ഇംഗ്ലീഷ് പരീക്ഷ പാസായി; ഇന്ത്യ ഫൈനലിൽ
text_fieldsമുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ. ഇന്ത്യ ഉയർത്തിയ 254 റൺസെന്ന പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്റെ പോരാട്ടം 246 റൺസിൽ അവസാനിച്ചു. ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.
അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമല്ല ലഭിച്ചത്. പവർപ്ലേ പിന്നിടുമ്പോൾ തന്നെ 68 റൺസിന് അവരുടെ മുൻനിരയിലെ മൂന്ന് ബാറ്റർമാർ കൂടാരം കയറി. രണ്ടാം ഓവറിൽ സ്കോർ ബോർഡിൽ 13 റൺസുള്ളപ്പോൾ ഫിൽ സോൾട്ടിനെ (5) ക്ലീൻ ബൗൾഡാക്കി ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് നൽകിയത്. പിന്നാലെയെത്തിയ നായകൻ ഹാരി ബ്രൂക്കിനെ (6 പന്തിൽ 7) ജസ്പ്രീത് ബുംറയുടെ പന്തിൽ അക്ഷർ പട്ടേൽ തകർപ്പനൊരു ക്യാച്ചിലൂടെ പുറത്താക്കി. വരുൺ ചക്രവർത്തി എറിഞ്ഞ ആറാം ഓവറിൽ തുടർച്ചയായി മൂന്ന് സിക്സറുകൾ പറത്തി ജേക്കബ് ബെതൽ അപകടഭീഷണി ഉയർത്തിയെങ്കിലും, സ്ട്രൈക്ക് മാറിയെത്തിയ ജോസ് ബട്‌ലറെ (17 പന്തിൽ 25) ക്ലീൻ ബൗൾഡാക്കി വരുൺ ഇന്ത്യയ്ക്ക് ആശ്വാസം നൽകി. എട്ടാം ഓവറിൽ ഇംഗ്ലണ്ട് 100 കടന്നു. ടോം ബാന്റനെ അക്ഷർ പട്ടേൽ മടക്കിയെങ്കിലും വിൽ ജാക്സിനെ കൂട്ടുപിടിച്ച് ബെതൽ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇരുവരും ചേർന്ന് 77 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
സ്കോർ 172-ൽ നിൽക്കെ സിക്സറിന് ശ്രമിച്ച വിൽ ജാക്സിനെ അക്‌സർ പട്ടേലിന്റെയും ശിവം ദുബെയുടെയും മികച്ചൊരു റിലേ ക്യാച്ചിലൂടെ ഇന്ത്യ പുറത്താക്കി. ബൗണ്ടറി ലൈനിൽ ക്യാച്ചെടുത്ത അക്‌സർ, അതിർത്തി കടക്കുമെന്ന് ഉറപ്പായതോടെ പന്ത് അതിവേഗം ദുബെക്ക് കൈമാറുകയായിരുന്നു. മത്സരത്തിൽ നിർണായക വഴിത്തിരിവായത് ഈ വിക്കറ്റാണ്. തുടർന്ന് പതിനെട്ടാം ഓവറിൽ വെറും ആറ് റൺസ് മാത്രം വിട്ടുനൽകിയ ജസ്പ്രീത് ബുംറയുടെ പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ഇതോടെ അവസാന രണ്ട് ഓവറിൽ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 39 റൺസായി മാറി. ഹാർദിക് പാണ്ഡ്യ എറിഞ്ഞ 19-ാം ഓവറിലെ ആദ്യ പന്ത് സിക്സറിന് പറത്തി ബെതൽ സെഞ്ച്വറി തികച്ചു. എന്നാൽ തൊട്ടുപിന്നാലെ സാം കറൻ മടങ്ങി. അവസാന ഓവറിൽ വിജയത്തിലേക്ക് 30 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് ആദ്യ പന്തിൽ തന്നെ തകർപ്പൻ ഫോമിലായിരുന്ന ബെതലിനെ റണ്ണൗട്ടിലൂടെ നഷ്ടമായി. ശിവം ദുബെ എറിഞ്ഞ അവസാന ഓവറിലെ അവസാന രണ്ട് പന്തുകളും ജോഫ്ര ആർച്ചർ സിക്സർ പറത്തിയെങ്കിലും ഇംഗ്ലണ്ടിന്റെ പോരാട്ടം 246 റൺസിൽ അവസാനിക്കുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ, മലയാളി താരം സഞ്ജു സാംസണിന്റെ (42 പന്തിൽ 89) വെടിക്കെട്ട് ഇന്നിങ്സിന്റെ മികവിലാണ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് പടുത്തുയർത്തിയത്. ഇഷാൻ കിഷനും (18 പന്തിൽ 39) ശിവം ദുബെയും (25 പന്തിൽ 43) സഞ്ജുവിന് മികച്ച പിന്തുണ നൽകി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ കിവീസിനെ വീഴ്ത്തി കിരീടം നേടാമെന്ന ഉറച്ച വിശ്വാസത്തിലാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവും സംഘവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

