കോവിഡ് പിടിച്ച ഇംഗ്ലീഷ് ടെസ്റ്റ്
text_fieldsഇന്ത്യൻ ഓപണർ ശുഭ്മൻ ഗിൽ പരിശീലനത്തിനെത്തുന്നു
എഡ്ജ്ബാസ്റ്റൺ: കോവിഡ് കാലത്ത് പാതിവഴിയിൽ മുടങ്ങിയ പത്താംതരം, പ്ലസ് ടു പരീക്ഷകളെഴുതാൻ മാസങ്ങൾക്ക് ശേഷം കുട്ടികൾ വിദ്യാലയങ്ങളിലെത്തിയതു പോലെ ഇംഗ്ലണ്ടുമായി ബാക്കിവന്ന ഒരേയൊരു ടെസ്റ്റ് പരീക്ഷ പൂർത്തിയാക്കാൻ ഇന്ത്യ ഇന്നിറങ്ങും. വിജയിച്ചാൽ എ പ്ലസോടെ പരമ്പര കൈയിൽ പോരും. ഇന്ത്യൻ ക്യാമ്പിലുണ്ടായ കോവിഡ് ബാധയെത്തുടർന്നാണ് ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ പരമ്പരയിലെ അവസാന മത്സരം കഴിഞ്ഞ സെപ്റ്റംബറിൽ മാറ്റിവെച്ചത്.
നിലവിൽ കോവിഡ് പോസിറ്റിവായ ഇന്ത്യൻ നായകൻ രോഹിത് ശർമ കളിക്കുന്നില്ല. തുടർപരിശോധനയിലും പോസിറ്റിവായതോടെയാണ് രോഹിത്തിന് വിശ്രമം അനുവദിക്കേണ്ടി വന്നത്. ജസ്പ്രീത് ബുംറ ടീമിനെ നയിക്കും. കോവിഡ് മുക്തനായി ഓൾ റൗണ്ടർ ആർ. അശ്വിൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് മുന്നിൽ നിൽക്കുന്ന ഇന്ത്യക്ക് സമനിലയെങ്കിലും നേടിയാൽ ഇംഗ്ലണ്ട് മണ്ണിലെ നാലാം പരമ്പര നേട്ടം ആഘോഷിക്കാം. ഏറ്റവുമൊടുവിൽ 2007 ലാണ് ഇന്ത്യ ഇംഗ്ലണ്ടിൽ വെന്നിക്കൊടി പാറിച്ചത്. അന്ന് ഇന്ത്യൻ സംഘത്തെ നയിച്ച രാഹുൽ ദ്രാവിഡ് ഇന്ന് ടീമിന്റെ മുഖ്യപരീശീലകനായി മറ്റൊരു ടൂർണമെന്റ് വിജയത്തിനുള്ള തയാറെടുപ്പിലാണ്.
കാലം മാറുമ്പോൾ കോലവും മാറുമെന്നതു പോലെ കഴിഞ്ഞ സെപ്റ്റംബറിലെ ടീമുകളല്ല ഏറ്റുമുട്ടുന്നത്. ഇരുടീമുകളുടെയും നായകന്മാരും പരിശീലകരും പുതിയ ആളുകളാണ്. ഇംഗ്ലണ്ടിനെപോലെ അടിമുടി ഉടച്ചുവാർത്തിട്ടില്ലെങ്കിലും തലയും തലച്ചോറും മാറിയാണ് ഇന്ത്യയുമിറങ്ങുന്നത്. വിരാട് കോഹ്ലി സംഘത്തിലുണ്ടെങ്കിലും അന്നത്തെ പരിശീലകൻ രവി ശാസ്ത്രി പടിയിറങ്ങി. പ്രധാന ഓപണർമാരുടെ അഭാവത്തിൽ ഇന്ത്യൻ ടീം തെരഞ്ഞെടുപ്പ് ദുഷ്കരമാവും.
മുൻ ന്യൂസിലൻഡ് ബാറ്റർ ബ്രണ്ടൻ മക്കല്ലം പരിശീലകനും ലോകോത്തര ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് നായകനുമായ പുതിയ ഇംഗ്ലണ്ട് ടീം വിജയദാഹികളായ ആക്രമണോത്സുക സംഘമായി മാറി. നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻ ന്യൂസിലൻഡിനെതിരെ പരമ്പരയിൽ നേടിയ ത്രസിപ്പിക്കുന്ന വിജയങ്ങൾ ഇത് അടിവരയിടുന്നു. കഴിഞ്ഞ വർഷത്തെ നാലാം ടെസ്റ്റിൽ നിന്ന് ഏഴ് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ടീം നാളെയിറങ്ങുക.
ടീം ഇവരിൽ നിന്ന്- ഇന്ത്യ: ജസ്പ്രീത് ബുംറ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ചേതേശ്വർ പുജാര, ഹനുമ വിഹാരി, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, രവീന്ദ്ര ജദേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദുൽ ഠാകുർ, രവിചന്ദ്രൻ അശ്വിൻ, പ്രസിദ്ധ് കൃഷ്ണ, കെ.എസ്. ഭരത്, മായങ്ക് അഗർവാൾ, ഉമേഷ് യാദവ്. ഇംഗ്ലണ്ട്: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), സാക് ക്രോളി, അലക്സ് ലീസ്, ഒലി പോപ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, സാം ബില്ലിങ്സ്, മാത്യു പോട്സ്, സ്റ്റുവർട്ട് ബ്രോഡ്, ജാക്ക് ലീച്ച്, ജെയിംസ് ആൻഡേഴ്സൺ.