ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര; നാളെ തുടക്കം
text_fieldsകൊൽക്കത്ത: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ തുടക്കമാവും. വെസ്റ്റിൻഡീസിനെതിരായ പരമ്പര വിജയത്തിന്റെ തുടർച്ച പ്രതീക്ഷിച്ച് ഇറങ്ങുന്ന ശുഭ്മൻ ഗില്ലിനും സംഘത്തിനും അത്ര എളുപ്പമാവില്ല നിലവിലെ ടെസ്റ്റ് ലോകചാമ്പ്യന്മാർക്കെതിരായ പോരാട്ടം. പരിക്കുമാറിയെത്തുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ തിരിച്ചുവരവാണ് ഇന്ത്യൻ ടീമിലെ പ്രധാന മാറ്റം. ഉപനായകസ്ഥാത്തേക്കും തിരിച്ചെത്തിയ പന്ത് ഇറങ്ങുമ്പോൾ സ്വാഭാവികമായും സ്ഥാനം നഷ്ടമാവേണ്ടത് വിൻഡീസിനെതിരെ പകരം കളിച്ച ധ്രുവ് ജുറെലിനാണ്.
എന്നാൽ, മികച്ച ഫോമിൽ കളിക്കുന്ന ജുറെൽ ദക്ഷിണാഫ്രിക്ക ‘എ’ക്കെതിരെ ഇന്ത്യ ‘എ’ക്ക് വേണ്ടി രണ്ടിന്നിങ്സിലും അപരാജിത സെഞ്ച്വറി നേടി തന്നെ ഒഴിവാക്കൽ പ്രയാസകരമാവുമെന്ന് ടീം മാനേജ്മെന്റിന് സൂചന നൽകിയിരുന്നു. അത് മാനേജ്മെന്റ് കേട്ടു എന്നുവേണം മനസ്സിലാക്കാൻ. ‘‘ജുറെലിനെ ഈ ടെസ്റ്റിൽനിന്ന് മാറ്റിനിർത്താനാവില്ല. എന്നാൽ, 11 പേരെയല്ലേ കളിപ്പിക്കാനാവൂ. മറ്റാരെങ്കിലും വഴിമാറിക്കൊടുക്കേണ്ടിവരും’ -ആദ്യ ടെസ്റ്റിന് മുന്നോടിയായുള്ള വാർത്തസമ്മേളനത്തിൽ ഇന്ത്യയുടെ സഹപരിശീലകൻ റ്യാൻ ടെൻ ഡെസ്കാറ്റ് പറഞ്ഞു.
എന്നാൽ, ജുറെലും പന്തും കളിക്കുമ്പോൾ ആരെയാവും കരക്കിരുത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഇന്ത്യ കളിപ്പിക്കാനിടയുള്ള മൂന്നു സ്പിന്നർമാരും (രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ) ഓൾറൗണ്ടർമാരാണെന്നിരിക്കെ അടുത്ത സാധ്യതയായ നിതീഷ് കുമാർ റെഡ്ഡിയെ മാറ്റിനിർത്താനാണ് ഗംഭീറിന്റെ തീരുമാനം. താരത്തെ ഇന്ന് രാജ്കോട്ടിൽ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്ക എക്കെതിരായ ഏകദിന പരമ്പര കളിക്കാനായി ടെസ്റ്റ് ടീമിൽനിന്ന് മാറ്റിയിട്ടുണ്ട്. വിൻഡീസിനെതിരെ കളിച്ചങ്കിലും ബാറ്റിങ്ങിലോ ബൗളിങ്ങിലോ നിതീഷിന് കാര്യമായ റോളുണ്ടായിരുന്നില്ല.
ഒരിക്കൽ മാത്രം ബാറ്റിങ്ങിനിറങ്ങിയ നിതീഷ് നാല് ഓവർ മാത്രമേ എറിഞ്ഞുള്ളൂ. പിന്നാലെ ആസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന, ട്വന്റി20 ടീമിലുൾപ്പെട്ട നിതീഷ് പക്ഷേ, പരിക്കുമൂലം രണ്ട് ഏകദിനങ്ങളിൽ മാത്രമേ കളിച്ചുള്ളൂ. പരിക്കുമാറിയ താരം ഇപ്പോൾ ടീമിനൊപ്പമുണ്ട്.
ദക്ഷിണാഫ്രിക്കയും മൂന്ന് സ്പിന്നർമാരുമായി ഇറങ്ങാനാണ് സാധ്യത. തൊട്ടുമുമ്പ് പാകിസ്താനെതിരെ 1-1ന് സമനിലയിലായ പരമ്പരയിൽ കേശവ് മഹാരാജ്, സൈമൺ ഹാർമർ, സെനുരാൻ മുത്തുസ്വാമി എന്നിവർ ചേർന്ന് രണ്ടു ടെസ്റ്റിൽ 33 വിക്കറ്റ് വീഴ്ത്തിയിരുന്നു. ടെസ്റ്റ് പരമ്പരയിൽ മാറിനിൽക്കുന്നത് നിതീഷിന് നവംബർ 30ന് റാഞ്ചിയിൽ തുടക്കമാകുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിൽ കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ ഊർജമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

