Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വീണ്ടും റൺസ് കണ്ടെത്താൻ കാരണമായത് നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയാണ്': സൂര്യകുമാർ യാദവ്

text_fields
bookmark_border
Suryakumar Yadav
cancel
camera_alt

സൂര്യകുമാർ യാദവ്

പരിഹസിച്ചവർക്കെതിരെ ശക്തമായ തിരിച്ചുവരവിനൊരുങ്ങി സൂര്യകുമാർ യാദവ്. മോശം ഫോമിനെ തുടർന്ന് ഇന്ത്യൻ ടി20 ടീമിൽ നിന്നും ക്യാപ്റ്റൻ സ്ഥാനത്തു നിന്നും പുറത്തായ താരം, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയ്ക്കായി പുറത്തെടുത്ത തകർപ്പൻ ബാറ്റിങ്ങിലൂടെ സെലക്ടർമാരുടെ ശ്രദ്ധ വീണ്ടും പിടിച്ചുപറ്റുകയാണ്. 2026 ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യക്ക് കിരീടം നിലനിർത്തിക്കൊടുത്ത നായകനായിരുന്നു 36കാരനായ സൂര്യകുമാർ. എന്നാൽ മാർച്ച് എട്ടിന് ശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ല. മോശം ഫോം കാരണം ടി20 ക്യാപ്റ്റൻസിയും നഷ്ടമായി. പകരം ശ്രേയസ് അയ്യർ നായകനായി. ഐപിഎൽ 2026ൽ 13 ഇന്നിങ്സുകളിൽനിന്ന് 269 റൺസ് മാത്രമാണ് സൂര്യകുമാർ നേടിയത്. എന്നാൽ വിമർശനങ്ങൾക്കെല്ലാം ബാറ്റുകൊണ്ട് മറുപടി നൽകി, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ തന്റെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയാണ് താരം.

നവംബർ 14ന് ഹൈദരാബാദിനെതിരെ 15 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ താരം 21 പന്തിൽ പുറത്താകാതെ 60 റൺസ് നേടി. മുംബൈ ഏഴ് വിക്കറ്റിന് വിജയിച്ചു. നവംബർ 16ന് ഗുജറാത്തിനെതിരെ 18 പന്തിൽ അർധസെഞ്ച്വറിയടക്കം 29 പന്തിൽ 82 റൺസ് നേടി സൂര്യകുമാർ കളിയിലെ താരമായി; 17 പന്തിൽ 40 നേടിയ സർഫറാസ് ഖാന്റെ പിന്തുണയോടെ മുംബൈ 15.4 ഓവറിൽ 197 റൺസ് വിജയലക്ഷ്യം മറികടന്നു. ഗോവക്കെതിരെ 12 പന്തിൽ 25 റൺസ് നേടിയപ്പോൾ മുംബൈക്ക് 18 റൺസ് ജയം. ആദ്യ രണ്ട് മത്സരങ്ങളിൽ 50 പന്തിൽ 142 റൺസാണ് സൂര്യകുമാർ അടിച്ചെടുത്തത്.

'അദ്ദേഹം ഇപ്പോൾ ബാറ്റ് ചെയ്യുന്നത് വൈറ്റ് ബോൾ ക്രിക്കറ്റിലെദൈവത്തെപ്പോലെയാണ്. ബാറ്റിങ് കാണുമ്പോൾ ക്രിക്കറ്റ് കളിക്കുകയല്ല, വീഡിയോ ഗെയിം കളിക്കുകയാണെന്ന് തോന്നും. ചില ഷോട്ടുകളിൽ കൂടുതൽ മെച്ചപ്പെട്ട അദ്ദേഹം ഇപ്പോൾ പഴയതിലും അപകടകാരിയാണ്. ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് അദ്ദേഹത്തിന് ബുദ്ധിമുട്ടാകില്ല," സൂര്യകുമാർ യാദവിന്റെ ബാറ്റിങ്ങിനെക്കുറിച്ച് സർഫറാസ് ഖാൻ വാനോളം പുകഴ്ത്തി. 'വീണ്ടും റൺസ് കണ്ടെത്താൻ കാരണമായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയാണ്,' സൂര്യകുമാർ യാദവ് പറഞ്ഞു.

'ആ കൂടിക്കാഴ്ച ഭാഗ്യകരമായി മാറി. അതിനുശേഷം ഞാൻ വീണ്ടും റൺസ് നേടിത്തുടങ്ങി,' താരം പറഞ്ഞു.

നവംബർ ആറിന് കുടുംബത്തോടൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോൾ അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ പ്രതീക്ഷിച്ച കൂടിക്കാഴ്ച 40-45 മിനിറ്റ് നീണ്ടിരുന്നു. സമ്മർദങ്ങളെ എങ്ങനെ നേരിടുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിച്ചതായും സൂര്യകുമാർ വെളിപ്പെടുത്തി.

ടി20 ക്രിക്കറ്റിൽ 10,000 റൺസ് എന്ന നേട്ടം കൈവരിക്കാൻ ഇനി 129 റൺസ് മാത്രം. ഇതുവരെ 349 ഇന്നിങ്സുകളിൽനിന്ന് 9,871 റൺസാണ് സൂര്യകുമാറിന്റെ സമ്പാദ്യം. ഈ നേട്ടം സ്വന്തമാക്കിയാൽ വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നിവർക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാകും. ഗുജറാത്തിനെതിരെ നേടിയ 82 റൺസോടെ ശിഖർ ധവാനെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും കൂടുതൽ ടി20 റൺസ് നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തും എത്തി. ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ 113 കളികളിൽനിന്ന് 3,272 റൺസാണ് സൂര്യകുമാറിന്റെ സമ്പാദ്യം. ശരാശരി 36.35, സ്ട്രൈക്ക് റേറ്റ് 162.94. നാല് സെഞ്ച്വറികളും 25 അർധസെഞ്ച്വറികളും നേടിയിട്ടുണ്ട്.

ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ റൺസ് നേടി തിരിച്ചുവരണമെന്ന സെലക്ടർമാരുടെ നിർദേശത്തിന് ബാറ്റുകൊണ്ട് മറുപടി നൽകുകയാണ് താരം. നിലവിലെ നായകൻ ശ്രേയസ് അയ്യർ ആയതിനാൽ ക്യാപ്റ്റൻസിയല്ല, സ്പെഷ്യലിസ്റ്റ് ബാറ്ററായി ടീമിൽ തിരിച്ചെത്തുകയാണ് സൂര്യകുമാറിന്റെ ലക്ഷ്യം. മുഷ്താഖ് അലി ട്രോഫിയിലെ ഫോം തുടർന്നാൽ ശ്രീലങ്കൻ പരമ്പരയിൽ തിരിച്ചുവരവിന് സാധ്യതയേറും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - India snub hurts, don't think anything went wrong with my batting: Suryakumar Yadav
Next Story