സിഡ്നി: ആസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 375 റൺസ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറിൽ ആസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 374 റൺസെടുത്തു. 114 റൺസെടുത്ത നായകൻ ആരോൺ ഫിഞ്ചും 105 റൺസെടുത്ത സ്റ്റീവ് സ്മിത്തുമാണ് ആസ്ട്രേലിയൻ നിരയിൽ തിളങ്ങിയത്. ഡേവിഡ് വാർണർ(69), ഗ്ലെൻ മാക്സ്വെൽ(45) എന്നിവരും മികച്ച പ്രകടനം നടത്തി.
ഓപ്പണിങ് വിക്കറ്റിൽ ഫിഞ്ചും വാർണറും ചേർന്ന് മികച്ച തുടക്കമാണ് ആസ്ട്രേലിയക്ക് നൽകിയത്. 156 റൺസാണ് ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ അടിച്ചു കൂട്ടിയത്. പിന്നീടെത്തിയ സ്മിത്ത് ഫിഞ്ചിന് പറ്റിയ പങ്കാളിയായതോടെ അനായാസം ഓസീസ് സ്കോർബോർഡ് ചലിച്ചു.
ഇന്ത്യൻ നിരയിൽ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു. 10 ഓവറിൽ 89 റൺസ് വഴങ്ങിയ യൂസ്വേന്ദ്ര ചഹലും 83 റൺസ് വിട്ടുകൊടുത്ത് നവദീപ് സൈനിയും റൺസ് വിട്ടുകൊടുക്കുന്നതിൽ ഒട്ടും പിശുക്ക് കാണിച്ചില്ല. നേരത്തെ ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.