ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ഓവലിൽ
text_fieldsഓവൽ പിച്ച് ചീഫ് ക്യൂറേറ്റർ ലീ ഫോർട്ടിസുമായി കയർക്കുന്ന ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ
ലണ്ടൻ: വാഗ്വാദങ്ങളും വിവാദങ്ങളും പുരോഗമിക്കുന്നതിനിടെ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം വ്യാഴാഴ്ച ഓവലിൽ തുടങ്ങും. പരമ്പരയിൽ 2-1ന് മുന്നിലാണ് ആതിഥേയർ. അവസാന കളിയിൽ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര 2-2ന് സമനിലയിൽ പിടിക്കാം. ഇംഗ്ലണ്ടിനെ സംബന്ധിച്ച് അഞ്ചാം ടെസ്റ്റ് സമനിലയിലായാലും പരമ്പര കിട്ടും. ഇംഗ്ലണ്ട് പര്യടനത്തിന്റെ തുടക്കം മുതൽ ആരംഭിച്ച പ്രശ്നങ്ങൾ ചൊവ്വാഴ്ച ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും ഓവൽ ചീഫ് ക്യൂറേറ്റർ ലീ ഫോർട്ടിസുമായുണ്ടായ രൂക്ഷമായ വാഗ്വാദം വരെയെത്തിയിട്ടുണ്ട്.
സമനിലയിലായ നാലാം ടെസ്റ്റിലെ കൈകൊടുക്കൽ വിവാദം കെട്ടടങ്ങും മുമ്പാണ് ഗംഭീറും ഫോർട്ടിസും തമ്മിലെ തർക്കവും. സഹപരിശീലകർക്കൊപ്പം ഇന്നലെ ഓവലിൽ പിച്ച് പരിശോധനക്കെത്തിയതായിരുന്നു ഗംഭീർ. ഈ സമയത്ത് ഗ്രൗണ്ട് സ്റ്റാഫിലൊരാൾ വന്ന് ഇവരോട് വിക്കറ്റിൽനിന്ന് രണ്ടര മീറ്റർ മാറിനിൽക്കാൻ ആവശ്യപ്പെട്ടതാണ് പരിശീലകനെ ചൊടിപ്പിച്ചത്. കയറിന് പുറത്തുനിന്ന് വിക്കറ്റ് കണ്ടാൽ മതിയെന്നായിരുന്നു സ്റ്റാഫിന്റെ നിലപാടെന്ന് ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാൻഷു കൊടക് പറഞ്ഞു.
സ്പൈക്ക് ധരിക്കുന്നില്ലെന്നും സർഫേസിന് കേടുണ്ടാക്കുന്ന ഒന്നുമുണ്ടാവില്ലെന്നും അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ‘‘ഇത് റിപ്പോർട്ട് ചെയ്യും’’ എന്ന് ഗംഭീറിനോട് ഫോർട്ടിസ് പറഞ്ഞു. ‘‘പോയി വേണ്ടപോലെ റിപ്പോർട്ട് ചെയ്തോളൂ’’ എന്ന് ഗംഭീറും മറുപടി നൽകി. ‘‘ഞങ്ങളെന്ത് ചെയ്യണമെന്ന് കൽപിക്കേണ്ട. താങ്കളൊരു ഗ്രൗണ്ട് സ്റ്റാഫ് മാത്രമാണ്, അതിനപ്പുറം ഒന്നുമല്ലെ’’ന്ന് ഫോർട്ടിസിനോട് ഗംഭീർ തുറന്നടിച്ചു. ഇതൊരു വലിയ മത്സരമാണെന്നും ഇന്ത്യൻ പരിശീലകൻ അൽപം കർക്കശക്കാരനാണെന്നുമായിരുന്നു പിന്നീട് ക്യുറേറ്റർ ഫോർട്ടിസിന്റെ പ്രതികരണം. ക്യൂറേറ്ററുമായി ഒത്തുപോവാൻ ബുദ്ധിമുട്ടാണെന്ന് മുമ്പേ മനസ്സിലാക്കിയിരുന്നതായി കൊടക് വെളിപ്പെടുത്തി.
നാലാം ടെസ്റ്റിന്റെ അവസാന സെഷനിൽ ഇന്ത്യൻ ബാറ്റർ രവീന്ദ്ര ജദേജക്ക് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് സമനിലക്കായി കൈകൊടുക്കാൻ ശ്രമിച്ചത് നിരസിക്കപ്പെട്ടിരുന്നു. കളി ജയിക്കാനാകില്ലെന്ന് ഉറപ്പായതോടെ “ഞങ്ങൾ സമനിലക്ക് തയാർ... അപ്പോ കൈ കൊടുത്തു പിരിയുകയല്ലേ?” സ്റ്റോക്സിന്റെ ആ ഓഫറിനു നേരെ ‘നോ’ പറഞ്ഞു ജദേജ. ഇന്ത്യൻ ബാറ്റർമാർ സെഞ്ച്വറി നേടുന്നത് തടയാനുള്ള ശ്രമം പാളിയെന്ന് മനസ്സിലാക്കിയ സ്റ്റോക്സ് പെട്ടെന്ന് നയംമാറ്റി. സെഞ്ച്വറി നേടണമെങ്കിൽ നേരത്തേ ബാറ്റ് ചെയ്യണമായിരുന്നുവെന്ന്. “ജഡ്ഡൂ.. ബ്രൂക്കിനും ഡക്കറ്റിനുമെതിരെ നിങ്ങൾക്ക് സെഞ്ച്വറി അടിക്കണോ?” എന്നായിരുന്നു അടുത്ത ചോദ്യം. സെഞ്ച്വറി അടിക്കണമായിരുന്നെങ്കിൽ നേരത്തേ ഇറങ്ങാമായിരുന്നു എന്ന് ഉപദേശവും. ഏതായാലും കളി ഇപ്പോൾ നിർത്തുന്നില്ലെന്നായിരുന്നു ജദേജയുടെ മറുപടി. ഈ സംഭവത്തിൽ സ്റ്റോക്സിനെതിരെ ക്രിക്കറ്റ് ലോകത്ത് വിമർശനമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

