
മൊഹാലിയിൽ ലങ്കാദഹനം; ഇന്ത്യൻ വിജയം ഇന്നിങ്സിനും 222 റൺസിനും
text_fieldsമൊഹാലി: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വമ്പൻ വിജയം. രണ്ട് ദിവസം ബാക്കി നിൽക്കേയാണ് ഇന്നിങ്സിനും 222 റൺസിനുമായിരുന്നു ഇന്ത്യൻ വിജയം. ടെസ്റ്റ് നായകനായി അരങ്ങേറിയ ആദ്യ മത്സരത്തിൽ തന്നെ ടീമിനെ മിന്നും ജയത്തിലെത്തിക്കാൻ രോഹിത് ശർമക്കായി. ഇതോടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. മാർച്ച് 12 മുതൽ പകൽ-രാത്രിയായി ബംഗളൂരുവിൽ വെച്ചാണ് അവസാന ടെസ്റ്റ്.
ഫോളോ ഓണിന് അയക്കപ്പെട്ട് 400 റൺസ് കടവുമായിറങ്ങിയ ലങ്കക്ക് രണ്ടാം ഇന്നിങ്സിൽ 178 റൺസ് മാത്രമാണ് ചേർക്കാനായത്. നാലുവിക്കറ്റ് വീതം വീഴ്ത്തിയ ആർ. അശ്വിനും രവീന്ദ്ര ജദേജയുമാണ് ലങ്കയെ ചുരുട്ടിക്കൂട്ടിയത്. പുറത്താകാതെ 175 റൺസ് നേടി ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലാകുകയും രണ്ട് ഇന്നിങ്സുകളിലായി ഒമ്പത് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ജദേജയാണ് കളിയിലെ താരം.
സ്കോർ: ഇന്ത്യ 574/8 ഡിക്ല, ശ്രീലങ്ക 174 & 178
വിക്കറ്റ് കീപ്പർ ബാറ്റർ നിരോഷൻ ഡിക്‍വല്ല (51 നോട്ടൗട്ട്), ധനജ്ഞയ ഡിസിൽവ (30), എയ്ഞ്ചലോ മാത്യൂസ് (28), ദിമുത് കരുണരത്നെ (27), ചരിത് അസലങ്ക (20) എന്നിവർ മാത്രമാണ് രണ്ടാം ഇന്നിങ്സിൽ ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്. പേസർ മുഹമ്മദ് ഷമി രണ്ടുവിക്കറ്റ് വീഴ്ത്തി. നാലുവിക്കറ്റെടുത്ത അശ്വിൻ ടെസ്റ്റിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു.
ഇതിഹാസ താരം കപിൽ ദേവിനെ (434 വിക്കറ്റ്) മറികടന്ന് അശ്വിൻ ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായി. 430 വിക്കറ്റുമായി മൊഹാലിയിലെത്തിയ തമിഴ്നാട്ടുകാരൻ ആദ്യ ഇന്നിങ്സിൽ രണ്ടും അവസാന ഇന്നിങ്സിൽ നാലും വിക്കറ്റ് വീഴ്ത്തി.
ആദ്യ ഇന്നിങ്സിൽ പുറത്താകാതെ 175 റൺസ് അടിച്ചതിന് പിന്നാലെ അഞ്ചുവിക്കറ്റ് പിഴുത രവീന്ദ്ര ജദേജയാണ് ലങ്കയെ 174ലൊതുക്കിയത്. നാലിന് 108 റൺസെന്ന നിലയിൽ മൂന്നാം ദിനം പാഡുകെട്ടിയിറങ്ങിയ ലങ്ക ശ്രദ്ധയോടെയാണ് തുടങ്ങിയത്.ആദ്യ സെഷനിൽ ചരിത് അസലങ്കയും (29) പതും നിസങ്കയും (61 നോട്ടൗട്ട്) ചേർന്ന് ടീമിനെ 150 കടത്തി. സെഷനിൽ ലങ്കൻ ബാറ്റർമർ ഇന്ത്യ അൽപം പരീക്ഷിച്ചെങ്കിലും അസലങ്കയെ വിക്കറ്റിന് മുന്നിൽ കുടുക്കി ബൂംറ ഇന്ത്യക്ക് ബ്രേക്ക്ത്രൂ നൽകി.
അപ്പോൾ സ്കോർ അഞ്ചിന് 161. പിന്നീട് എല്ലാം ചടങ്ങു പോലെയായിരുന്നു. പിന്നീട് 13 റൺസ് ചേർക്കുന്നതിനിടെ ദ്വീപുകാർക്ക് അഞ്ചുവിക്കറ്റ് നഷ്ടമായി. നിരോഷൻ ഡിക്‍വല്ല (2), സൂരംഗ ലക്മൽ (0), വിശ്വ ഫെറാണ്ടോ (0), ലഹിരു കുമാര (0) എന്നിവരെ ജദേജ മടക്കി. ലസിത് എംബുൽഡനിയയെ (0) മുഹമ്മദ് ഷമി മടക്കി. ഇന്ത്യക്കായി ബൂംറയും അശ്വിനും രണ്ടുവിക്കറ്റ്‍ വീതമെടുത്തു.