Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ-ദക്ഷിണാഫ്രിക്ക...

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്

text_fields
bookmark_border
ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്
cancel
camera_alt

കെ.എൽ. രാഹുൽ,ടെംബ ബാവുമ

വിശാഖപട്ടണം: ഏകദേശം നാലു പതിറ്റാണ്ട് മുമ്പാണ് സ്വന്തം മണ്ണിൽ ടെസ്റ്റിലും ഏകദിനത്തിലും ഒന്നിച്ച് ഇന്ത്യ പരമ്പര കൈവിട്ടത്. ഇന്ന് വിശാഖപട്ടണത്ത് പ്രോട്ടീസിനെതിരെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ടീം പാഡുകെട്ടുമ്പോൾ മുന്നിൽ അങ്ങനെയൊരു ആധിയുണ്ട്.

ടെസ്റ്റ് പരമ്പര നേരത്തെ കൈവിട്ട ടീം മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ 1-1ന് ഒപ്പം നിൽക്കുകയാണ്. തോറ്റാൽ 1986-87ൽ പാകിസ്താനോട് രണ്ട് പരമ്പരകളും ഒന്നിച്ച് തോൽവി വഴങ്ങിയ ശേഷം അതേ നാണക്കേട് വീണ്ടും ടീമിനെ തേടിയെത്തും. ദക്ഷിണാഫ്രിക്കക്കാകട്ടെ, ഇരട്ട നേട്ടം ടീമിന്റെ റാങ്കിങ്ങിനെ ഏറെ സഹായിക്കുന്നതാകും.

ടോസ് ഏറെ നിർണായകമാണ് ഇന്ന്. തുടർച്ചയായ 20 ടോസ് നഷ്ടങ്ങൾക്കു ശേഷം ഇത്തവണ ഇന്ത്യയെ തുണക്കുമെന്ന് ടീമും ആരാധകരും കണക്കുകൂട്ടുന്നു. കഴിഞ്ഞ കളിയിൽ വെറ്ററൻ കരുത്ത് ഉഗ്രരൂപം പൂണ്ട വിരാട് കോഹ്‍ലി, രോഹിത് ശർമ കൂട്ടുകെട്ടിന്റെ അതേ വീര്യത്തോടെ കാണാൻ വിശാഖപട്ടണത്തും ആളുകൾ ഒഴുകിയെത്തും.

റായ്പൂരിൽ സംഭവിച്ചത് ആവർത്തിക്കാതിരിക്കാൻ ഇവർക്കൊപ്പം ഇളമുറക്കാരും കളി കനപ്പിക്കണം. ഡ്രസ്സിങ് റൂമിൽ അനിശ്ചിതത്വവും അസ്വാരസ്യവും സംബന്ധിച്ച് മാധ്യമ വാർത്തകൾ വരുമ്പോൾ തോൽവി കാര്യങ്ങൾ കൈവിടാനിടയാക്കും.

കഴിഞ്ഞ മൂന്നു കളികളിൽ രണ്ട് സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും നേടിയിട്ടുണ്ട്, വിരാട് കോഹ്‍ലി. ഇന്ന് കൂടി സെഞ്ച്വറി നേടിയാൽ ഹാട്രിക് ശതകമെന്ന അത്യപൂർവ ചരിത്രമാകും. രോഹിതാകട്ടെ ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറിയുമായി ഒപ്പമുണ്ട്. കഴിഞ്ഞ കളിയിൽ ശതകത്തിളക്കവുമായി നിറഞ്ഞുനിന്ന ഋതുരാജ് ഗെയ്ക്‍വാദും അർധ സെഞ്ച്വറികളുമായി കളി നയിച്ച കെ.എൽ രാഹുലും ഒഴിച്ചാൽ മറ്റുള്ളവർ വലിയ സംഭാവനകളർപ്പിച്ചിട്ടില്ല.

ഓപണറുടെ റോളിൽ യശസ്വി ജയ്സ്വാളുടെ വൻവീഴ്ച മുതൽ തുടങ്ങുന്നു ബാറ്റിങ്ങിലെ വിഷയങ്ങൾ. വിശാഖപട്ടണത്തെ പിച്ച് ബാറ്റർമാരെ തുണക്കുമെന്ന പ്രവചനങ്ങൾക്കിടെ ഈ പ്രതിസന്ധി മറികടക്കാനാകും ടീമിന്റെ കൂട്ടായ ശ്രമം. വാഷിങ്ടൺ സുന്ദർക്ക് പകരം തിലക് വർമക്ക് അവസരം നൽകിയേക്കുമെന്ന് സൂചനയുണ്ട്. ഋഷഭ് പന്തും സാധ്യത പട്ടികയിലാണ്. ബൗളിങ്ങിൽ മികച്ച ഫോമിൽ പന്തെറിയുന്ന അർഷ്ദീപിന് കൂട്ടുനൽകാൻ പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ എന്നിവർക്കാകുമോ എന്നതും വെല്ലുവിളിയാണ്.

എട്ടിന് മുകളിലാണ് പ്രസിദ്ധിന്റെ ശരാശരി. ഹർഷിതും നന്നായി തല്ല് വാങ്ങുന്നു. ഇരുവർക്കും പകരം വെക്കാൻ ആരുമില്ലെന്നത് വലിയ പ്രശ്നമാണ്. മുഹമ്മദ് ഷമി ബംഗാൾ ടീമിനായി ആഭ്യന്തര ലീഗിൽ ഏറ്റവും മികച്ച പ്രകടനവുമായി നിറഞ്ഞാടുന്നുവെങ്കിലും സെലക്ടർമാർ കനിഞ്ഞിട്ടില്ല. ഇന്ന് ജയം പിടിക്കാനായാൽ ചരിത്രത്തിലാദ്യമായി ഇന്ത്യൻ മണ്ണിൽ ഏകദിന പരമ്പരയെന്ന വലിയ നേട്ടം പിടിക്കാമെന്ന് ദക്ഷിണാഫ്രിക്ക സ്വപ്നം കാണുന്നു.

വാലറ്റം വരെ നീണ്ടുനിൽക്കുന്ന വിശ്വസ്തമായ ബാറ്റിങ് ലൈനപ്പാണ് ടീമിന്റെ കരുത്ത്. ഇടംകൈയൻ ബൗളിങ്ങുമായി ബാറ്റർമാരെ ഞെട്ടിക്കുന്ന മാർകോ ജാൻസണും നാൻദ്രെ ബർഗറും മുതൽ പ്രോട്ടീസ് നിരയിലെ ബൗളർമാർ ഓരോരുത്തരും അപകടകാരികളാണ്. ഇവരെ വെച്ച് കപ്പും ചരിത്രവുമായി മടങ്ങാനാകുമെന്ന് ദക്ഷിണാഫ്രിക്ക കണക്കുകൂട്ടുന്നു.

ടീമുകൾ:

ഇന്ത്യ: കെ.എൽ രാഹുൽ (ക്യാപ്റ്റൻ), രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, തിലക് വർമ, ഋഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, ഋതുരാജ് ഗെയ്‌ക്‌വാദ്, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിംഗ്, ധ്രുവ് ജുറൽ.

ദക്ഷിണാഫ്രിക്ക: ടെംബ ബവുമ (ക്യാപ്റ്റൻ), ബാർട്ട്‌മാൻ, കോർബിൻ ബോഷ്, മാത്യു ബ്രീറ്റ്‌സ്‌കെ, ഡെവാൾഡ് ബ്രെവിസ്, നാൻഡ്രെ ബർഗർ, ക്വിന്റൺ ഡി കോക്ക്, ടോണി ഡി സോർസി, റൂബിൻ ഹെർമൻ, കേശവ് മഹാരാജ്, മാർക്കോ ജാൻസെൻ, ഐഡൻ മാർക്രം, ലുങ്കി എൻഗിഡി, പ്രിയാൻ റിക്കൽടൺ, പ്രിയാൻ റിക്കൽടൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket NewsVisakhapatnamIndia-South africaODI match
News Summary - India-South Africa 3rd ODI today
Next Story