മൂന്നാംദിനം തുടങ്ങുംമുമ്പ് ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഇന്ത്യ; വിൻഡീസിന് 286 റൺസ് കടം
text_fieldsഅഹ്മദാബാദ്: വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 286 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. രണ്ടാംദിനം സ്റ്റമ്പെടുക്കമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 448 റൺസ് എന്ന നിലയിലായിരുന്ന ഇന്ത്യ, മൂന്നാംദിനം കളി തുടങ്ങുംമുമ്പ് അതേ സ്കോറിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. വെസ്റ്റിൻഡീസ് ഒന്നാമിന്നിങ്സിൽ 162 റൺസിന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സിൽ 12 റൺസ് ചേർക്കുന്നതിനിടെ വിൻഡീസിന് ഓപണർ തഗനരെയ്ൻ ചന്ദർപോളിന്റെ വിക്കറ്റ് നഷ്ടമായി. ഒമ്പത് ഓവർ പിന്നിടുമ്പോൾ ഒന്നിന് 21 എന്ന നിലയിലാണ് സന്ദർശകർ. ജോൺ കാംപ്ബെൽ (13*), അലിക് അതനേസ് (1*) എന്നിവരാണ് ക്രീസിൽ.
കെ.എൽ. രാഹുലും (100) രവീന്ദ്ര ജദേജയും (104 നോട്ടൗട്ട്) ധ്രുവ് ജുറലും (125) നേടിയ സെഞ്ച്വറികളാണ് ഇന്ത്യൻ ഇന്നിങ്സിന്റെ ഹൈലൈറ്റ്. മൂന്ന് ഇന്ത്യൻ ബാറ്റർമാർ സെഞ്ച്വറി നേടുന്നത് ഈ വർഷമിത് മൂന്നാം തവണയാണ്. ലീഡ്സിലും മാഞ്ചസ്റ്റിലും ഇംഗ്ലണ്ടിനെതിരെ ഈ നേട്ടം കുറിച്ചിരുന്നു. രാഹുൽ തന്റെ ആറു മാസമായ മകൾ ഇവാരക്കും ജുറൽ ഇന്ത്യൻ കരസേനക്കും സെഞ്ച്വറികൾ സമർപ്പിച്ചാണ് ആഘോഷിച്ചത്. 128 ഓവറിൽ 3.5 റൺസ് ശരാശരിയിൽ റൺസ് വാരിയ ഇന്ത്യൻ ബാറ്റർമാർ 45 ബൗണ്ടറികളും ആറ് സിക്സും പറത്തി. 197 പന്തിലാണ് രാഹുൽ നൂറ് റൺസ് നേടിയത്. എട്ടു വർഷവും ഒമ്പത് മാസത്തിനും ശേഷമാണ് രാഹുൽ ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് സെഞ്ച്വറി കുറിക്കുന്നത്. താരത്തിന്റെ 11ാം ടെസ്റ്റ് ശതകമാണിത്.
ജുറലിന്റെ കന്നി സെഞ്ച്വറിയാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പിറന്നത്. ജദേജയുടേത് ആറാം സെഞ്ച്വറിയും. രാവിലെ ജെയ്ഡൻ സീൽസിന്റെ പന്തിൽ രാഹുലിനെ പുറത്താക്കാനുള്ള അവസരം സന്ദർശകർ നഷ്ടപ്പെടുത്തിയിരുന്നു. പിന്നീട് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും രാഹുലും ഇന്ത്യയെ അനായാസം ലീഡിലെത്തിച്ചു. റോസ്റ്റൺ ചേസിനെ റിവേഴ്സ് സ്വീപ് ചെയ്യാനുള്ള ശ്രമത്തിലാണ് ഗിൽ പുറത്തായത്. ജസ്റ്റിൻ ഗ്രീവ്സാണ് ക്യാച്ചെടുത്തത്. ജോമൽ വാരികൻ രാഹുലിനെ മടക്കി.
ജുറലും ജദേജയും അഞ്ചാം വിക്കറ്റിൽ 206 റൺസ് ചേർത്തു. ജുറൽ 15 ഫോറും മൂന്ന് സിക്സും തൂക്കി. ആറ് ഫോറും അഞ്ച് സിക്സുമടക്കം നേടിയ ജദേജ 104 റൺസുമായി പുറത്താകാതെ നിന്നു. 85ാം ടെസ്റ്റ് കളിക്കുന്ന ജദേജ സിക്സിൽ എം.എസ്. ധോണിയുടെ റെക്കോഡിന് ഒപ്പമെത്തി. 78 സിക്സാണ് ഇരുവരും നേടിയത്. ഈ വർഷം ഏഴാം തവണയാണ് ജദേജ ടെസ്റ്റിൽ 50 റൺസിലധികം നേടുന്നത്. ഏഴ് ടെസ്റ്റുകളിൽ 13 ഇന്നിങ്സുകളിലായി ഈ ഓൾറൗണ്ടർ രണ്ട് സെഞ്ച്വറിയടക്കം 659 റൺസ് നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

