിലും കാര്യവട്ടത്തെ മൂന്നാം മത്സരത്തിലും ഷഫാലി സുന്ദരമായൊരു ബാറ്റിങ് വിരുന്നാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് സമ്മാനിച്ചത്. ആദ്യ കളിയിൽ ജെമീമ റോഡ്രിഗസിന്റെ മികവിലായിരുന്നു ഇന്ത്യയുടെ ജയം.
അതേസമയം, വൈസ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സ്മൃതി മന്ദാനക്ക് ഈ പരമ്പരയില്‍ ഇതുവരെ മികച്ച സ്കോറുകള്‍ കണ്ടെത്താനാവാത്തതാണ് ചെറിയ നിരാശ. മറുഭാഗത്ത്, ബാറ്റിങ് നിരയുടെ പരാജയമാണ് ശ്രീലങ്കയെ വലക്കുന്നത്. മിക്ക ബാറ്റര്‍മാരും ചെറിയ സ്കോറുകള്‍ക്ക് പുറത്താകുന്നതും ഫീല്‍ഡിങ്ങിലെ പിഴവുകളും അവര്‍ക്ക് തിരിച്ചടിയാകുന്നു. കഴിഞ്ഞ മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. തലസ്ഥാനത്തെ ക്രിക്കറ്റ് പ്രേമികളില്‍ നിന്ന് വലിയ പിന്തുണയാണ് മത്സരത്തിന് ലഭിക്കുന്നത്. എണ്ണായിരത്തോളം കാണികളാണ് കഴിഞ്ഞ മത്സരം കാണാനെത്തിയത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരം ഡിസംബര്‍ 30ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

