ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് ഇന്ന് എഡ്ജ്ബാസ്റ്റണിൽ തുടക്കം
text_fieldsരണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ താരങ്ങൾ എഡ്ജ്ബാസ്റ്റണിൽ പരിശീലനത്തിനെത്തിയപ്പോൾ
ബിർമിങ്ഹാം: ഇന്ത്യ ഓർക്കാനിഷ്ടപ്പെടാത്തൊരു ചരിത്രമുണ്ട് എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് സ്റ്റേഡിയത്തിന്. ഇവിടെ ഇംഗ്ലണ്ടിനെതിരെ എട്ട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചതിൽ ഒന്നിൽപ്പോലും ജയിക്കാനായില്ലെന്ന് മാത്രമല്ല ഏഴെണ്ണത്തിലും തോൽവിയായിരുന്നു ഫലം. ആ ചരിത്രം തിരുത്തുകയെന്ന ലക്ഷ്യത്തോടെ ശുഭ്മൻ ഗില്ലും സംഘവും ബുധനാഴ്ച ആൻഡേഴ്സൻ-ടെണ്ടുൽകർ ട്രോഫി പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ്. ജയിച്ചാൽ അഞ്ച് മത്സര പരമ്പരയിൽ 1-1ന് ആതിഥേയർക്കൊപ്പമെത്താം. സമനില പോലും ഇന്ത്യയെ സംബന്ധിച്ച് ക്ഷീണമാണ്.
ഇന്ത്യക്കൊരു സ്പിന്നർ കൂടി?
അഞ്ച് സെഞ്ച്വറികൾ പിറന്നിട്ടും കഴിഞ്ഞ കളിയിൽ പരാജയം രുചിക്കേണ്ടിവന്നു സന്ദർശകർക്ക്. രണ്ട് ഇന്നിങ്സിലും ശതകം നേടി ഋഷഭ് പന്ത്. ക്യാപ്റ്റൻ ഗില്ലും ഓപണർമാരായ കെ.എൽ. രാഹുലും യശസ്വി ജയ്സ്വാളും ഫോമിലാണെന്നത് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു. ഒരു സ്പെഷലിസ്റ്റ് ബൗളറുടെ അഭാവം ഇന്ത്യൻ നിരയിൽ പ്രകടമായിരുന്നു. രവീന്ദ്ര ജദേജയെക്കൂടാതെ ഒരു സ്പിന്നറെക്കൂടി കളിക്കുകയെന്ന ചർച്ച സജീവമാണ്.
കുൽദീപ് യാദവ് ഇറങ്ങിയേക്കുമെന്ന സൂചനയാണ് പരിശീലക സംഘത്തിലുള്ളവർ പങ്കുവെക്കുന്നത്. ബാറ്റിങ്ങിന് കൂടി പരിഗണന നൽകിയാണ് സ്പിൻ ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദറിന് സാധ്യത തെളിയും. അപ്പോഴും സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ ചുറ്റിപ്പറ്റി സസ്പെൻസ് തുടരുകയാണ്. പരമ്പരയിൽ ബുംറയെ മൂന്ന് മത്സരങ്ങളിൽ മാത്രം കളിപ്പിക്കാനാണ് തീരുമാനം. പേസ് ബൗളിങ് ഡിപ്പാർട്മെന്റിൽ മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണക്കും സ്ഥാനം ഉറപ്പാണ്.
ബുംറയില്ലെങ്കിൽ ആകാശ്ദീപിന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങിയേക്കും. പേസ് ബൗളിങ് ഓൾ റൗണ്ടർ ശാർദുൽ ഠാകുർ രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ബാറ്ററെന്ന നിലയിൽ പൂർണ പരാജയമായിരുന്നു. നിതീഷ് കുമാർ റെഡ്ഡിക്ക് ഇത് വഴി തുറക്കാനിടയുണ്ട്. ഓൾ റൗണ്ടറടക്കം നാല് പേസർമാരും രണ്ട് സ്പിന്നർമാരും ഇറങ്ങുന്ന പക്ഷം ഒരു ബാറ്ററെ കുറക്കേണ്ടിവരും. സായ് സുദർശനോ കരുൺ നായരോ ബെഞ്ചിലിരിക്കാൻ ഈ തീരുമാനം ഇടയാക്കും.
മാറ്റമില്ലാതെ ഇംഗ്ലണ്ട്
ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഈ ആത്മവിശ്വാസത്തിൽ വിജയ ഇലവനിൽ അവർ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യക്ക് പക്ഷെ, കാര്യങ്ങൾ അങ്ങനെയല്ല. എതിരാളികൾക്ക് മുന്നിൽ 371 റൺസ് ലക്ഷ്യം വെച്ചിട്ടും ഒരിക്കൽപ്പോലും വെല്ലുവിളി ഉയർത്താനായില്ല. വിജയത്തിലേക്ക് ആക്രമിച്ചു കളിക്കുകയെന്ന ബാസ്ബാൾ ശൈലി പിന്തുടർന്ന ഇംഗ്ലീഷുകാർ ഉദ്ദേശിച്ചത് അനായാസം നേടിയെടുക്കുകയും ചെയ്തു. എഡ്ജ്ബാസ്റ്റണിലേത് ബാറ്റിങ് പിച്ചാണ്. പേസ് ബൗളർമാരെയും നിരാശപ്പെടുത്താറില്ല. ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ക്രിസ് വോക്സും ബ്രൈഡൻ കാർസെയും ജോഷ് ടങ്ങും അടങ്ങുന്നതാണ് ഇംഗ്ലണ്ടിന്റെ പേസ് നിര. സ്പിന്നറായി ഷുഐബ് ബഷീറും.
സ്ക്വാഡ്
ഇന്ത്യ:
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, ഋഷഭ് പന്ത്, കരുൺ നായർ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, അഭിമന്യു ഈശ്വരൻ, ധ്രുവ് ജൂറൽ, വാഷിങ്ടൺ സുന്ദർ, ശാർദുൽ ഠാകുർ.
ഇംഗ്ലണ്ട് ഇലവൻ:
ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ബെൻ ഡക്കറ്റ്, സാക്ക് ക്രാളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഷ് ടങ്, ഷുഐബ് ബഷീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

