മകെൻറ നേട്ടങ്ങൾ കാണാൻ ഇനി ഗൗസില്ല, ഇന്ത്യൻ ക്രിക്കറ്റ് താരം സിറാജിെൻറ പിതാവ് അന്തരിച്ചു
text_fieldsഹൈദരാബാദ്: ഇന്ത്യൻ പേസറും ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് താരവുമായ മുഹമ്മദ് സിറാജിെൻറ പിതാവ് അന്തരിച്ചു. ശ്വാസകോശ പ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്ന മുഹമ്മദ് ഗൗസ് (53) വെള്ളിയാഴ്ചയാണ് അന്തരിച്ചത്.
ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലുള്ള സിറാജ് സിഡ്നിയിലാണുള്ളത്. സിറാജ് ഇന്ത്യൻ ടീമിൽ ഇടം പിടിച്ചതോടെ ഹൈദരാബാദ് നഗരത്തിലെ ഓട്ടോ തൊഴിലാളിയായിരുന്ന ഗൗസ് വാർത്തകളിലിടം നേടിയിരുന്നു. കഴിഞ്ഞ ഐ.പി.എൽ സീസണിലെ ഉജ്ജ്വല പ്രകടനമാണ് സിറാജിന് ആസ്ട്രേലിയൻ പര്യടനത്തിൽ ഇടം നൽകിയത്.
കോവിഡ് നിയന്ത്രണങ്ങളും ക്വാറൻറീനും കർശനമായതിനാൽ സിറാജിന് ഇന്ത്യയിലേക്ക് മടങ്ങാനാകില്ലെന്നാണ് വിവരം. തെൻറ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണയാണ് നഷ്ടമായതെന്നും അദ്ദേഹത്തിെൻറ ഏറ്റവും വലിയ സ്വപ്നമായ ഇന്ത്യൻ ജഴ്സിയണിയാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും സിറാജ് പ്രതികരിച്ചതായി അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു.
ഇന്ത്യക്കായി മൂന്ന് ട്വൻറി 20യിലും ഒരു ഏകദിനത്തിലും സിറാജ് കളത്തിലിറങ്ങിയിട്ടുണ്ട്.