368 ന് ആറ് ; മറുപടി ബാറ്റിങിൽ ഇംഗ്ലണ്ട് പൊരുതുന്നു
text_fieldsലണ്ടൻ : ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് പൊരുതുന്നു. മൂന്നാം ദിനത്തിൽ 368 ന് ആറ് എന്ന നിലയിലാണ് നിലവിൽ ആതിഥേയർ. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഒന്നാമിന്നിങ്സ് 471 റണ്‍സില്‍ അവസാനിച്ചിരുന്നു. ഓപ്പണർ യശ്വസി ജയ്സ്വാളിന്‍റെയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്‍റെയും പിന്നാലെ വിക്കറ്റ് കീപ്പർ റിഷഭ് പന്തും ഇന്ത്യക്കായി സെഞ്ച്വറി നേടി. വാലറ്റത്തെയും ബാറ്റർമാരുടെ മോശം പ്രകടനമാണ് കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയെ 500ന് താഴെ ഒതുക്കിയത്. 41 റൺസെടുക്കുന്നതിനിടെയാണ് അവസാന ഏഴ് വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായത്.
മൂന്നാം ദിനത്തിൽ മൂന്ന് വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. സെഞ്ച്വറി നേടിയ ഒലി പോപ്പിനും ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനും പുറമെ ജാമി സ്മിത്തും ഇന്ന് പുറത്തായി. നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെന്ന നിലയിലാണ് മൂന്നാം ദിവസം ഇംഗ്ലണ്ട് ബാറ്റിങ് പുനരാരംഭിച്ചത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ഒരു ഫോറും ഒരു സിക്സറും അടിച്ച് ഹാരി ബ്രൂക്ക് താൻ ഫോമിലേക്ക് ഉയരുമെന്ന് സൂചന നൽകി. എന്നാൽ തൊട്ടടുത്ത ഓവറിൽ 106 റൺസുമായി ക്രീസിലുണ്ടായിരുന്ന ഒലി പോപ്പിനെ പുറത്താക്കി പ്രസിദ്ധ് തിരിച്ചടിച്ചു. പ്രസിദ്ധിന്റെ പന്തിൽ പോപ്പിന്റെ ബാറ്റിൽ ഉരസിയ ബോൾ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കൈപ്പിടിയിലാക്കി. ആറാമനായി ക്രീസിലെത്തിയ ബെൻ സ്റ്റോക്സ് മുഹമ്മദ് സിറാജിന്‍റെ ബോളിൽ പന്തിന് ക്യാച്ച് നൽകി ക്രീസ് വിട്ടു. 52 പന്തിൽ മൂന്ന് ഫോറുകൾ ഉൾപ്പെടെ 20 റൺസ് മാത്രമാണ് സ്റ്റോക്സിന് നേടാനായത്. പിന്നീടെത്തി 52 പന്തിൽ 40 റൺസെടുത്ത ജാമി സ്മിത്തിനെ സായ് സുദർശന്‍റെ കൈകളിലെത്തിച്ച് പ്രസിദ്ധ് കൃഷ്ണ തന്‍റെ രണ്ടാം വിക്കറ്റും നേടി.
102 പന്തുകളിൽ നിന്നായി 10 ഫോറും ഒരു സിക്സറുമടക്കം 82 റൺസെടുത്ത ഹാരി ബ്രൂക്ക് പുറത്താകാതെ നിൽക്കുകയാണ്. 15 ബോളിൽ ഒരു റൺസെടുത്ത ക്രിസ് വോക്സും ബ്രൂക്കിന് കൂട്ടായി ക്രീസിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

