ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ഏകദിനം ഇന്ന്, ജേതാക്കൾക്ക് പരമ്പര
text_fieldsഇന്ദോർ: ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പര ജേതാക്കളെ തീരുമാനിക്കുന്ന നിർണായകമായ മൂന്നാം മത്സരം ഞായറാഴ്ച ഹോൾകർ സ്റ്റേഡിയത്തിൽ നടക്കും. ആദ്യ രണ്ട് കളികൾ യഥാക്രമം ആതിഥേയരും കിവീസും ജയിച്ച് 1-1ലായതിനാലാണ് അവസാന മത്സരം ജീവന്മരണ പോരാട്ടമായത്. ഏകദിന സംഘത്തിന്റെ നായകനെന്ന നിലയിൽ ശുഭ്മൻ ഗില്ലിനും പരിശീലകൻ ഗൗതം ഗംഭീറിനും വിജയം അനിവാര്യമാണ്.
ടെസ്റ്റിൽ നിന്നും ട്വന്റി20യിൽ നിന്നും വിരമിച്ച് ഏകദിനത്തിൽ മാത്രം തുടരുന്ന വെറ്ററൻ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിക്കും രോഹിത് ശർമക്കും ഫോം തുടരേണ്ടതുമുണ്ട്. 1989ന് ശേഷം ഒരു ഏകദിനം ന്യൂസിലൻഡ് ഇന്ത്യയിൽ നേടിയിട്ടില്ല. റണ്ണൊഴുകുന്ന ഹോൾകർ സ്റ്റേഡിയത്തിലെ പിച്ചിൽ ടോസ് നേടുന്നവർ ബാറ്റിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. രാജ്കോട്ടിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ പ്രമുഖ ബാറ്റർമാർ പലരും പരാജയപ്പെട്ടതാണ് തോൽവിയുടെ പ്രധാന ഹേതു. കെ.എൽ. രാഹുൽ സെഞ്ച്വറിയുമായും ഗിൽ അർധശതകം നേടിയും മിന്നിയത് ആശ്വാസം.
എന്നാൽ, ഡാരിൽ മിച്ചലിന്റെ ഉജ്ജ്വല സെഞ്ച്വറി ഇന്നിങ്സ് മെൻ ഇൻ ബ്ലൂവിന്റെ പ്രതീക്ഷകൾ പാടേ തകർത്തു. ഇന്നത്തെ കളിയിലെ പ്ലേയിങ് ഇലവനിൽ ഇന്ത്യ നടത്താൻ സാധ്യതയുള്ള പരീക്ഷണം ഓൾ റൗണ്ടർ സ്ലോട്ടുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. വാഷിങ്ടൺ സുന്ദർ പരിക്കേറ്റ് പുറത്തായതോടെ കഴിഞ്ഞ മത്സരത്തിൽ നിതീഷ് കുമാർ റെഡ്ഡിക്ക് അവസരം ലഭിച്ചു. വാഷിങ്ടൺ സ്പിന്നറും നിതീഷ് പേസറുമാണ്. സ്പിൻ വഴങ്ങുന്ന ബാറ്ററാണ് പകരം ടീമിലെത്തിയ ആയുഷ് ബദോനി. നിതീഷിനെ കരക്കിരുത്തുന്ന പക്ഷം ബദോനിയോ സ്പെഷലിസ്റ്റ് ബാറ്ററെന്ന നിലയിൽ ധ്രുവ് ജുറെലോ ഇറങ്ങും. ന്യൂസിലൻഡ് നിരയിലും കാര്യമായ പരീക്ഷണത്തിന് സാധ്യതയില്ല.
ഇന്ത്യ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ധ്രുവ് ജുറെൽ, രവീന്ദ്ര ജദേജ, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, യശസ്വി ജയ്‌സ്വാൾ, ആയുഷ് ബദോനി.
ന്യൂസിലൻഡ്: മൈക്കൽ ബ്രേസ്‌വെൽ (ക്യാപ്റ്റൻ), ഡെവൺ കോൺവേ, മിച്ചൽ ഹേ, നിക്ക് കെല്ലി, ഹെൻറി നിക്കോൾസ്, വിൽ യങ്, ജോഷ് ക്ലാർക്ക്സൺ, സാക്ക് ഫോൾക്സ്, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ആദിത്യ അശോക്, ക്രിസ്റ്റ്യൻ ക്ലാർക്ക്, കൈൽ ജാമിസൺ, ജെയ്ഡൻ ലെനോക്സ്, മൈക്കൽ റേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

