ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 ഇന്ന്
text_fieldsഇന്ത്യൻ താരങ്ങളായ റിങ്കുസിങ്, കുൽദീപ് യാദവ്, മുകേഷ്കുമാർ
ജൊഹാനസ്ബർഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം വ്യാഴാഴ്ച നടക്കും. പരമ്പരയിൽ 0-1ന് പിന്നിലായ ഇന്ത്യക്ക് ഇന്ന് ജയിച്ചേ തീരൂ. രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്കോർ നേടിയിട്ടും തോൽവി ഏറ്റുവാങ്ങുകയായിരുന്നു സൂര്യകുമാർ യാദവും സംഘവും. ഏകദിന, ടെസ്റ്റ് പരമ്പരകൾ നടക്കാനിരിക്കെ ട്വന്റി20 പരമ്പരയിൽ ഒപ്പമെത്തുന്നത് ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടും. ബാറ്റർമാരുടെ ഫോമിൽ ഒരിക്കൽക്കൂടി പ്രതീക്ഷയർപ്പിക്കുകയാണ് ടീം. ആദ്യ കളി പൂർണമായും മഴയെടുത്തതിനാൽ രണ്ടാം മത്സരം ജീവന്മരണ പോരാട്ടമായിരുന്നു. ഓപണർമാരായ ശുഭ്മൻ ഗില്ലും യശസ്വി ജയ്സ്വാളും പരാജയമായപ്പോൾ റിങ്കു സിങ്ങിന്റെയും സൂര്യകുമാറിന്റെയും അർധശതകങ്ങൾ ഇന്ത്യയെ 180ലെത്തിച്ചിട്ടും പക്ഷേ, രക്ഷയുണ്ടായില്ല.
കഴിഞ്ഞ രാത്രി ഇന്ത്യ 19.3 ഓവറിൽ 180 റൺസിൽ നിൽക്കെയാണ് മഴയെത്തിയത്. മഴനിയമപ്രകാരം ആതിഥേയരുടെ വിജയലക്ഷ്യം 15 ഓവറിൽ 152 റൺസാക്കി പുതുക്കി നിശ്ചയിച്ചു. ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ കത്തിക്കറിയപ്പോൾ ഏഴ് പന്ത് ബാക്കി നിൽക്കെ പ്രോട്ടീസ് വിജയത്തിലെത്തി. 13.5 ഓവറിൽ അഞ്ച് വിക്കറ്റിന് 154 റൺസാണ് നേടിയത്.
27 പന്തിൽ 49 റൺസടിച്ച് ഓപണർ റീസ ഹെൻഡ്രിക്സും 17 പന്തിൽ 30 റൺസ് നേടി ക്യാപ്റ്റൻ എയ്ഡൻ മർകറമും ജയം എളുപ്പമാക്കി. ഇന്ത്യൻ ബൗളർമാർക്ക് ഒരവസരവും നൽകാതെ ആഞ്ഞടിച്ച ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ ഓവറിൽ ശരാശരി പത്ത് റൺസിന് മുകളിലാണ് അടിച്ചെടുത്തത്. പേസർമാരായ അർഷ്ദീപ് സിങ്ങും മുകേഷ് കുമാറും യഥേഷ്ടം റൺസ് വഴങ്ങി. അർഷ്ദീപിന്റെ രണ്ട് ഓവറിൽ 31ഉം മുകേഷിന്റെ മൂന്ന് ഓവറിൽ 34ഉം റൺസ് പിറന്നു. മുകേഷിന് രണ്ട് ഇരകളെ കിട്ടിയത് മാത്രം മിച്ചം.
ടീം ഇവരിൽനിന്ന്
ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്വാദ്, തിലക് വർമ, റിങ്കു സിങ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, ജിതേഷ് ശർമ, രവീന്ദ്ര ജദേജ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയി, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ.
ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ഒട്ട്നിയൽ ബാർട്ട്മാൻ, മാത്യു ബ്രീറ്റ്സ്കെ, നാൻഡ്രെ ബർഗർ, ഡോണോവൻ ഫെരേര, റീസ ഹെൻഡ്രിക്സ്, ഹെൻറിച്ച് ക്ലാസെൻ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, ആൻഡിൽ ഫെഹ്ലുക്വായോ, തബ്രായിസ് ഷംസി, ട്രിസ്റ്റൻ സ്റ്റബ്സ്, ലിസാഡ് വില്യംസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

