നേപ്പാളിനെ 10 വിക്കറ്റിന് തകർത്ത് ഇന്ത്യ സൂപ്പർ ഫോറിൽ
text_fieldsപല്ലെക്കലെ: ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തിൽ നേപ്പാളിനെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ സൂപ്പർ ഫോറിൽ കടന്നു. മഴ മൂലം നിരവധി തവണ കളി തടസ്സപ്പെട്ട മത്സരത്തിൽ നേപ്പാൾ ഒരുക്കിയ 231 റൺസ് വിജയലക്ഷ്യം ഡക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം 23 ഓവറിൽ 145 റൺസാക്കി പുതുക്കി നിശ്ചയിക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ ഓപണർമാരായ ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും തകർത്തടിച്ച് 20.1 ഓവറിൽ ലക്ഷ്യം കാണുകയായിരുന്നു (147/0). 59 പന്തിൽ അഞ്ച് സിക്സും ആറു ഫോറുമുൾപ്പെടെ 74 റൺസാണ് രോഹിത് ശർമ നേടിയത്. 62 പന്തിൽ എട്ടു ഫോറും ഒരു സിക്സുമുൾപ്പെടെ ശുഭ്മാൻ ഗിൽ 67 റൺസെടുത്തു.
ഗ്രൂപ്പ് എ യിൽ പാകിസ്താനെതിരായ ഇന്ത്യയുടെ ആദ്യ മത്സരം മഴ മുടക്കിയിരുന്നു. ഒരു ജയവും ഒരു സമനിലയുമായി ഇന്ത്യക്കും പാകിസ്താനും തുല്യ (3) പോയിന്റാണെങ്കിലും റൺശരാശരിയുടെ ബലത്തിൽ പാകിസ്താൻ ഗ്രൂപ് ചാമ്പ്യന്മാരായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. താരതമ്യേന ദുർബലരായ നേപ്പാളിനെ ചെറിയ സ്കോറിൽ ഒതുക്കി അനായാസ ജയം ലക്ഷ്യമിട്ടാണ് ടോസ് നേടി ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തത്. എന്നാൽ ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചായിരുന്നു നേപ്പാളിന്റെ തുടക്കം. ഓപണർമാരായ കുഷാൽ ഭുർതേലും (38), ആസിഫ് ഷെയ്ഖും (58) മികച്ച തുടക്കമാണ് സമ്മാനിച്ചത്.
ഇന്ത്യയാകട്ടെ ഫീൽഡിൽ സമീപകാലത്തെ ഏറ്റവും മോശം പ്രകടനമായിരുന്നു. ഓപണർമാരുടേതുൾപ്പെടെ മൂന്ന് ക്യാച്ചുകൾ വിട്ടുകളഞ്ഞു. ശുഭ്മാൻ ഗിൽ, വിരാട് കോഹ്‍ലി, ഇഷാൻ കിഷൻ എന്നിവരാണ് ക്യാച്ച് വിടുന്നതിൽ മത്സരിച്ചത്. ഓപണർമാർ നൽകിയ മികച്ച തുടക്കം മധ്യനിര ബാറ്റർമാർക്ക് മുതലാക്കാനായില്ല. മൂന്ന് വിക്കറ്റുമായി മികച്ച പ്രകടനം കാഴ്ചവെച്ച രവീന്ദ്ര ജഡേജയാണ് നേപ്പാൾ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്.
ദിപേന്ദ്ര സിങ് അയ്‌രി (29) സോംപാൽ കാമിയും (48) ശക്തമായ ചെറുത്തു നിന്നതോടെ ടീം സ്കോർ 200 കടന്നു. ഇന്ത്യക്ക് വേണ്ടി ജഡേജയെ കൂടാതെ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, ഷർദുൽ താക്കൂർ എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി. നാട്ടിലേക്ക് മടങ്ങിയ ജസ്പ്രീത് ബുംറക്ക് പകരം മുഹമ്മദ് ഷമിയെ ഉൾപ്പെടുത്തിയാണ് ഇന്ത്യൻ ടീം ഇറങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.