ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് ഇന്നുമുതൽ
text_fieldsകൊൽക്കത്ത: ഇന്ത്യയിൽ ടെസ്റ്റ് കളിക്കാനെത്തുന്ന മിക്ക ടീമുകളുടെയും പേടിസ്വപ്നം സ്പിന്നിനെ അകമഴിഞ്ഞ് തുണക്കുന്ന പിച്ചുകളും ആതിഥേയ ടീമിന്റെ സ്പിൻ പടയുമാണ്. ഹോം ഗ്രൗണ്ടിലെ ഇന്ത്യൻ മേധാവിത്വവും സ്പിന്നർമാരുടെ റെക്കോഡും നോക്കുമ്പോൾ അത് സ്വാഭാവികവുമാണ്.
എന്നാൽ, ഇത്തവണ കാര്യങ്ങൾ കുറച്ച് വ്യത്യസ്തമാണ്. പഞ്ചദിന ഫോർമാറ്റിൽ ലോകചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക ഇന്ത്യൻ മണ്ണിലെത്തുമ്പോൾ ആതിഥേയരാണ് എതിരാളികളുടെ സ്പിൻ ബൗളിങ്ങിനെ ഒട്ടൊന്ന് ഭയക്കുന്നത്. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, പാകിസ്താനെതിരെ അടുത്തിടെ 1-1ന് അവസാനിച്ച പരമ്പരയിൽ ദക്ഷിണാഫ്രിക്കയുടെ ബൗളർമാർ വീഴ്ത്തിയ 39 വിക്കറ്റുകളിൽ 35ഉം കേശവ് മഹാരാജ്, സെനുരാൻ മുത്തുസ്വാമി, സൈമൺ ഹാമർ സ്പിൻ ത്രയത്തിന്റെ സംഭാവനയായിരുന്നു എന്നതാണത്.
പാകിസ്താന്റെ സ്പിന്നർമാരായ നുഅ്മാൻ അലി, സാജിദ് ഖാൻ, ആസിഫ് അഫ്രീദി, സൽമാൻ ആഗ എന്നിവർക്ക് 27 വിക്കറ്റേ എടുക്കാനായുള്ളൂ എന്നത് ഇതിനോട് ചേർത്തുവായിക്കുമ്പോഴേ ദക്ഷിണാഫ്രിക്കൻ സ്പിന്നർമാരുടെ മികവ് മനസ്സിലാവൂ. രണ്ടാമത്തെ കാരണം കഴിഞ്ഞവർഷം ഇന്ത്യ സ്വന്തം മണ്ണിൽ ന്യൂസിലൻഡിനെതിരെ 3-0ത്തിന് തകർന്ന സംഭവമാണ്. മൂന്ന് ടെസ്റ്റ് പരമ്പരയിൽ 36 വിക്കറ്റുകളാണ് കിവീ കറക്കുകമ്പനിയായ അജാസ് പട്ടേൽ, മിച്ചൽസാന്റ്നർ, ഗ്ലെൻ ഫിലിപ്സ് എന്നിവർ ചേർന്ന് വീഴ്ത്തിയത്.
ഈഡൻ ഗാർഡൻസിലെ പിച്ച് സ്പിന്നിനെ തുണക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും തുടക്കത്തിൽ പന്തുകൾക്ക് നല്ല മുവ്മെന്റും പിന്നീട് റിവേഴ്സ് സ്വിങ്ങും കിട്ടാറുണ്ട് എന്നത് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറക്കും ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളർ കഗീസോ റബാദക്കും പ്രതീക്ഷ പകരും.
കഴിഞ്ഞ 15 വർഷത്തിനിടെ ഈ ഗ്രൗണ്ടിൽ വീണ 159 വിക്കറ്റുകളിൽ 97ഉം പേസർമാരുടെ പേരിലാണ് എന്നതും പ്രസക്തമാണ്. ബുംറക്കൊപ്പം മുഹമ്മദ് സിറാജിന് പകരം ലോക്കൽ ബോയ് ആകാശ്ദീപിന് അവസരം ലഭിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടിവരും.
സ്പിന്നർമാരായി രവീന്ദ്ര ജദേജ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ എന്നിവർക്ക് നറുക്ക് വീഴാനാണ് സാധ്യത. കുൽദീപ് യാദവ് പുറത്തിരിക്കേണ്ടിവരും. ഇന്ത്യയുടെ ബാറ്റിങ് ലൈനപ് സെറ്റാണ്. കെ.എൽ. രാഹുൽ, യശസ്വി ജയ്സ്വാൾ, സായ് സുദർശൻ, ശുഭ്മൻ ഗിൽ, ഋഷഭ് പന്ത്, ധ്രുവ് ജുറെൽ എന്നിവരായിരിക്കും ആദ്യ ആറു ബാറ്റർമാർ. പരിക്കുമൂലം വെസ്റ്റിൻഡീസിനെതിരെ കളിക്കാതിരുന്ന ഋഷഭ് പന്തിന് ഇത് തിരിച്ചുവരവാണ്.
പന്തിന്റെ വരവോടെ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയാണ് ഇലവനിൽനിന്ന് പുറത്തായത്. കളിപ്പിക്കില്ലെന്നുറപ്പായതോടെ നിതീഷിന് ദക്ഷിണാഫ്രിക്ക ‘എ’ക്കെതിരായ ഏകദിനം കളിക്കാൻ ടീമിൽനിന്ന് വിടുതൽ നൽകുകയും ചെയ്തു. വിൻഡീസിനെതിരെ പന്തിന് പകരം കളിച്ച ജുറെൽ സമീപകാലത്ത് മികച്ച ഫോമിലാണ്. തെംബ ബവുമ, എയ്ഡൻ മാർക്രം, റ്യാൻ റിക്കിൾട്ടൺ, ട്രിസ്റ്റൻ സ്റ്റബ്സ്, കെയ്ൽ വെറെയ്ൻ എന്നിവരടങ്ങിയ പ്രോട്ടീസ് ബാറ്റിങ് നിര കരുത്തുറ്റതാണ്.
കേശവ് മഹാരാജ്, സെനുരാൻ മുത്തുസ്വാമി, സൈമൺ ഹാമർ സ്പിൻ ത്രയത്തിനും കഗീസോ റബാദക്കും പിന്തുണ നൽകാൻ ഓൾറൗണ്ടർമാരായ മാർകോ യാൻസൺ, വിയാൻ മൾഡർ തുടങ്ങിയവരുമുണ്ട്.
ടീം
ഇന്ത്യ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, യശസ്വി ജയ്സ്വാൾ, സായ് സുദർശൻ, ഋഷഭ് പന്ത്, ധ്രുവ് ജുറെൽ, രവീന്ദ്ര ജദേജ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ജസ്‍പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ്ദീപ്.
ദക്ഷിണാഫ്രിക്ക: തെംബ ബവുമ (ക്യാപ്റ്റൻ), എയ്ഡൻ മാർക്രം, റ്യാൻ റിക്കിൾട്ടൺ, ട്രിസ്റ്റൻ സ്റ്റബ്സ്, കെയ്ൽ വെറെയ്ൻ, ഡെവാൾഡ് ബ്രെവിസ്, സുബൈർ ഹംസ, ടോണി ഡി സോർസി, കോർബിൻ ബോഷ്, വിയാൻ മൾഡർ, മാർകോ യാൻസൺ, കഗീസോ റബാദ, കേശവ് മഹാരാജ്, സെനുരാൻ മുത്തുസ്വാമി, സൈമൺ ഹാമർ.
കുൽദീപോ അക്സറോ? ഉറപ്പുപറയാതെ ഗിൽ
കൊൽക്കത്ത: രവീന്ദ്ര ജദേജക്കും വാഷിങ്ടൺ സുന്ദറിനുമൊപ്പം ഇന്ത്യയുടെ മൂന്നാം സ്പിന്നർ ആരായിരിക്കുമെന്ന കാര്യത്തിൽ ഉറപ്പുപറയാതെ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ‘‘എക്സ്ട്രാ സ്പിന്നർ വേണോ, സ്പിൻ ഓൾറൗണ്ടർ വേണോ എന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാവില്ല. നാളെ രാവിലെ പിച്ച് കണ്ട ശേഷമേ തീരുമാനമെടുക്കൂ’’ -മത്സരത്തലേന്നത്തെ വാർത്തസമ്മേളനത്തിൽ ഗിൽ പറഞ്ഞു.
വിൻഡീസിനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റിൽ കുൽദീപാണ് കളിച്ചത്. 19.50 ശരാശരിയിൽ 12 വിക്കറ്റുമായി പരമ്പരയിലെ മികച്ച വിക്കറ്റ് വേട്ടക്കാരനും കുൽദീപായിരുന്നു. വിക്കറ്റെടുക്കുന്ന സ്പിന്നർ എന്നത് കുൽദീപിന് മുൻതൂക്കം നൽകുമ്പോൾ നന്നായി ബാറ്റ് ചെയ്യുന്ന സ്പിന്നർ എന്നത് അക്സറിന് അനുകൂല ഘടകമാണ്.
ഇന്ത്യൻ മണ്ണിൽ ജയിക്കാനായാൽ ലോക കിരീടത്തിന് മാത്രം പിന്നിൽ -ബവുമ
കൊൽക്കത്ത: ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പരമ്പര ജയിക്കാൻ സാധിച്ചാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് വിജയത്തിന് മാത്രം പിന്നിൽവരുന്ന നേട്ടമായിരിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബവുമ. ഇന്ത്യയിലെ മത്സരങ്ങൾ കടുത്ത വെല്ലുവിളിയാണെന്നും അത് ഏറ്റെടുക്കാൻ ടീം സജ്ജമാണെന്നും ബവുമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

