സെഞ്ചൂറിയനിൽ സെഞ്ച്വറിയുമായി രാഹുൽ; ഇന്ത്യ 245ന് പുറത്ത്
text_fieldsസെഞ്ചൂറിയൻ (ദക്ഷിണാഫ്രിക്ക): സെഞ്ചൂറിയനിലെ പുൽത്തകിടിയിൽ സെഞ്ച്വറി നേട്ടക്കാരനായി കെ.എൽ. രാഹുൽ. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സൂപ്പർ സ്പോർട് പാർക്കിൽ 137 പന്തുനേരിട്ട് 14 ഫോറും നാലു സിക്സുമടക്കം 101 റൺസ് നേടിയ രാഹുലിന്റെ മികവിൽ ഇന്ത്യ ഒന്നാമിന്നിങ്സിൽ 245 റൺസെടുത്തു. കേവലം 59 റൺസ് വഴങ്ങി അഞ്ചുവിക്കറ്റെടുത്ത കാഗിസോ റബാദയാണ് ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് പാഡുകെട്ടിയിറങ്ങിയ ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസെന്ന നിലയിലാണ്. അഞ്ചു റൺസെടുത്ത ഐഡൻ മർക്രാമിനെ മുഹമ്മദ് സിറാജ് പുറത്താക്കുകയായിരുന്നു.
എട്ടുവിക്കറ്റിന് 208 റൺസെന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യൻ ഇന്നിങ്സ് പുനരാരംഭിച്ചത്. മഴകാരണം അൽപം വൈകി തുടങ്ങിയ കളിയിൽ സിറാജ് (അഞ്ച്) എളുപ്പം മടങ്ങി. പേസ് ബൗളർമാർ തീതുപ്പിയ ട്രാക്കിൽ മനസ്സാന്നിധ്യത്തോടെ ഒരറ്റത്ത് ഉറച്ചുനിന്ന രാഹുൽ ഒടുവിൽ ജെറാൾഡ് കോർട്സീയെ സിക്സറിന് പറത്തി അർഹിച്ച സെഞ്ച്വറിയിലെത്തി. പിന്നാലെ നാൻഡ്രെ ബർഗറുടെ ബൗളിങ്ങിൽ ക്ലീൻബൗൾഡായി രാഹുൽ മടങ്ങിയതോടെ ഇന്നിങ്സിന് വിരാമമായി.
വിരാട് കോഹ്‍ലി (38), ശ്രേയസ് അയ്യർ (31), ശാർദുൽ താക്കൂർ (24), യശസ്വി ജയ്സ്‍വാൾ (17) എന്നിവർ മാത്രമാണ് രാഹുലിന് പുറമെ രണ്ടക്കത്തിലെത്തിയ മറ്റു ബാറ്റ്സ്മാന്മാർ. ഒരു ഘട്ടത്തിൽ ആറിന് 121 റൺസെന്ന നിലയിൽ പരുങ്ങിയ ഇന്നിങ്സിനെ രാഹുലിന്റെ ഒറ്റയാൾ പോരാട്ടമാണ് 200 കടത്തിയത്. 50 റൺസിന് മൂന്നു വിക്കറ്റ് പിഴുത് റബാദക്ക് ബർഗർ മികച്ച പിന്തുണ നൽകി. മാർകോ ജാൻസണും കോട്സീയും ഓരോ വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

