അബ്സല്യൂട്ട് അഭിഷേക് ഷോ, ഒപ്പം വൈഭവും; ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം, പരമ്പര
text_fieldsവെല്ലിങ്ടൺ: ന്യൂസിലൻഡ് പര്യടനത്തിലെ മൂന്നാം ട്വന്റി 20യിലും തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. വെല്ലിങ്ടണിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ന്യൂസിലൻഡ് ഉയർത്തിയ 199 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ 40 പന്തുകൾ ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു.
ഓപ്പണർ അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് സെഞ്ച്വറി കരുത്തിലാണ് ടീമിന്റെ വിജയം. തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിച്ചാണ് ഇന്ത്യ വിജയം നേടിയെടുത്തത്. വിജയത്തോടെ രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ ശ്രേയസും സംഘവും പരമ്പര സ്വന്തമാക്കി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലൻഡ് മൂന്ന് വിക്കറ്റിന് 198 റൺസെടുത്തിരുന്നു. രണ്ടാം ഓവറിൽ രണ്ട് റൺസ് മാത്രമെടുത്ത ടിം സീഫെർട്ട് അർഷ്ദീപ് സിങ് മടക്കി. അതോടെ ഒന്നിച്ച ഫിൻ അലൻ - ഡാരൽ മിച്ചൽ സഖ്യം 86 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി കിവീസിന് പുതുജീവൻ നൽകി.
പിന്നാലെ നിതീഷ് കുമാർ റെഡ്ഡി ഫിൻ അലനെ (25 പന്തിൽ 40) പുറത്താക്കി. ക്രീസിൽ തുടർന്ന മിച്ചൽ നാലാമനായി ഇറങ്ങിയ ഗ്ലെൻ ഫിലിപ്സിനെ കൂട്ടുപിടിച്ച് ന്യൂസിലൻഡ് സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ഇന്ത്യ അടുത്ത പ്രഹരമേല്പിച്ചു. അക്ഷർ പട്ടേലിന്റെ പന്തിൽ താരത്തിന് തന്നെ ക്യാച്ച് നൽകി ഫിലിപ്സ് (17) കൂടാരം കയറി.
അതോടെ ക്രീസിലെത്തിയ ബിവോൺ ജേക്കബ്സ് മിച്ചലിനൊപ്പം ചേർന്ന് ടീം സ്കോർ 198ൽ എത്തിക്കുകയായിരുന്നു. 52 പന്തിൽ അഞ്ച് വീതം സിക്സറുകളും ഫോറുകളും അടക്കം 89 റൺസെടുത്ത് മിച്ചൽ പുറത്താവാതെ നിന്നപ്പോൾ ജേക്കബ്സ് 23 പന്തിൽ പുറത്താവാതെ 39 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിൽ മലയാളി താരം സഞ്ജു സാംസണിനെ മാറ്റി വൈഭവ് സൂര്യവംശി - അഭിഷേക് ശർമ്മ സഖ്യത്തെയാണ് ഇന്ത്യ പരീക്ഷിച്ചത്. ക്രീസിലെത്തി ആദ്യ പന്ത് മുതൽ ഇരുവരും ആക്രമിച്ചു കളിച്ചു. അഭിഷേക് ശര്മയായിരുന്നു കൂടുതൽ അപകടകാരി. നാലാം ഓവറിൽ തന്നെ അഭിഷേക് അർധ സെഞ്ച്വറി പൂർത്തിയാക്കി.
തുടർന്നും ആക്രമിച്ച് കളിച്ച ഇന്ത്യ പവർപ്ലേ അവസാനിച്ചപ്പോഴേക്കും വിക്കറ്റ് നഷ്ടമിറ്റമില്ലാതെ 118 റൺസിലെത്തി. പോരാട്ടം തുടരുന്നതിനിടെ വൈഭവ് എട്ടാം ഓവറിൽ മാറ്റ് ഫിഷറിന്റെ പന്തിൽ മടങ്ങി. 19 പന്തിൽ ആറ് സിക്സറുകളും നാല് ഫോറുകളും അടക്കം 45 റൺസായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
പിന്നാലെത്തിയ സഞ്ജു സാംസണിനെ സാക്ഷിയാക്കി അഭിഷേക് തന്റെ വെടിക്കെട്ട് ബാറ്റിങ് തുടർന്നു. പത്താം ഓവറിൽ വെറും 35 പന്തുകൾ നേരിട്ട് താരം തന്റെ സെഞ്ച്വറി പൂർത്തിയാക്കി. ആ ഓവറിലെ അവസാന പന്തിൽ കൈൽ ജാമിസൻ 38 പന്തിൽ 11 സിക്സറുകളും ഒമ്പത് ഫോറുകളും ഉൾപ്പടെ 113 റൺസെടുത്ത ഇന്ത്യൻ ഓപ്പണറെ പുറത്താക്കി.
ഏറെ വൈകാതെ ക്യാപ്റ്റൻ ശ്രേയസ് അയ്യരും (അഞ്ച്) സഞ്ജു സാംസണും (18) എന്നിവരും തിരികെ നടന്നു. മിച്ചൽ സാന്റ്നർക്കും കൈൽ ജാമിസനുമാണ് വിക്കറ്റ്. നമൻ ധിറും (നാല്) തിലക് വർമ്മ (ഒന്ന്) എന്നിവർ പുറത്താകാതെ നിന്ന് ഇന്ത്യക്ക് വിജയമുറപ്പിച്ചു.

