നാട്ടിലും തോൽവിയായി സഞ്ജു; ആറ് റൺസുമായി പുറത്ത്
text_fieldsതിരുവനന്തപുരം: സ്വന്തം നാട്ടുകാർക്ക് മുമ്പാകെ ഫോമിലേക്കുയരുമെന്ന് പ്രതീക്ഷിച്ച സഞ്ജു സാംസൺ തിരുവനന്തപുരത്തും നിരാശപ്പെടുത്തി.
കാര്യവട്ടം സ്റ്റേഡിയം വേദിയാകുന്ന ന്യൂസിലൻഡിനെതിരായ അവസാന ട്വന്റി20യിൽ ആറ് റൺസുമായി സഞ്ജു പുറത്ത്. ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശർമക്കൊപ്പം ഓപണറായി ക്രീസിലെത്തിയ സഞ്ജു രണ്ടാം ഓവറിലെ അവസാന പന്തിൽ ലോകി ഫെർഗൂസന്റെ ബൗളിൽ ബൗണ്ടറി ലൈനിൽ ബെവോൻ ജേക്കബിന് പിടികൊടുത്ത് മടങ്ങുകയായിരുന്നു.
ടീം ടോട്ടൽ 31ലെത്തിയപ്പോഴായിരുന്നു സഞ്ജുവിന്റെ വിക്കറ്റ് നഷ്ടമായത്. അധികം വൈകാതെ അഭിഷേക് ശർമ 30 റൺസുമായി പുറത്തായി. അഞ്ച് ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 48 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
പരമ്പരയിലെ കഴിഞ്ഞ നാലു മത്സരങ്ങളിലും നിരാശപ്പെടുത്തിയ സഞ്ജു നാട്ടുകാർക്ക് മുമ്പിൽ ഫോമിലേക്കുയരുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു ആരാധകർ. െപ്ലയിങ് ഇലവനിൽ സഞ്ജുവും ഇടം നേടിയെന്ന വാർത്തയും വലിയ ആഘോഷത്തോടെയാണ് കാര്യവട്ടം സ്റ്റേഡിയത്തിലെ ഗാലറികൾ വരവേറ്റത്. പക്ഷേ, കഴിഞ്ഞ മത്സരങ്ങളിൽ തപ്പിത്തടഞ്ഞ സഞ്ജു സമ്മർദ ഭാരത്താൽ വരിഞ്ഞുമുറുകി. ആറ് പന്തുകൾ നേരിട്ട്, ഒരു ബൗണ്ടറിയും നേടിയതിനു പിന്നാലെയായിരുന്നു ഡീപ് തേർഡിൽ ക്യാച്ച് വഴങ്ങി പുറത്തായത്.
പരമ്പരയിലെ മത്സരങ്ങളിൽ 10, 6, 0, 24 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സംഭാവന. ലോകകപ്പിലേക്ക് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ ടീമിൽ ഇടം ഉറപ്പിക്കാനുള്ള സഞ്ജുവിന്റെ സാധ്യതകൾ കൂടിയാണ് കാര്യവട്ടത്ത് ക്ലോസാവുന്നത്.
ആദ്യമൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര ഇതിനകം സ്വന്തമാക്കിയിരുന്നു. എന്നാൽ, നാലാം മത്സരത്തിൽ കിവീസിനായിരുന്നു ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

