ഏകദിനത്തിലും ട്വന്‍റി20യിലും നമ്പർ വൺ ഇന്ത്യ; ടെസ്റ്റിൽ വൻ വീഴ്ച!
text_fieldsദുബൈ: ഏകദിന, ട്വന്‍റി20 ക്രിക്കറ്റിൽ ഒന്നാംസ്ഥാനം നിലനിർത്തി ഇന്ത്യ, ടെസ്റ്റിൽ നാലാം സ്ഥാനത്തേക്ക് വീണു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) തിങ്കളാഴ്ചയാണ് പുതിയ റാങ്കിങ് പുറത്തുവിട്ടത്.
ഐ.സി.സി ചാമ്പ്യൻസ് ട്രോഫി കിരീട നേട്ടമാണ് ഏകദിനത്തിൽ ഇന്ത്യയെ ഒന്നാംസ്ഥാനത്ത് നിലനിർത്തിയത്. റേറ്റിങ് പോയന്‍റ് 122ൽനിന്ന് 124ലെത്തി. ചാമ്പ്യൻസ് ട്രോഫി റണ്ണേഴ്സ് അപ്പായ ന്യൂസിലൻഡാണ് ഏകദിനത്തിൽ രണ്ടാം സ്ഥാനത്ത്. ആസ്ട്രേലിയ മൂന്നാമതും ശ്രീലങ്ക നാലാമതും. നാട്ടിൽ നടന്ന ഏകദിന പരമ്പരകളിൽ ഇന്ത്യക്കെതിരെയും ഓസീസിനെതിരെയും മികച്ച പ്രകടനം പുറത്തെടുക്കാനായതാണ് ലങ്കക്ക് തുണയായത്. പാകിസ്താൻ അഞ്ചാമതും ദക്ഷിണാഫ്രിക്ക ആറാമതുമാണ്.
അഫ്ഗാനിസ്ഥാൻ നാലു പോയന്‍റുകൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്ക് മുന്നേറി. നാലു പോയന്‍റുകൾ കുറഞ്ഞ് ഇംഗ്ലണ്ട് എട്ടാം സ്ഥാനത്തേക്ക് വീണു. വെസ്റ്റിൻഡീസ് ഒമ്പതാമതും ബംഗ്ലാദേശ് പത്താമതുമാണ്. ഒന്നാമതുള്ള ഇന്ത്യ നിലവിലെ ട്വന്‍റി20 ലോക ചാമ്പ്യന്മാരാണ്. ഒരു പോയന്‍റ് കുറഞ്ഞെങ്കിലും രണ്ടാമതുള്ള ഓസീസിനേക്കാൾ ഒമ്പത് പോയന്‍റ് ലീഡുണ്ട് ഇന്ത്യക്ക്. 2022 ലോക ചാമ്പ്യൻ ഇംഗ്ലണ്ടാണ് മൂന്നാമത്. ന്യൂസിലൻഡ്, വെസ്റ്റിൻഡീസ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് യഥാക്രമം നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ.
ട്വന്റി20 റാങ്കിങ്ങിൽ ഇത്തവണ 100 രാജ്യങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതാദ്യമായാണ് 100 രാജ്യങ്ങൾ ഐ.സി.സി റാങ്കിങ്ങിന്റെ ഭാഗമാകുന്നത്. 2019ൽ ട്വന്റി20 റാങ്കിങ് ആരംഭിക്കുന്ന സമയത്ത് 80 ടീമുകളാണ് ഉണ്ടായിരുന്നത്. ഗ്രീസാണ് നൂറാം സ്ഥാനത്തുള്ള ടീം.
ശ്രീലങ്ക (ഏഴ്), പാകിസ്താൻ (എട്ട്), ബംഗ്ലാദേശ് (ഒമ്പത്), അഫ്ഗാനിസ്ഥാൻ (10) ടീമുകളാണ് ആദ്യ പത്തിലെ മറ്റു ടീമുകൾ. ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ഓസീസ് ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി. ബെൻ സ്റ്റോക്സിന്‍റെ ഇംഗ്ലണ്ടാണ് വൻ നേട്ടമുണ്ടാക്കിയത്. ദക്ഷിണാഫ്രിക്കയെയും ഇന്ത്യയെയും മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. റേറ്റിങ് പോയന്‍റ് 113. ദക്ഷിണാഫ്രിക്കക്ക് 111ഉം ഇന്ത്യക്ക് 105ഉം. പത്ത് ടീമുകളെയാണ് ടെസ്റ്റ് റാങ്കിങ്ങിൽ ഉൾപ്പെടുത്തിയത്. ന്യൂസിലൻഡ്, ശ്രീലങ്ക, പാകിസ്താൻ, വിൻഡീസ്, ബംഗ്ലാദേശ്, സിംബാബ്വെ ടീമുകളാണ് ആദ്യ പത്തിലെ മറ്റു ടീമുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

