ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ; ഇന്ത്യയുടെ വജ്രായുധത്തെ കാത്തിരിക്കുന്നത് ലോകറെക്കോർഡ്
text_fieldsക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായി ടീം ഇന്ത്യ ഇംഗ്ലീഷ് മണ്ണിലെത്തിക്കഴിഞ്ഞു. മുൻ ക്യാപ്റ്റൻ രോഹിത് ശര്‍മയുടേയും ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലിയുടേയും വിരമിക്കലിന് ശേഷം നടക്കുന്ന ആദ്യ ടെസ്റ്റ് എന്ന നിലയിൽ ലോകം ഉറ്റുനോക്കുന്ന പരമ്പരയിൽ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യക്ക് ചിന്തിക്കാനില്ല. യുവരക്തങ്ങളിൽ പ്രതീക്ഷകളർപ്പിച്ച് എതിരാളികളെ നിഷ്പ്രഭമാക്കാനുള്ള അസ്ത്രങ്ങൾ ആവനാഴിയിൽ നിറച്ചാണ് ടീം പോരാട്ടവീഥിയിലിറങ്ങുന്നത്. ബൗളിംഗിൽ പേസർമാരാണ് ടീമിന്‍റെ പ്രധാന കരുത്ത്. ഫാസ്റ്റ് ബൗളർമാരുടെ നിരയിലെ ഇന്ത്യയുടെ വജ്രായുധം ജസ്പ്രീത് ബുംറ തന്നെയാണ് ടീമിന്‍റെ തുറുപ്പുചീട്ട്. എതിരാളികളുടെ പേടി സ്വപ്നമായ ബുംറ ടൂർമെന്‍റിൽ മികച്ച പ്രകടനം പുറത്തെടുത്താൽ താരത്തെ കാത്തിരിക്കുന്നത് ലോക റെക്കോർഡാണ്.
ലോകത്തെ തന്നെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളാണ് ജസ്പ്രീത് ബുംറയെന്ന് അയാൾ പല തവണ തെളിയിച്ചതാണ്. വെറും 35 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 156 വിക്കറ്റുകളാണ് ബുംറ ഇതുവരെ നേടിയത്. നിലവിൽ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരനും ബുംറ തന്നെ. ഈ പരമ്പരയിൽ ബുംറയെ കാത്തിരിക്കുന്നത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ലോക റെക്കോഡ് ആണ്. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ തവണ ഒരു ഇന്നിങ്സിൽ നിന്ന് അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയ ഒന്നാമൻ മുൻ ഇന്ത്യൻ താരം ആർ അശ്വിൻ ആണ്. ബോർഡർ ഗാവസ്‌കർ ട്രോഫി പരമ്പരക്കിടെയാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിൽ രണ്ട് ഇന്നിങ്ങ്സുകളിൽ അഞ്ച് വീതം വിക്കറ്റുകൾ നേടാൻ സാധിച്ചാൽ ഇന്ത്യയുടെ ബുംറയ്ക്ക് അശ്വിനെ മറികടന്ന് ലോകത്ത് തന്നെ ഒന്നാമനാകാൻ സാധിക്കും. 11 തവണ ഓരോ ഇന്നിങ്സിൽ നിന്ന് 5 വിക്കറ്റുകൾ നേടാൻ അശ്വിന് സാധിച്ചിട്ടുണ്ട്. ബുംറയ്ക്ക് 10 തവണയും.
ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിൽ എല്ലാ മത്സരങ്ങളിലും ബുംറ ഇറങ്ങുന്ന കാര്യം ഉറപ്പായിട്ടില്ല. അതേസമയം ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച താരം കൂടിയാണ് ജസ്പ്രീത് ബുംറ. ഈ പരമ്പരയിൽ മാൻ ഓഫ് ദി പുരസ്‌കാരം നേടിയ താരവും ബുംറയാണ്. രോഹിതിന്റെ അഭാവത്തിൽ പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ ബുംറയായിരുന്നു ടീമിനെ നയിച്ചത്. ഈ മത്സരത്തിൽ മാത്രമാണ് ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഇന്ത്യ ജയിച്ചത്. അഞ്ച് മത്സര പരമ്പരയിൽ താരം അന്ന് 32 വിക്കറ്റുകളാണ് നേടിയത്. അതിൽ അവസാന മത്സരത്തിൽ പരിക്ക് വില്ലനായതോടെ പന്തെറിയാൻ കഴിഞ്ഞില്ല.
ഇംഗ്ലണ്ടിൽ പുതിയ പടനായകന്‍റെ കീഴിൽ പോരിനിറങ്ങുന്ന ഇന്ത്യ ബുംറയിൽ വെച്ചുപുലർത്തുന്ന പ്രതീക്ഷകൾ ചെറുതല്ല. പരിക്ക് വില്ലനായില്ലെങ്കിൽ ഒരുപക്ഷേ ബുംറയുടെ ലോക റെക്കോഡിലേക്കുള്ള പ്രയാണത്തിനാവും പരമ്പര സാക്ഷിയാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

