വൈറ്റ് വാഷ് മൂഡ്
text_fieldsഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ പരിശീലനത്തിനിടെ
ന്യൂഡൽഹി: ഇന്ത്യ-വെസ്റ്റിൻഡീസ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിന് വെള്ളിയാഴ്ച തുടക്കം. ആദ്യ മത്സരം ഇന്നിങ്സിന് ജയിച്ച ഇന്ത്യ ഫിറോസ് ഷാ കോട്ലയിലെ കളിയും അനായാസം പിടിച്ചടക്കി പരമ്പര തൂത്തുവാരാനുള്ള തയാറെടുപ്പിലാണ്. ബാറ്റർമാരും ബൗളർമാരും ഒരുപോലെ തിളങ്ങിയപ്പോൾ അഞ്ചു ദിവസത്തെ ടെസ്റ്റ് മൂന്നാംദിനം പൂർത്തിയാവും മുമ്പ് തന്നെ തീർത്തു ആതിഥേയർ. അഹ്മദാബാദിലെ പ്ലേയിങ് ഇലവനിൽ ഇടംപിടിക്കാത്തവർ ഡൽഹിയിൽ അവസരം പ്രതീക്ഷിച്ചിരിപ്പാണ്.
പ്രതിഭകൾ കൈയാളിയ മൂന്നാം നമ്പറിൽ ഇറങ്ങുന്ന സായി സുദർശൻ ഇനിയും വലിയ സ്കോറുകൾ കണ്ടെത്താത്തതാണ് ഇന്ത്യയുടെ ബാറ്റിങ് നിരയിലെ ഏക പോരായ്മ. നാല് ടെസ്റ്റിൽ ഏഴ് ഇന്നിങ്സിലും ബാറ്റ് ചെയ്ത സായി ആകെ നേടിയത് ഒരു അർധശതകമാണ്. ശരാശരി 21 മാത്രം. സെഞ്ച്വറികളുമായി കെ.എൽ. രാഹുലും ധ്രുവ് ജുറലും രവീന്ദ്ര ജദേജയും ഫോമിലുണ്ട്. സ്പിന്നർ ജദേജ ബൗളിങ്ങിലും മിന്നി. പേസുമായി മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും മറ്റു സ്പിന്നർമാരായ കുൽദീപ് യാദവും വാഷിങ്ടൺ സുന്ദറും വിശ്വാസം കാത്തു. സായി സുദർശനെയോ പേസ് ബൗളിങ് ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെയോ ബെഞ്ചിലിരുത്താൻ തീരുമാനിച്ചാൽ മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കലിനോ പിച്ചിന്റെ സ്വഭാവം കൂടി പരിഗണിച്ച് സ്പിൻ ഓൾ റൗണ്ടർ അക്ഷർ പട്ടേലിനോ ഇടം ലഭിക്കും.
അഹ്മദാബാദ് ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും 150 റൺസിന്റെ പരിസരത്ത് പുറത്തായ വിൻഡീസിനെ സംബന്ധിച്ച് ആശ്വാസ ജയമാണ് ലക്ഷ്യം. ഇതോടെ പരമ്പര സമനിലയിൽ പിടിക്കാനും കഴിയും. പ്രതാപകാലത്തിന്റെ നിഴൽ മാത്രമായ ടീം പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. നേരത്തേ കീഴടങ്ങാതിരിക്കാൻപോലും കരീബിയൻ സംഘത്തിന് വലിയ പരിശ്രമം വേണ്ടിവരും.
ടീം ഇവരിൽനിന്ന്
ഇന്ത്യ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറൽ, രവീന്ദ്ര ജദേജ, വാഷിങ്ടൺ സുന്ദർ,
ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, എൻ. ജഗദീശൻ, പ്രസിദ്ധ് കൃഷ്ണ. വെസ്റ്റിൻഡീസ്: റോസ്റ്റൺ ചേസ് (ക്യാപ്റ്റൻ), കെവ്ലോൺ ആൻഡേഴ്സൺ, ടാഗനറൈൻ ചന്ദർപോൾ, അലിക്ക് അത്തനാസെ, ജോൺ കാംബെൽ, ബ്രാൻഡൻ കിങ്, ജസ്റ്റിൻ ഗ്രീവ്സ്, ഷായ് ഹോപ്, ടെവിൻ ഇംലാച്ച്, ജോമൽ വരിക്കൻ, ആൻഡേഴ്സൺ ഫിലിപ്, ഖാരി പിയറി, ജെയ്ഡൻ സീൽസ്, ജൊഹാൻ ലെയ്ൻ, ജെഡിയ ബ്ലേഡ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

