മിന്നുമണിക്ക് രണ്ടു വിക്കറ്റ്; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് നാലു വിക്കറ്റ് തോൽവി
text_fieldsധാക്ക: ബംഗ്ലാദേശ് വനിതകൾക്കെതിരായ പരമ്പര തൂത്തുവാരാൻ ഇറങ്ങിയ ഇന്ത്യക്ക് മൂന്നാം ട്വന്റി20യിൽ നാലു വിക്കറ്റ് തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആതിഥേയർ 10 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. സ്കോർ: ഇന്ത്യ -20 ഓവറിൽ ഒമ്പത് വിക്കറ്റിന് 102. ബംഗ്ലാദേശ് -18.2 ഓവറിൽ ആറു വിക്കറ്റിന് 106.
ആദ്യ രണ്ട് ട്വന്റി20 മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി താരം മിന്നു മണി മൂന്നാം മത്സരത്തിലും രണ്ടു വിക്കറ്റുമായി തിളങ്ങി. നാലു ഓവറിൽ 28 റൺസ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് നേടിയത്. ഷമീമ സുൽത്താന 46 പന്തിൽ 42 റൺസെടുത്ത് ബംഗ്ലാദേശിന്റെ വിജയ ശിൽപിയായി. ഇന്ത്യൻ നിരയിൽ ദേവിക വൈദ്യയും രണ്ടു വിക്കറ്റ് നേടി.
നേരത്തെ, ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ (41 പന്തിൽ 40 റൺസ്) ബാറ്റിങ്ങാണ് ഇന്ത്യൻ സ്കോർ നൂറു കടത്തിയത്. ജെമീമ റോഡ്രിഗസ് 26 പന്തിൽ 28 റൺസെടുത്തു. ഇന്ത്യൻ നിരയിൽ നാലുപേർ മാത്രമാണ് രണ്ടക്കം കടന്നത്. ബംഗ്ലാദേശിനുവേണ്ടി റബേയ ഖാൻ മൂന്നു വിക്കറ്റ് നേടി. മൂന്നു ഏകദിന മത്സരങ്ങളും ബംഗ്ലാദേശിൽ ഇന്ത്യ കളിക്കുന്നുണ്ട്.

