രാഹുലിന് സെഞ്ച്വറി, ഗില്ലിന് ഫിഫ്റ്റി; വിൻഡീസിനെതിരെ ഇന്ത്യക്ക് ലീഡ്, മികച്ച സ്കോറിലേക്ക്
text_fieldsസെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന കെ.എൽ രാഹുൽ
അഹ്മദാബാദ്: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുന്നു. ഓപണർ കെ.എൽ രാഹുലിന്റെ സെഞ്ച്വറിയുടെ കരുത്തിൽ മുന്നേറുന്ന ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് എന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് ലീഡ് 56 റൺസായി. സെഞ്ച്വറി നേടിയ രാഹുലിനൊപ്പം 14 റൺസുമായി വിക്കറ്റ് കീപ്പിങ് ബാറ്റർ ധ്രുവ് ജുറേലാണ് ക്രീസിൽ.
രണ്ടിന് 121 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് നായകൻ ശുഭ്മൻ ഗില്ലിന്റെ വിക്കറ്റാണ് രണ്ടാംദിനം നഷ്ടമായത്. അർധ സെഞ്ച്വറി നേടിയ താരത്തെ റോസ്റ്റൺ ചേസ് ജസ്റ്റിൻ ഗ്രീവ്സിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 100 പന്തിൽ അഞ്ച് ബൗണ്ടറികൾ ഉൾപ്പെടെ 50 റൺസാണ് താരം നേടിയത്. പിന്നാലെ ക്രീസിലെത്തിയ ജുറേലിനെ സാക്ഷിയാക്കിയാണ് രാഹുൽ തന്റെ ടെസ്റ്റ് കരിയറിലെ 11-ാം സെഞ്ച്വറി പൂർത്തിയാക്കിയത്. 190 പന്തിൽ 12 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് താരം ശതകം പൂർത്തിയാക്കിയത്.
വിൻഡീസ് 162ന് പുറത്ത്
നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജിന്റെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെയും പേസിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഒന്നാംദിനം സന്ദർശകർ കൂടാരം കയറുകയായിരുന്നു. 32 റൺസെടുത്ത ജസ്റ്റിൻ ഗ്രീവ്സാണ് വിൻഡീസ് ടോപ് സ്കോറർ. ജോൺ കാംബെൽ (8), ടാഗെനരിൻ ചന്ദർപോൾ (0), അലിക് അതനാസെ (12), ബ്രാണ്ടൻ കിങ്(13), ക്യാപ്റ്റൻ റോസ്റ്റൻ ചേസ് (24), ഷായ് ഹോപ് (26), കാരി പിയേര (11), ജോമൽ വാരിക്കൻ (8), ജോഹൻ ലയിൻ (1), ജെയ്ഡൻ സീൽസ് (6 നോട്ടൗട്ട്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവനകൾ.
മൂന്നാം ഓവറിൽ ചന്ദർപോളിനെ വിക്കറ്റ് കീപ്പർ ധ്രുവ് ജുറലിന്റെ ഗ്ലൗസിലെത്തിച്ച് സിറാജ് തുടങ്ങി. താമസിയാതെ കാംബെലും ജുറലിന്റെ കരങ്ങളിലൊതുങ്ങി. ബുംറക്കായിരുന്നു വിക്കറ്റ്. ബ്രാണ്ടനെ സിറാജ് ബൗൾഡാക്കിയപ്പോൾ അതനാസെയെ രാഹുൽ ക്യാച്ചെടുത്തു. ഇതോടെ നാലിന് 42 റൺസിലേക്ക് പതറി വിൻഡീസ്. ഹോപ്പിന്റെ ചെറുത്തുനിൽപ് കുറ്റി തെറിപ്പിച്ച് തീരുമാനമാക്കി സ്പിന്നർ കുൽദീപ് യാദവ്. ലഞ്ചിന് പിരിയുമ്പോൾ അഞ്ചിന് 90. ചേസിനെയും സിറാജ് മടക്കി. ജുറലിന് മറ്റൊരു ക്യാച്ച്. പിയേരയെ സ്പിന്നർ വാഷിങ്ടൺ സുന്ദർ വിക്കറ്റിന് മുന്നിൽ കുടുക്കി. സ്കോർ 150ലെത്തിയപ്പോൾ എട്ടാമനായി ഗ്രീവ്സും. ബുംറയുടെ പന്തിൽ സ്റ്റമ്പിളകി.
ലെയിനിനെ ഇതേ രീതിയിൽത്തന്നെ ബുംറ പറഞ്ഞുവിട്ടു. വാരിക്കൻ ജുറലിന് നാലാം ക്യാച്ചും കുൽദീപിന് രണ്ടാം വിക്കറ്റും സമ്മാനിച്ചതോടെ വിൻഡീസ് 162ന് ഓൾ ഔട്ട്. 14 ഓവറിൽ മൂന്നു മെയ്ഡനടക്കം 40 റൺസ് വഴങ്ങിയാണ് സിറാജ് നാലു വിക്കറ്റ് വീഴ്ത്തിയത്. ബുംറ 14 ഓവറിൽ 42 റൺസ് വിട്ടുകൊടുത്തു. ചായക്ക് ശേഷം തുടങ്ങിയ മറുപടി ബാറ്റിങ്ങിൽ ജയ്സ്വാൾ-രാഹുൽ ഓപണിങ് സഖ്യം ഇന്ത്യയെ 68 റൺസ് വരെ കൊണ്ടുപോയി. ഇരുവരും ബാറ്റ് ചെയ്യവെ ഇടക്ക് മഴ കാരണം കളി നിർത്തിവെച്ചു. ജയ്സ്വാളിനെ സീൽസ് എറിഞ്ഞ 19ാം ഓവറിൽ വിക്കറ്റിന് പിറകിൽ ഹോപ് പിടികൂടി. സായി ഒരിക്കൽക്കൂടി പരാജിതനായി ചേസിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. രണ്ട് വിക്കറ്റിന് 90ൽ നിൽക്കെയാണ് രാഹുലിന് കൂട്ടാളിയായി ഗില്ലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

