അഹമദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 365 റൺസിന് പുറത്ത്. ഇതോടെ ഇന്ത്യക്ക് 160 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡായി.
വാലറ്റക്കാരായ ഇശാന്ത് ശർമയും മുഹമ്മദ് സിറാജും അടുത്തടുത്ത പന്തുകളിൽ റൺസെടുക്കാതെ മടങ്ങിയതോടെ വാഷിങ്ടൺ സുന്ദറിന് (96 നോട്ടൗട്ട്) അർഹിച്ച കന്നി സെഞ്ച്വറി എത്തിപ്പിടിക്കാനായില്ല. അഞ്ച് പന്തിനിടെയാണ് ഇന്ത്യക്ക് അവസാന മുന്ന് വിക്കറ്റുകൾ നഷ്ടമായത്.
ഏഴുവിക്കറ്റിന് 295 റൺസെന്ന നിലയിൽ 89 റൺസ് ലീഡുമായാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. ആറാം വിക്കറ്റിൽ ഋഷഭ് പന്തിനൊപ്പം 113 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ സുന്ദർ എട്ടാം വിക്കറ്റിൽ അക്സർ പേട്ടലിനെ ചേർത്തുപിടിച്ച് 106 റൺസ് ചേർത്തു.
43 റൺസെടുത്ത അക്സർ റണ്ണൗട്ടാവുകയായിരുന്നു. ഇശാന്തിന്‍റെയും സിറാജിന്‍റെയും വിക്കറ്റുകൾ ബെൻ സ്റ്റോക്സ് സ്വന്തമാക്കി. ഇംഗ്ലണ്ടിനായി സ്റ്റോക്സ് നാലും ജെയിംസ് ആൻഡേഴ്സൺ മൂന്നും വിക്കറ്റ് വീഴ്ത്തി.