രാഹുലിന് അർധസെഞ്ച്വറി; ആസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം
text_fieldsമുംബൈ: ആസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 39.5 ഓവറിൽ ലക്ഷ്യം മറികടന്നു. അർധ സെഞ്ച്വറി നേടിയ കെ.എൽ രാഹുലും(75) പുറത്താകാതെ 45 റൺസെടുത്ത രവീന്ദ്ര ജഡേജയുമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.
തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. അഞ്ച് റൺസ് എടുക്കുമ്പോഴേക്കും ഇഷാൻ കിഷനെ ടീമിന് നഷ്ടമായി. റൺസ് 16ലെത്തിയപ്പോൾ വിരാട് കോഹ്‍ലിയേയും സുര്യകുമാർ യാദവിനേയും നഷ്ടമായതോടെ ടീമിന്റെ നിലപരുങ്ങലിലായി. ശുഭ്മാൻ ഗില്ലും വേഗത്തിൽ മടങ്ങിയതോടെ 39ന് നാല് എന്ന നിലയിലേക്ക് ഇന്ത്യ വീണു. പിന്നീട് വന്ന ഹാർദിക് പാണ്ഡ്യക്കും നിലയുറപ്പിക്കാൻ സാധിച്ചില്ല. എന്നാൽ, ഒരറ്റത്ത് രവീന്ദ്ര ജഡേജയെ നിർത്തി കെ.എൽ.രാഹുൽ നടത്തിയ രക്ഷാപ്രവർത്തനം ഇന്ത്യയെ വിജയതീരമടുപ്പിച്ചു.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർ 35.4 ഓവറിൽ 188 റൺസിന് പുറത്തായി. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർ മൂന്ന് വീതവും രവീന്ദ്ര ജദേജ രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് നേടി. 81 റൺസെടുത്ത ഓപണർ മിച്ചൽ മാർഷ് ആണ് ആസ്ട്രേലിയയുടെ ടോപ് സ്കോറർ. ഒരു ഘട്ടത്തിൽ 19.4 ഓവറിൽ മൂന്നിന് 129 എന്ന ശക്തമായ നിലയിൽനിന്നാണ് 200 പോലും കടക്കാനാവാതെ ഓസീസ് ബാറ്റർമാർ ക്രീസ് വിട്ടത്.
അഞ്ച് റൺസെടുത്ത ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് ആസ്ട്രേലിയക്ക് ആദ്യം നഷ്ടമായത്. താരത്തിന്റെ സ്റ്റമ്പ് പേസർ മുഹമ്മദ് സിറാജ് തെറിപ്പിക്കുകയായിരുന്നു. എന്നാൽ, സഹ ഓപണർ മിച്ചൽ മാർഷ് ധീരമായി ഇന്ത്യൻ ബൗളർമാരെ നേരിട്ടു. 65 പന്തിൽ അഞ്ച് സിക്സും പത്ത് ഫോറുമടക്കം 81 റൺസെടുത്ത മാർഷിനെ ജദേജയുടെ പന്തിൽ മുഹമ്മദ് സിറാജ് പിടികൂടിയതോടെയാണ് ഇന്ത്യക്ക് ആശ്വാസമായത്. 30 പന്തിൽ 22 റൺസ് നേടിയ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിനെ പാണ്ഡ്യയുടെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എൽ രാഹുലും മടക്കി. മാർനസ് ലബൂഷെയ്ൻ (15), ജോഷ് ഇംഗ്ലിസ് (26), കാമറൂൺ ഗ്രീൻ (12), െഗ്ലൻ മാക്സ് വെൽ (എട്ട്), മാർകസ് സ്റ്റോയിനിസ് (അഞ്ച്), സീൻ അബ്ബോട്ട് (പൂജ്യം) ആദം സാംബ (പൂജ്യം) മിച്ചൽ സ്റ്റാർക് (പുറത്താവാതെ നാല്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന.
ഇന്ത്യൻ നിരയിൽ ആറോവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് പേരെ മടക്കിയ മുഹമ്മദ് ഷമിയാണ് കൂടുതൽ തിളങ്ങിയത്. സിറാജ് 5.4 ഓവറിൽ 29 റൺസ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

