ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്
text_fieldsറാഞ്ചി: ഒന്നാം ഏകദിനത്തിലേറ്റ തോൽവിക്ക് മറുപടി പറയാൻ ധവാനും സംഘവും ഞായറാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ കളത്തിലിറങ്ങും.
ലഖ്നോവിൽ നടന്ന ഒന്നാം ഏകദിന ക്രിക്കറ്റിൽ സ്ഥിരതയാർന്ന ഇന്നിങ്സ് കാഴ്ചവെച്ച മലയാളി താരം സഞ്ജുവിന്‍റെ മികച്ച പ്രകടനത്തിലാണ് ഇന്ത്യൻ പ്രതീക്ഷ. മുൻനിര ബാറ്റർമാരെല്ലാം നിരാശപ്പെടുത്തിയ മത്സരത്തിൽ ഇന്ത്യയെ മെച്ചപ്പെട്ട സ്കോറിലെത്തിച്ചത് സഞ്ജുവിന്‍റെ 83 നോട്ടൗട്ട് പ്രകടനമായിരുന്നു.
പരിക്ക് പിടികൂടിയിരുന്ന ഇന്ത്യക്ക് കണങ്കാലിനേറ്റ പരിക്ക് മൂലം ബൗളർ ദീപക് ചഹാറിനെയും നഷ്ടമായിരിക്കയാണ്. ദീപക്കിന് പകരം വാഷിങ്ടൺ സുന്ദറിനെ ടീമിലുൾപ്പെടുത്തി. ബൗളിങ്ങിലെയും ബാറ്റിങ്ങിലെയും പോരായ്മകൾ അലട്ടുന്ന ഇന്ത്യൻ ടീമിന് രണ്ടാം ഏകദിനം കൈപ്പിടിയിലാക്കാൻ ചില മാറ്റങ്ങൾ അനിവാര്യമാണ്.ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരിശീലന മത്സരങ്ങൾക്കായി ആസ്ട്രേലിയയിലേക്ക് നേരത്തേ പറന്ന ഒന്നാംനിര ടീമിന്‍റെ അഭാവം രണ്ടാം ഇന്നിങ്സിലുമുണ്ടാകും. വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നെങ്കിലും മുഹമ്മദ് സിറാജും ആവേശ് ഖാനും വേണ്ടത്ര പ്രതീക്ഷ പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ അരങ്ങേറ്റത്തിനൊരുങ്ങുന്ന മുകേഷ് കുമാറിന് നറുക്ക് വീണേക്കാം.
ബാറ്റർമാരായ ക്യാപ്റ്റൻ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും മികച്ച ഫോമിലേക്ക് തിരിച്ചെത്തേണ്ടതായിട്ടുണ്ട്. വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക ഗ്രൗണ്ടിലിറങ്ങുന്നത്. മൂന്ന് സീരീസുകളുള്ള മത്സരത്തിൽ എന്തു തന്നെയായാലും പരമ്പര സ്വന്തമാക്കുകയെന്നതാണ് സന്ദർശകരുടെ നയം.
ക്യാപ്റ്റൻ തെമ്പ ബാവുമയുടെ ഫോമില്ലായ്മ ടീമിനെ അലട്ടുന്നുണ്ടെങ്കിലും മറ്റ് ബാറ്റർമാരുടെ മികച്ച പ്രകടനങ്ങൾ ആശ്വാസം നൽകുന്നതാണ്. രണ്ടാം ഏകദിനത്തിലും കാസിഗോ റബാദയുടെ നേതൃത്വത്തിലാവും ബൗളിങ് അറ്റാക്ക്. ഉച്ചക്ക് ഒരു മണിക്ക് റാഞ്ചിയിൽ ഝാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

