അടിച്ചുപറത്തി ഡികോക്ക്; ഇന്ത്യക്ക് വിജയലക്ഷ്യം 214 റൺസ്
text_fieldsക്വിന്റൺ ഡി കോക്
മുല്ലൻപുർ: ഇന്ത്യക്ക് ജയിക്കാൻ റൺമലയൊരുക്കി ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ വെറ്ററൻ കീപ്പർ ബാറ്റർ ക്വിന്റൺ ഡി കോക്കിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതലേ ആക്രമിച്ചു കളിച്ച പ്രോട്ടീസ് ബാറ്റർമാരുടെ മുന്നിൽ ഇന്ത്യൻ പേസർമാർ താളം കിട്ടാതെ വിഷമിച്ചു. ആദ്യ മൽസരത്തിലെ താരമായ അർഷദീപ് സിങ്ങ് അടിവാങ്ങികൂട്ടുകയായിരുന്നു. ഡി കോക്കിന്റെ ക്വിന്റൽ സിക്സറുകൾക്ക് മുന്നിൽ അർഷ്ദീപ് സിങ് തുടരെ വൈഡ് ബാളുകളെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
തുടർന്നെത്തിയ സ്പിന്നർ വരുൺ ചക്രവർത്തി എറിഞ്ഞ ആദ്യബോളിൽ എട്ട് റൺസെടുത്ത റീസ ഹെൻഡ്രിക്സ് കുറ്റിതെറിച്ച് പുറത്തായി.മൂന്നാമനായെത്തിയ എയ്ഡൻ മാർക്രമിനെ കൂട്ടുപിടിച്ച് ഡികോക് സ്കോർ നൂറുകടത്തുകയായിരുന്നു. സ്കോർ 121ൽനിൽക്കെ വരുൺ രണ്ടാമതും പ്രഹരമേൽപിച്ചു. 29 റൺസെടുത്ത മാർക്രം അക്സർ പട്ടേലിന് ക്യാച്ച് നൽകി. 46 ബോളിൽ 90 റൺസെടുത്ത ഡി കോക് സിംഗിളെടുക്കാനുള്ള ശ്രമത്തിനിടെ ജിതേഷ് ശർമ സ്റ്റംപ് ചെയ്ത് പുറത്താക്കിയതോടെ സെഞ്ച്വറി നഷ്ടമാവുകയായിരുന്നു.
കൂറ്റനടിക്കാരനായ ബ്രെവിസ് 14 റൺസെടുത്ത് തിലക് വർമയുടെ മനോഹര ക്യാച്ചിൽ പുറത്തായി. അഞ്ചാമനായെത്തിയ ഡൊണോവൻ ഫെരീറ 16 പന്തിൽ 30 റൺസ് അടിച്ചുകൂട്ടി മറുവശത്ത് ഡേവിഡ് മില്ലറും 12 പന്തിൽ നിന്ന് 20 റൺസ് നേടി പുറത്താവാതെ നിന്നു. ഇന്ത്യക്കായി വരുൺ ചക്രവർത്തി രണ്ടുവിക്കറ്റ് വീഴ്ത്തി. നാലോവറിൽ 54 റൺസാണ് അർഷ്ദീപ് സിങ് വഴങ്ങിയത്.റൺസ് ആദ്യ മത്സരം വിജയിച്ച അതേ ടീമുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്.
ദക്ഷിണാഫ്രിക്കൻ ടീമിൽ മൂന്നു മാറ്റമുണ്ട്. കേശവ് മഹാരാജ്, ട്രിസ്റ്റൻ സ്റ്റബ്സ്, ആൻറിച്ച് നോർട്യ എന്നിവർ പുറത്തായപ്പോൾ റീസ ഹെൻഡ്രിക്സ്, ജോർജ് ലിൻഡെ, ഒട്ട്നീൽ ബാർട്ട്മാൻ എന്നിവർ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു. കുട്ടിക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കക്കു മേൽ ഇന്ത്യൻ മേൽക്കൈ പറയുന്നതാണ് പോയ ചരിത്രമെങ്കിലും അദ്ഭുതങ്ങൾ കാട്ടാൻ ശേഷിയുള്ളതാണ് നിലവിലെ സന്ദർശക സംഘം.
ടീമുകൾ: ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, ഹർഷിത് റാണ, സഞ്ജു സാംസൺ റാണ.
ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ഡോണോവൻ ഫെരേര, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, ലൂത്തോ സിപാംല, ആൻറിച്ച് നോർട്ട്ജെ, ലുങ്കി എൻഗിഡി, ജോർജ്ജ് ലിൻഡെ, ക്വെന മഫാക്ക, റീസ കോർസിക്‌സ്, റീസ കോർസിക്‌സ് ബാർട്ട്മാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

