പാകിസ്താനുമായി അന്താരാഷ്ട്ര വേദികളിലും ഇന്ത്യ കളിക്കരുത്, ബഹിഷ്കരിക്കണം -അസ്ഹറുദ്ദീൻ
text_fieldsപഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തിൽ ക്രിക്കറ്റിൽ പാകിസ്താനെ പൂർണമായും ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ. പാകിസ്താനെതിരെ അന്താരാഷ്ട്ര ടൂർണമെന്‍റുകളിലും ഇന്ത്യ കളിക്കരുതെന്നും പൂർണമായും ബഹിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'പാകിസ്താനുമായുള്ള പരമ്പരകൾ മാത്രം ഒഴിവാക്കിയാൽ പോരാ. അന്താരാഷ്ട്ര വേദികളിലുള്ള ഐ.സി.സി ടൂർണമെന്‍റ് മത്സരങ്ങളിലും പാകിസ്താനെതിരായ മത്സരങ്ങൾ ഇന്ത്യ ബഹിഷ്കരിക്കണം' -അസ്ഹറുദ്ദീൻ പറഞ്ഞു. പഹൽഗാമിലെ ഭീകരവാദി ആക്രമണം അങ്ങേയറ്റം ദു:ഖകരമാണ്. ഭീകരവാദത്തിന് ശക്തമായ തിരിച്ചടി നൽകണം. ഒന്നിപ്പിക്കുന്ന കായിക ഇനമാണ് ക്രിക്കറ്റ്. എന്നാൽ, ഇത്തരം ദുരന്തത്തിന്‍റെ നിഴലിൽ ക്രിക്കറ്റ് കളിക്കാനാവില്ല -അസ്ഹറുദ്ദീൻ പറഞ്ഞു.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള ആദരസൂചകമായി ഐ.പി.എല്ലിൽ കളിക്കാർ ആം ബാൻഡ് അണിഞ്ഞതിനെ അസ്ഹറുദ്ദീൻ പ്രകീർത്തിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള ഐക്യദാർഢ്യപ്പെടലാണ് ഇതെന്നും ബി.സി.സി.ഐയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2012ന് ശേഷം ഇന്ത്യ പാകിസ്താനുമായി ദ്വിരാഷ്ട്ര പരമ്പരകൾ കളിക്കുന്നില്ല. എന്നാൽ, ട്വന്‍റി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ഐ.സി.സി ചാമ്പ്യൻസ് ട്രോഫി തുടങ്ങിയ അന്താരാഷ്ട്ര ടൂർണമെന്‍റുകളിൽ പാകിസ്താനെതിരെ കളിക്കുന്നുണ്ട്.
ഏപ്രിൽ 22നാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണമുണ്ടായത്. 26 പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായിരിക്കുകയാണ്. ഇന്ത്യ സൈനിക നടപടിക്കൊരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

